രാഹുല്‍ ദ്രാവിഡിന് ഭാരതരത്‌ന നല്‍കണം! കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഗാവസ്‌കര്‍

രാഹുല്‍ ദ്രാവിഡിന് ഭാരതരത്‌ന നല്‍കണം! കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഗാവസ്‌കര്‍

ട്വന്റി 20 ലോകകപ്പ് നേട്ടത്തിലേക്ക് ടീം ഇന്ത്യയെ നയിച്ച കോച്ചും മുന്‍ താരവുമായ രാഹുല്‍ ദ്രാവിഡിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കണമെന്ന് സുനില്‍ ഗാവസ്‌കര്‍. ഈ പുരസ്‌കാരത്തിന് ദ്രാവിഡ് എന്തുകൊണ്ടും അര്‍ഹനാണ്. മഹാനായ പ്ലെയറും ക്യാപ്റ്റനുമായിരുന്ന ദ്രാവിഡിനു കീഴില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസില്‍ വിജയങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അക്കാലത്ത് വെസ്റ്റിന്‍ഡീസില്‍ വിജയിക്കുകയെന്നത് കഠിനമായിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിച്ച മൂന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ദ്രാവിഡാണ്. കഴിഞ്ഞ വര്‍ഷം ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായവര്‍ സ്വന്തം പാര്‍ട്ടിക്കും അവരുടെ നാടിനും മാത്രം സേവനം ചെയ്തവരെന്ന നിലയില്‍ അറിയപ്പെട്ടിരുന്നവരാണ്. പക്ഷേ, ദ്രാവിഡിന്റെ നേട്ടങ്ങള്‍ രാഷ്ട്രീയ, സാമുദായിക വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20 ലോകകപ്പോടെ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ബാര്‍ബഡോസില്‍ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ മിന്നുന്ന നേട്ടം സ്വന്തമാക്കിയ ടീം ഇന്ത്യ തങ്ങളുടെ പ്രിയ കോച്ചിന് അര്‍ഹിക്കുന്ന യാത്രയയപ്പാണ് നല്‍കിയത്. ദ്രാവിഡിന്റെ കാലയളവില്‍ ഇന്ത്യന്‍ ടീം നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിരുന്നു. 2023ലെ ഏകദിന ലോകകപ്പിലും അതേ വര്‍ഷം തന്നെ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ടീം ഇന്ത്യ ഫൈനല്‍ വരെയെത്തുകയും ഏഷ്യാകപ്പില്‍ ജേതാക്കളാവുകയും ചെയ്തു.

സീനിയര്‍ ടീമിന്റെ കോച്ചായി നിയമിതനാകുന്നതിനു മുന്‍പ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കാര്യമായ സംഭാവനകള്‍ ദ്രാവിഡ് നല്‍കിയിരുന്നു. 2018ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനും ദ്രാവിഡായിരുന്നു. താരമെന്ന നിലയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 24,177 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടീമിന്റെ വിശ്വസ്തനായ ബാറ്ററായിരുന്ന ദ്രാവിഡ് വന്‍മതില്‍ എന്ന പേരിലായിരുന്നു ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനും ദ്രാവിഡ് നിയോഗിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in