ടീം ഇന്ത്യയുടെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു

ടീം ഇന്ത്യയുടെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായിരുന്ന ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ പുതിയ പരിശീലകനാകും. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ പരിശീലകനെ നിയമിച്ചത്. ട്വന്റി 20 ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന് കോച്ചായി ചുമതലയുണ്ടായിരുന്നത്. 2023 ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാറെങ്കിലും ബിസിസിഐയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ട്വന്റി 20 ലോകകപ്പ് വരെ തുടരുകയായിരുന്നു. ഗംഭീറിനെ കോച്ചായി നിയമിച്ച വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിക്കുകയായിരുന്നു. ശ്രീലങ്കന്‍ പര്യടനം മുതലായിരിക്കും ഗംഭീര്‍ ടീമിനെ പരിശീലിപ്പിക്കുക. കോച്ച് സ്ഥാനത്തേക്ക് ഗംഭീറിനു പുറമേ മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു.വി.രാമനുമായും ബിസിസിഐ അഭിമുഖം നടത്തിയിരുന്നു.

2027ല്‍ നടക്കുന്ന ലോകകപ്പ് വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം. ഗംഭീര്‍ തന്നെയായിരിക്കും മൂന്നു ഫോര്‍മാറ്റിലും ടീമിനെ പരിശീലിപ്പിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ച് സ്ഥാനത്തു നിന്നാണ് ടീം ഇന്ത്യയുടെ കോച്ചായി ഗംഭീര്‍ എത്തുന്നത്. കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത സീസണില്‍ തന്നെ അവരെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കാന്‍ ഗംഭീറിന് കഴിഞ്ഞു. അതിനു മുന്‍പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായിരുന്നു. രണ്ടു വര്‍ഷത്തോളം ടീമിനെ പ്ലേ ഓഫ് വരെയെത്തിച്ചിരുന്നു. 2003ലാണ് ഗംഭീറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 2011ലെ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2016ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകളില്‍ കളിച്ചു. ഇന്ത്യക്കു വേണ്ടി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in