കോലിക്ക് വിരമിക്കല്‍ പ്ലാനുണ്ടായിരുന്നില്ലെന്ന് ശരണ്‍ദീപ് സിങ്, ലോകകപ്പ് കളിക്കില്ലെന്ന് ഗാവസ്‌കര്‍; റിട്ടയര്‍മെന്റില്‍ സംഭവിച്ചതെന്ത്?

കോലിക്ക് വിരമിക്കല്‍ പ്ലാനുണ്ടായിരുന്നില്ലെന്ന് ശരണ്‍ദീപ് സിങ്, ലോകകപ്പ് കളിക്കില്ലെന്ന് ഗാവസ്‌കര്‍; റിട്ടയര്‍മെന്റില്‍ സംഭവിച്ചതെന്ത്?
Published on

വിരാട് കോലിക്ക് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡല്‍ഹി രഞ്ജി ടീം കോച്ചും മുന്‍ സെലക്ടറുമായ ശരണ്‍ദീപ് സിങ്. കഴിഞ്ഞ ദിവസമാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അപ്രതീക്ഷിതമായി കോലി പ്രഖ്യാപിച്ചത്. 36 വയസില്‍, ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 770 റണ്‍സ് മാത്രം അകലെ നില്‍ക്കെ കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അതേസമയം ജൂണ്‍ 20 മുതല്‍ ആരംഭിക്കാനിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി കോലി തയ്യാറെടുക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ശരണ്‍ദീപ് സിങ് നടത്തിയത്. ഈ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലേക്കുള്ള സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുന്‍പ് കോലി എന്തുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

കോലി കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹി രഞ്ജി ടീമില്‍ കളിച്ചിരുന്നു. ഫോമില്‍ അല്ലാതിരുന്ന സമയത്താണ് റെയില്‍വേക്കെതിരായ മത്സരത്തില്‍ കോലി കളിക്കാനെത്തിയത്. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായി ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ നടക്കുന്ന മാച്ചുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് കോലി ആ സമയത്ത് സംസാരിച്ചിരുന്നുവെന്ന് ശരണ്‍ദീപ് പറഞ്ഞു. എല്ലാവരും ഞെട്ടിയിരിക്കുകയാണ്, റിട്ടയര്‍ ചെയ്യാനുള്ള തീരുമാനത്തിന് കാരണമെന്തെന്ന് കോലിക്ക് മാത്രമേ അറിയൂ. ഐപിഎലില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. വിരമിക്കലിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ശരണ്‍ദീപ് പറഞ്ഞു. ഇംഗ്ലണ്ടില്‍ തനിക്ക് മൂന്നോ നാലോ സെഞ്ചുറികള്‍ സ്‌കോര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് വിരാട് പറഞ്ഞു. ടീമിലെ സീനിയര്‍ ബാറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് വിരാട് പറഞ്ഞതെന്നും ശരണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ കോലിയും രോഹിത് ശര്‍മയും 2027 ലോകകപ്പ് കളിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്ന പരാമര്‍ശവുമായി സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയതും ചര്‍ച്ചയായി. ഏകദിന ഫോര്‍മാറ്റില്‍ മികച്ച കളിക്കാരാണ് ഇരുവരും. എന്നാല്‍ ടീമിനെ സെലക്ട് ചെയ്യുമ്പോള്‍ ആ സമയത്തെ പ്രകടനമായിരിക്കും വിലയിരുത്തുക. സെലക്ടര്‍മാര്‍ക്ക് ബോധ്യമാകുന്ന വിധത്തിലുള്ള പ്രകടനം ഇരുവരുടെയും ഭാഗത്തു നിന്നുണ്ടാകുകയാണെങ്കില്‍ അവര്‍ ടീമിലുണ്ടാകുമെന്നും വ്യക്തിപരമായി അവര്‍ രണ്ടു പേരും അടുത്ത ലോകകപ്പ് കളിക്കില്ലെന്നാണ് തന്റെ അഭിപ്രായമെന്നു ഗാവസ്‌കര്‍ വ്യക്തമാക്കി.

രോഹിത്ത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് വിരാട് കോലിയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഇവര്‍ രണ്ട് പേരും നേരത്തേ വിരമിച്ചിരുന്നു. സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് കോലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ് ശരണ്‍ദീപിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in