കോപ്പ അമേരിക്ക മാച്ച് കാണാന്‍ ശവസംസ്‌കാരച്ചടങ്ങ് നിര്‍ത്തി വെച്ച് ബന്ധുക്കള്‍; ചിലിയില്‍ ആരാധകര്‍ ഇങ്ങനെയൊക്കെയാണ്

കോപ്പ അമേരിക്ക മാച്ച് കാണാന്‍ ശവസംസ്‌കാരച്ചടങ്ങ് നിര്‍ത്തി വെച്ച് ബന്ധുക്കള്‍; ചിലിയില്‍ ആരാധകര്‍ ഇങ്ങനെയൊക്കെയാണ്
Published on

ലാറ്റിന്‍ അമേരിക്കയുടെ ഫുട്‌ബോള്‍ ഭ്രാന്തിനെക്കുറിച്ച് ആര്‍ക്കാണ് അറിയാത്തത്. ലോകകപ്പും കോപ്പ അമേരിക്കയും പോലെയുള്ള ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ അവര്‍ എല്ലാം മറന്ന് ടിവിയുടെ മുന്നില്‍ ഫുട്‌ബോള്‍ കാണാനിരിക്കും. ആരു മരിച്ചാലും ഫുട്‌ബോള്‍ കഴിഞ്ഞേ അവര്‍ക്ക് മറ്റെന്തുമുള്ളുവെന്ന് തെളിയിക്കുകയാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോ. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ നടന്ന കോപ്പ അമേരിക്ക മാച്ച് കാണുന്ന ബന്ധുക്കളെയാണ് വീഡിയോയില്‍ കാണാനാവുക. മൃതദേഹം അടങ്ങിയ ശവപ്പെട്ടിയുടെ മുന്നിലും പിന്നിലും വശങ്ങളിലുമിരുന്ന് സ്‌ക്രീനില്‍ പ്രൊജക്ട് ചെയ്ത ഫുട്‌ബോള്‍ മാച്ച് കാണുകയാണ് ഇവര്‍. ശവപ്പെട്ടി ഫുട്‌ബോള്‍ ജഴ്‌സികളും ട്രോഫികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.

ചിലിയും പെറുവുമായുള്ള മാച്ചാണ് ഇവര്‍ കാണുന്നത്. മരിച്ച അങ്കിള്‍ ഫേനയെ എന്നും ഓര്‍മിക്കുമെന്ന് കുറിച്ചിരിക്കുന്ന വലിയൊരു പോസ്റ്ററും മുറിയില്‍ കാണാം. ടോം വാലന്റീനോ എന്ന എക്‌സ് ഹാന്‍ഡിലിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. മരണാനന്തര കര്‍മങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു പെറുവും ചിലിയുമായുള്ള കോപ്പ അമേരിക്ക മത്സരം നടന്നത്. പ്രാര്‍ത്ഥന നടന്ന മുറിയിലെ സ്‌ക്രീനില്‍ മത്സരം കാണുന്നതിനായി ശവസംസ്‌കാര ശുശ്രൂഷ അവര്‍ നിര്‍ത്തിവെച്ചുവെന്നാണ് വീഡിയോയ്‌ക്കൊപ്പം ടോം വാലന്റീനോ കുറിച്ചത്. ഇഷ്ട ടീമിന്റെ ഭാഗ്യത്തിനായാണ് ശവപ്പെട്ടി അവര്‍ ജഴ്‌സി കൊണ്ട് അലങ്കരിച്ചതെന്നും വലന്റീനോ കുറിച്ചു. നിരവധി പേര്‍ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. മരിച്ചയാള്‍ക്കൊപ്പം അദ്ദേഹത്തിന്റെ അവസാന മാച്ച് കാണുകയായിരിക്കും ബന്ധുക്കള്‍ എന്ന് ഒരാള്‍ കുറിച്ചു. ശവപ്പെട്ടിയിലെ ട്രോഫികളും ജഴ്‌സികളും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ കമന്റ്. കൂടുതലും ഇത്തരത്തിലുള്ള പൊസിറ്റീവ് കമന്റുകളാണ് ഇതിന് ലഭിച്ചതും.

Related Stories

No stories found.
logo
The Cue
www.thecue.in