ഓസ്‌ട്രേലിയയിൽ അന്ന് പുജാര പൂത്തുലഞ്ഞു, ഇന്ത്യയും

ഓസ്‌ട്രേലിയയിൽ അന്ന് പുജാര പൂത്തുലഞ്ഞു, ഇന്ത്യയും

ദ്രാവിഡും സച്ചിനും ലക്ഷ്മണുമൊക്കെ കളമൊഴിഞ്ഞ കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിട്ട പ്രധാന വെല്ലുവിളി ടെസ്റ്റിൽ ഒരു സ്പെഷ്യലിസ്റ്റ് ഇല്ല എന്നതായിരുന്നു. ഏത് മികച്ച ബോളിങ് അറ്റാക്കിനെയും ക്ഷമയുടെ നെല്ലിപ്പടി കടത്തി തളർത്തിയിടുന്ന മിടുക്കിന്റെ അഭാവം ഇന്ത്യയെ ഏതാണ്ടൊക്കെ ദുർബലമാക്കിയിരുന്നു. 2018 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പക്ഷെ, അതിനൊരു തിരുത്ത് വന്നു. പേരുകേട്ട ഓസീസ് ബൗളിംഗിനെതിരെ ഒരാൾ പ്രതിരോധത്തിന്റെ കവചമണിഞ്ഞ് നിൽക്കുന്നു. ദ്രാവിഡിനെ പോലെ, ലക്ഷ്മണിനെ പോലെ അയാൾ ഒരാൽമരം കണക്ക് ക്രീസിൽ വേരാഴ്ത്തി നിന്ന് ഡിഫൻഡ് ചെയ്തും മോശം പന്തുകളെ അതിർത്തി കടത്തിയും അത്ഭുതപ്പെടുത്തുന്നു. കമന്റേറ്റർ പറയുന്നു, ദിസ് മാൻ ജസ്റ്റ് ബാറ്റ്‌സ് ആൻഡ് ബാറ്റ്‌സ് ആൻഡ് ബാറ്റ്‌സ് എന്ന്. ഇന്ത്യക്കാരുടെ പട്ടുപോയ കിനാവുകളെ വർണാഭമാക്കിയ ആ ഗുജറാത്തുകാരന്റെ പേര് ചേതേശ്വർ പുജാര എന്നായിരുന്നു.

ക്രിക്കറ്റിനെ ഒരു മതം പോലെ നെഞ്ചിലേറ്റിയ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരുപോലെ കണ്ടൊരു സ്വപ്നമുണ്ട്. ക്രിക്കറ്റിന്റെ ചെകുത്താന്മാരായ ഓസ്‌ട്രേലിയയുടെ മണ്ണിൽ ഒരു പരമ്പര വിജയം. 1948 ലെ ആദ്യ പര്യടനം തൊട്ട് പൂർത്തീകരിക്കാനാകാതെ കിടന്ന, ഏഴ് പതിറ്റാണ്ടുകളോളം നീണ്ട പൊടിപിടിച്ചൊരു സ്വപ്നമാണത്. 2018 ന്റെ ഒടുക്കം ഓസ്‌ട്രേലിയയിലേക്ക് മറ്റൊരു പര്യടനത്തിന് ഇന്ത്യ പുറപ്പെട്ട് പോകുമ്പോഴും ആ സ്വപ്നം നരപിടിച്ച് ഇന്ത്യൻ മനസ്സുകളിൽ കിടക്കുന്നുണ്ടായിരുന്നു.

വിരാട്ട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലേക്ക് ചെന്ന ഇന്ത്യക്ക് അന്ന് നാല് ടെസ്റ്റുകളാണ് കളിക്കാനുണ്ടായിരുന്നത്. സച്ചിനില്ലാത്ത, വന്മതിൽ ദ്രാവിഡില്ലാത്ത, വെരി വെരി സ്‌പെഷ്യൽ ലക്ഷ്മണില്ലാത്ത ഇന്ത്യൻ ടെസ്റ്റ് ടീം. ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഓരോ ആരാധകനും തോന്നിയിരുന്നു. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ, പക്ഷെ, പേരും പെരുമയുമില്ലാത്ത ഇന്ത്യൻ ടീം ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചു. മുപ്പത്തിയൊന്ന് റണ്ണുകളുടെ വിജയം. ആ പരമ്പര തന്നെ ആളുകൾ കണ്ടുതുടങ്ങിയത് ആ ജയം തന്ന ആവേശത്തിലായിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ 71 റൺസും നേടി ചേതേശ്വർ പുജാര എന്ന മുപ്പതുകാരൻ അന്നാ വിജയത്തിന്റെ ശില്പിയായി.

ഓസ്‌ട്രേലിയൻ മണ്ണിലെ ആ ടെസ്റ്റ് ജയം ഇന്ത്യൻ ആരാധകർ ആഘോഷിച്ചു തീരും മുമ്പ്, എഴുപതിറ്റാണ്ടിന്റെ നീളമുള്ള സ്വപനങ്ങളെ പൊടി തട്ടി എടുക്കും മുമ്പ് തൊട്ടടുത്ത ടെസ്റ്റിൽ ഇന്ത്യ ഭീകരമായി പരാജയപ്പെട്ടു. 146 റണ്ണുകൾക്ക് ആയിരുന്നു ആ പരാജയം. അതോടെ പരമ്പര ഒന്നേ ഒന്ന് എന്ന നിലയിലുമായി. മെൽബണിലായിരുന്നു മൂന്നാം ടെസ്റ്റ്. ഓസ്‌ട്രേലിയയിലെ പരമ്പര ജയമെന്ന സ്വപ്നത്തിന് ഇന്ത്യക്ക് ജയമോ സമനിലയോ അനിവാര്യമായ മൂന്നാം ടെസ്റ്റ്. ആ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ വീണ്ടും പുജാരയുടെ ക്ലാസ്സിക്ക് ബാറ്റിങ്. വീണ്ടുമൊരു സെഞ്ച്വറി പ്രകടനം. 319 പന്തുകൾ പ്രതിരോധിച്ച് 106 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി പൂജാര മാറിയപ്പോൾ 443 റൺസിന്റെ കംഫർട്ടബിൾ സ്‌കോർ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പടുത്തുയർത്തി. ജസ്പ്രീത് ഭുമ്രയുടെ അതി ഗംഭീര ബൗളിംഗ് പ്രകടനം ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിനെ കേവലം 151 റൺസുകളിൽ ഒതുക്കുക കൂടി ചെയ്തപ്പോൾ ആ ടെസ്റ്റ് ഇന്ത്യയുടെ വഴിയേ വന്നു. കളി തീരുമ്പോൾ ഇന്ത്യക്ക് 137 റണ്ണുകളുടെ അതിഗംഭീരം വിജയം.

അങ്ങനെ റിസൾട്ട് ഉണ്ടാക്കിയ ആദ്യ മൂന്ന് ടെസ്റ്റുകൾ തീരുമ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയുടെ മണ്ണിൽ രണ്ടേ ഒന്നിന് മുന്നിട്ട് നിൽക്കുന്നു. അവസാന ടെസ്റ്റ് സമനിലയിൽ പിടിച്ചിട്ടാൽ പോലും ഇന്ത്യക്ക് എഴുപത്തൊന്നാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിടാം. ഓസ്‌ട്രേലിയൻ മണ്ണിലെ പരമ്പര നേട്ടമെന്ന കടിഞ്ഞൂൽ കുഞ്ഞിനെ പെറ്റിടുന്നതിന്റെ സ്വപ്‌നങ്ങൾ കണ്ടാണ് പിന്നീടുള്ള മൂന്നു ദിനങ്ങൾ കടന്നുപോയത്. ആ സ്വപ്നങ്ങളിലൊക്കെയും ചേതേശ്വർ പുജാരയുടെ മുഖം തെളിഞ്ഞു കിടന്നിരുന്നു. ആഗ്രഹങ്ങളൊക്കെയും അയാളിലേക്ക് ഇറക്കിവെക്കപ്പെട്ടിരുന്നു.

2019 ജനുവരി മൂന്നിന് സിഡ്‌നിയിലായിരുന്നു ആ അവസാന ടെസ്റ്റ്. കുറഞ്ഞ പക്ഷം സമനില എന്ന ചിന്തയിലായിരുന്നു ഇന്ത്യ. സ്വന്തം മണ്ണിൽ നിന്ന് നാളിതു വരെ ഇന്ത്യക്ക് ഒരു ടെസ്റ്റ് കിരീടവും കൊടുത്തുവിടാത്ത തങ്ങളുടെ പൂർവീക്കരോട് നീതി പുലർത്താൻ ജയത്തിൽ കുറഞ്ഞൊന്നും ഓസ്‌ട്രേലിയ ആഗ്രഹിച്ചിരുന്നില്ല. ടെസ്റ്റിന് തീപിടിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ലാതെ സിഡ്‌നി ആവേശപ്പോരിലേക്ക് മിഴിതുറന്നു.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി അന്ന് ബാറ്റിങ് തന്നെ തിരഞ്ഞെടുത്തു. വിക്കറ്റ് പരമാവധി കാത്തുസൂക്ഷിക്കുക എന്നത് മാത്രമായിരുന്നു ഇന്ത്യൻ അജണ്ട. എന്നാൽ ഇന്നിംഗിസിലെ രണ്ടാം ഓവറിൽ സ്കോർബോർഡിൽ പത്ത് റൺസ് മാത്രമുള്ളപ്പോൾ തന്നെ കെ.എൽ രാഹുൽ പുറത്ത്. പിന്നീട് പുജാര ക്രീസിലെത്തുന്നു. പുജാര വീണാൽ ഇന്ത്യ വീണു എന്ന തോന്നൽ ഒരുപോലെ ഇന്ത്യക്കാരിലും ഓസ്‌ട്രേലിയക്കാരിലുമുണ്ടായിരുന്നു. ആ സമ്മർദ്ദങ്ങളൊന്നും പക്ഷെ പുജാരയെ ബാധിച്ചില്ല. പ്രതിരോധത്തിലൂന്നി പുജാരയും മായങ്ക് അഗർവാളും ഇന്ത്യയെ പയ്യെ മുന്നോട്ട് നയിച്ചു. നൂറു റൺസിലേറെ നീണ്ട ആ പാർട്ട്ണർഷിപ്പ് സ്‌കോർ 126 ൽ എത്തുമ്പോൾ അഗർവാളിന്റെ പുറത്താകലോടെ അവസാനിച്ചു. തുടർന്ന് ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും അജിൻക്യ രഹാനെയും വരികയും പിടിച്ചുനിൽക്കാൻ ശ്രമം നടത്തി തിരികെ പോവുകയും ചെയ്തു. സ്കോറപ്പോൾ 228 ന് നാല്. പിന്നീട് വന്ന ഹനുമ വിഹാരിക്കൊപ്പം പുജാര പ്രതിരോധ യജ്‌ഞം പുനരാരംഭിച്ചു.

ഇതിനിടയിൽ ബൗണ്ടറി നേടി അർദ്ധ ശതകവും മറ്റൊരു ബൗണ്ടറി നേടി സെഞ്ച്വറിയും പുജാര സ്വന്തമാക്കി. ആ പരമ്പരയിലെ പുജാരയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു അത്. പുജാര ബാറ്റുയർത്തുമ്പോൾ നിറഞ്ഞ കരഘോഷങ്ങൾക്കൊപ്പം കമന്റേറ്റർ വിളിച്ച് പറഞ്ഞു. ദിസ് മാൻ ജസ്റ്റ് ബാറ്റ്‌സ് ആൻഡ് ബാറ്റ്‌സ്, ആൻഡ് ബാറ്റ്‌സ്. 193 പന്തുകൾ നേരിട്ട് 13 സ്റ്റൈലൻ ഫോറുകൾ പായിച്ചായിരുന്നു ആ നേട്ടം. ഓസ്‌ട്രേലിയൻ ബോളർമാരുടെ നിരാശയിൽ പൊതിഞ്ഞ മുഖങ്ങൾ ആ സെഞ്ച്വറിയുടെ മൂല്യം ഉയർത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 303 റൻസുകൾ സ്‌കോർ ബോർഡിൽ കുറിച്ചിട്ടു.

193 റൻസുകൾ നേടി രണ്ടാം ദിനത്തിൽ പുജാര വീഴുമ്പോൾ ഇന്ത്യയുടെ സ്‌കോർ 418 ൽ എത്തിയിരുന്നു. റിഷാബ് പന്തിന്റെ സെഞ്ച്വറിപ്രകടനം കൂടിയായപ്പോൾ ആദ്യ ഇന്നിംഗ്സ് ഇന്ത്യ 622 ന് ഡിക്ലയർ ചെയ്യുകയാണുണ്ടായത്. റണ്ണുകളുടെ ആ മഹാമലക്ക് സമനിലയെന്ന ഇന്ത്യൻ സ്വപ്നത്തെ ഏതാണ്ടൊക്കെ തോളിലേറ്റാൻ കെൽപ്പുണ്ടായിരുന്നു. പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ ആ മല കയറാൻ പാടുപെടുന്ന ഓസ്‌ട്രേലിയയെയാണ് സിഡ്‌നി കണ്ടത്. കളി ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ഓസ്‌ട്രേലിയയുടെ മോഹങ്ങളെ ആദ്യ ഇന്നിഗ്‌സിൽ പന്തുകൊണ്ട് പഞ്ഞിക്കിട്ടത് കുൽദീപ് യാദവായിരുന്നു. കുൽദീപിന്റെ എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റുകൾ ഓസ്‌ട്രേലിയയെ ആക്രമിക്കാൻ കെൽപ്പില്ലാത്ത വിധം മൃതപ്രാണരാക്കി. സ്വന്തം മണ്ണിൽ, സ്വന്തം കാണികളുടെ മുന്നിൽ ഫോളോ ഓൺ വഴങ്ങി ഇഴഞ്ഞ് നീങ്ങുന്ന ഓസ്‌ട്രേലിയയെ കണ്ട് അന്ന് ക്രിക്കറ്റ് ലോകം തന്നെ അമ്പരന്നു. മഴ കാരണം അഞ്ചാം ദിനം കളി നിർത്തിവെക്കുക കൂടി ചെയ്തതോടെ മത്സരം അതിന്റെ അനിവാര്യമായ സമനിലയിൽ കലാശിക്കുകയും ചെയ്തു.

അങ്ങനെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് രണ്ടേ ഒന്നിന്റെ വിജയം സ്വന്തം. എഴുപത്തൊന്ന് വർഷങ്ങളുടെ കാത്തിരിപ്പിന്, തലമുറകളുടെ നോക്കിയിരിപ്പിന് അതിമനോഹരമായ അന്ത്യം. ചരിത്രപ്പിറവിയിലേക്ക് ഇന്ത്യയെ ഓരോ കളിയിലും കൈപിടിച്ച് നടത്തിയ, ക്ഷമയോടെ ബാറ്റുവീശി കരയ്ക്കടുപ്പിച്ച ചേതേശ്വർ പുജാര പ്ലെയർ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരീസും കൈപ്പറ്റി നിറഞ്ഞ് നിന്നു. ആരാധകരുടെ നിറഞ്ഞ കയ്യടികൾക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾ നൃത്തം വെച്ചു.

പുജാര ഇല്ലായിരുന്നെങ്കിൽ ആ ടെസ്റ്റ് പരമ്പരയുടെ വിധി എന്താകുമെന്ന് അറിയില്ല. പുജാരയുടെ രൂപത്തിൽ അന്നാ മൈതാനത്ത് നിന്നത് ദ്രാവിഡും ലക്ഷ്മണുമൊക്കെയാണെന്ന് തോന്നിപ്പിക്കും മട്ടിൽ അപാരമായ ക്ഷമയോടെ, ക്ലാസ്സിക്ക് ഷോട്ടുകളിലൂടെ, സ്റ്റൈലൻ ഡിഫെൻഡിലൂടെ പുജാര ചരിത്രത്തെ സൃഷ്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ സമ്മോഹന മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്ന ചരിത്രകാരന്മാർക്ക് പുജാരയെ പരാമർശിക്കാതെ ഒരിക്കലും കടന്നു പോകാൻ കഴിയാത്ത വിധം ആ പരമ്പര പുജാരയെന്ന ബാറ്ററെ ലോകക്രിക്കറ്റിന്റെ ഹൃദയത്തിൽ കൊരുത്തുവെച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in