

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകരെ സാക്ഷിനിര്‍ത്തി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ചാംപ്യനായി. മൂന്ന് കാറ്റഗറിയായി നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ് (ഓസ്‌ട്രേലിയ) താരം മാറ്റ് മോസ് 450 സിസി ഇന്റര്‍നാഷണല്‍ ക്ലാസില്‍ വിജയിയായി. കാവസാക്കി കെഎക്‌സ് 450യിലായിരുന്നു മോസിന്റെ പ്രകടനം. അപ്പോളോ ഇന്‍ഡ് വീലേഴ്‌സ് (ഫ്രാന്‍സ്) താരം കാല്‍വിന്‍ ഫോണ്‍വില്‍ തന്റെ യമഹ വൈസി 250 ബൈക്കില്‍ 250 സിസി ഇന്റര്‍നാഷണല്‍ കാറ്റഗറിയില്‍ വിജയിയായി. 250 സിസി ഇന്ത്യ-ഏഷ്യ വിഭാഗത്തില്‍ തായ്‌ലന്‍ഡ് സ്വദേശിയായ ഡെല്‍വിനേറ്റര്‍ അര്‍ഫരീസി ഒന്നാമതെത്തി. കെടിഎം 250 എസ്എക്‌സ്-ഏഫ് മോഡലിലായിരുന്നു ഡെല്‍വിനേറ്റര്‍ ട്രാക്കില്‍ ഇറങ്ങിയത്. വിജയികള്‍ക്ക് ഐഎസ്ആര്‍എല്‍ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാന്‍ കിരീടം സമ്മാനിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ റേസിംഗ് ട്രാക്കില്‍ നടന്ന ഫിനാലെ ഇവന്റ് കാണുന്നതിനായി 32,000ലേറെ കാണികളാണ് എത്തിയത്. ഇന്ത്യയില്‍ നടക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇവന്റുകളില്‍ എത്തുന്ന കാണികളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോട്ടോര്‍സ്‌പോര്‍ട്‌സില്‍ കേരളത്തിന് നിര്‍ണ്ണായക സ്ഥാനം നല്‍കുന്ന ഒന്നായി ആരാധകരുടെ ഈ വലിയ പങ്കാളിത്തം മാറിയേക്കും. മത്സരത്തില്‍ ഉടനീളം ബ്രാന്‍ഡ് അംബാസഡറായ സല്‍മാന്‍ ഖാന്റെ സ്റ്റേഡിയത്തിലെ സാന്നിധ്യവും ശ്രദ്ധേയമായി.
ഗ്രാന്‍ഡ് ഫിനാലെ കോഴിക്കോട് നടക്കുന്നത് ഒരു പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആരാധകരുടെ പാഷനും മത്സരത്തിന്റെ വീറും വാശിയും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് എത്രമാത്രം വളര്‍ന്നുവെന്നതിന് തെളിവാണ്. ലോകോത്തര താരങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഏറ്റുമുട്ടാനുള്ള വേദിയൊരുക്കുക കൂടിയാണ് ഐഎസ്ആര്‍എല്‍
സല്‍മാന്‍ ഖാന്‍
ഇവന്റ് കാണുന്നതിനായി ആരാധകര്‍ ഒഴുകിയെത്തിയതോടെ കോഴിക്കോട് ഐഎസ്ആര്‍എല്‍ ഒരു ഹോം ഗ്രൗണ്ട് കണ്ടെത്തിയിരിക്കുകയാണെന്നായിരുന്നു ഐഎസ്ആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ വീര്‍ പട്ടേല്‍ പ്രതികരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ ട്രാക്ക് ഉന്നത ഗുണനിലവാരമുള്ളതാണെന്ന് മത്സരിക്കാനെത്തിയ ടീം അംഗങ്ങള്‍ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. സ്ഥല സൗകര്യമുള്ള ഗ്രൗണ്ടാണ് ലഭിച്ചതെന്നും ഇനിയും ഇവിടേക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹമെന്നും ടീം പ്രതിനിധികള്‍ പറഞ്ഞു.
സീസണ്‍ 2ല്‍ 21 രാജ്യങ്ങളില്‍ നിന്നായി 36 ഇന്റര്‍നാഷണല്‍ റൈഡര്‍മാരും ഇന്ത്യയിലെ ടോപ് റൈഡര്‍മാരായ ഋഗ്വേദ് ബാര്‍ഗുജേ, ഇക്ഷാന്‍ ഷാന്‍ബാഗ്, പ്രജ്വല്‍ വിശ്വനാഥ്, ശ്ലോക് ഘോര്‍പഡെ എന്നിവരും പങ്കെടുത്തു. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുഎസ്, ജര്‍മനി, തായ്‌ലന്‍ഡ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ റൈഡര്‍മാരാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ട്രാക്കില്‍ മാറ്റുരച്ചത്. സീസണ്‍ 2ലെ ആദ്യ ഘട്ടങ്ങള്‍ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് നടന്നത്.