ബ്ലാസ്റ്റേഴ്‌സിനും പരിശീലകനുമെതിരെ എ.ഐ.എഫ്.എഫ് അച്ചടക്ക നടപടി; പിഴയും വിലക്കും മാപ്പും

ബ്ലാസ്റ്റേഴ്‌സിനും പരിശീലകനുമെതിരെ എ.ഐ.എഫ്.എഫ് അച്ചടക്ക നടപടി; പിഴയും വിലക്കും മാപ്പും

ഐഎസ്എൽ പ്ലേ ഓഫിൽ മത്സരം ബഹിഷ്കരിച്ച് കളം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ എ.ഐ.എഫ്.എഫിന്റെ അച്ചടക്കനടപടി. വൈഭവ് ഗഗ്ഗറിന്റെ അധ്യക്ഷതയിലുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ പിഴ ചുമത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുമാറ്റത്തിന് പരസ്യമായി ഖേദം പ്രകടിപ്പിക്കാനും കമ്മറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ പിഴത്തുക ആറ് കോടിയായി വർദ്ധിക്കും.

കളിക്കാരെ തിരിച്ചു വിളിച്ച പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന് എ.ഐ.എഫ്.എഫ് നടത്തുന്ന ഐഎസ്എൽ ഉൾപ്പെടെ ഏത് ടൂർണ്ണമെന്റിലെയും പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മോശം പെരുമാറ്റത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ വുക്കോമനോവിച്ചിന്റെ പിഴ 10 ലക്ഷമായും വർദ്ധിക്കും. വിലക്ക് തുടരുന്ന കാലത്തോളം ടീമിന്റെ ഡ്രസിങ് റൂമിലോ ടീം ബെഞ്ചിലോ പരിശീലകന് പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്സിനോടും വുക്കോമനോവിച്ചിനോടും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരവിനെതിരെ അപ്പീലിന് പോകാൻ ടീമിനും പരിശീലകനും സാധിക്കും.

കഴിഞ്ഞ മാർച്ച് 3-ന് ബെംഗളൂരു എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് മത്സരത്തിൽ വിവാദ ഫ്രീകിക്ക് ഗോളിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളി മതിയാക്കി പിൻവാങ്ങിയിരുന്നു. വിവാദ ഫ്രീകിക്കിൽ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ വിസ്താരവേളയിൽ ക്ലബ്ബ് പ്രതിഷേധം അറിയിച്ചെന്നും എഐഎഫ്‌എഫ് വ്യക്തമാക്കി.

ലോക കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്‌ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ബഹിഷ്കരിക്കുന്നത് എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ, പ്രൊഫഷണൽ ഫുട്ബോൾ റെക്കോർഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം ഒരു മത്സരം ഉപേക്ഷിക്കുന്നത്. 2012 ഡിസംബർ ഒമ്പതിന് പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ അരങ്ങേറിയ മത്സരത്തിലാണ് സമാന സംഭവമുണ്ടായത്.

കൊൽക്കത്തയിൽ വെച്ച് നടന്ന ആ മത്സരത്തിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെതിരേ ഒരു ഗോളിന് പിന്നിട്ട് നിൽക്കുമ്പോൾ സ്റ്റാൻഡിൽ നിന്ന് എറിഞ്ഞ ഒരു കല്ല് മോഹൻ ബഗാന്റെ മിഡ്ഫീൽഡർ സയ്യിദ് റഹീം നബിയുടെ മുഖത്ത് പതിച്ച് താടിയെല്ല് തകർന്നിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മോഹൻ ബഗാൻ താരങ്ങൾ മത്സരം ഉപേക്ഷിച്ചു. മതിയായ കാരണങ്ങളുണ്ടായിട്ടും മോഹൻബഗാനെതിരെ അന്ന് നടപടിയെടുക്കുകയും രണ്ട് കോടി രൂപ പിഴ ചുമത്തുകയും ലീഗിൽ അതുവരെ നേടിയ പോയിന്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നെന്നും എ.ഐ.എഫ്.എഫ് നിരീക്ഷിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in