മഴ കളിച്ചാല്‍ അഫ്ഗാന്‍ സെമി കളിക്കില്ല; ടി 20യില്‍ അഫ്ഗാനിസ്ഥാന് ഇങ്ങനെയൊരു കുരുക്കുണ്ട്

മഴ കളിച്ചാല്‍ അഫ്ഗാന്‍ സെമി കളിക്കില്ല; ടി 20യില്‍ അഫ്ഗാനിസ്ഥാന് ഇങ്ങനെയൊരു കുരുക്കുണ്ട്

സൂപ്പര്‍ 8 മാച്ചില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് സെമി ബെര്‍ത്ത് ഉറപ്പിച്ച അഫ്ഗാനിസ്ഥാന് പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ സെമി കളിക്കാതെ പുറത്തു പോകേണ്ടി വരും. സൂപ്പര്‍ എട്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് അഫ്ഗാന്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമി യോഗ്യത നേടിയത്. സെമിയില്‍ സൗത്ത് ആഫ്രിക്കയായിരിക്കും എതിരാളി. വ്യാഴാഴ്ച നടക്കുന്ന ഈ മാച്ച് കാണുന്നതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പക്ഷേ, മാച്ച് നടക്കുന്നതിനിടയില്‍ മഴ കളിച്ചാല്‍ അഫ്ഗാന് അത് ദൗര്‍ഭാഗ്യമായി മാറും. സെമി നടക്കുന്ന പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

മാച്ച് തുടങ്ങാനിരിക്കുന്ന സമയത്ത് ഒരു ശതമാനമാണ് മഴ സാധ്യതയെങ്കില്‍ ഉടന്‍ തന്നെ അത് 44 ശതമാനത്തിലേക്ക് ഉയരും. അതായത്, സെമി മഴയില്‍ മുങ്ങും. സെമി ഫൈനലായതിനാല്‍ ഒരു റിസര്‍വ് ദിവസം കൂടി ഐസിസി അനുവദിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയാണ് റിസര്‍വ്. വെള്ളിയാഴ്ചയും മത്സരം നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സൂപ്പര്‍ 8ലെ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സൗത്ത് ആഫ്രിക്ക ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഈ സാഹചര്യമുണ്ടാകാനുള്ള സാധ്യതകള്‍ കുറവല്ലെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന.

അപ്രതീക്ഷിതമായാണ് അഫ്ഗാന്‍ ടി20 ലോകകപ്പിലെ സെമി വരെ കുതിച്ചെത്തിയത്. ലീഗില്‍ വെസ്റ്റിന്‍ഡീസിനു പിന്നില്‍ രണ്ടാമതായും സൂപ്പര്‍ 8ല്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാമതായും എത്തിയ അഫ്ഗാന്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വമ്പന്‍മാരെ കടപുഴക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in