പി.എസ്.സി പരിഷ്‌കരണങ്ങള്‍ക്കൊപ്പം പരീക്ഷാ ഹാളില്‍ ഒരു ക്ലോക്കെങ്കിലും വെക്കണം; ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു

പി.എസ്.സി പരിഷ്‌കരണങ്ങള്‍ക്കൊപ്പം പരീക്ഷാ ഹാളില്‍ ഒരു ക്ലോക്കെങ്കിലും വെക്കണം; ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു

2020 ആഗസ്തിലാണ് പി.എസ്.സി പരീക്ഷാ രീതിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പി.എസ്.സി രൂപീകരിച്ചത് മുതല്‍ ഒറ്റ പരീക്ഷയിലൂടെ ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് പരിഷ്‌കരിച്ചുകൊണ്ടാണ് സെന്‍ട്രല്‍ സര്‍വ്വീസുകളില്‍ ഉള്ളതുപോലെ പരീക്ഷകള്‍ രണ്ട് ഘട്ടമായി നടപ്പിലാക്കാന്‍ തീരുമാനമായത്.

നിലവില്‍ സ്‌ക്രീനിങ്ങ് ടെസ്റ്റിന് ശേഷമാണ് (പ്രിലിമിനറി പരീക്ഷ) പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ രണ്ടാം ഘട്ട പരീക്ഷ എഴുതിപ്പിക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയെ ബാധിക്കുന്നില്ല. നിലവില്‍ പത്ത്, പ്ലസ്ടു ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷകള്‍ പൂര്‍ത്തിയായി. ഇതില്‍ പത്ത്, പ്ലസ്ടു ലെവല്‍ പ്രിലിമിനറി പരീക്ഷ വിജയിച്ചവര്‍ രണ്ടാം ഘട്ട പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകളിലാണ്.

അതേസമയം ശനിയാഴ്ചത്തെ ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായ ശേഷം പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിനെതിരെ വലിയ വിമര്‍ശനമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഒന്നേകാല്‍ മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ചോദ്യങ്ങള്‍ വായിച്ചു നോക്കാന്‍ പോലും സമയം ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനം.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല

പരീക്ഷാ ഹാളിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെയാണ് പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പ് രീതികളെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. സമയബന്ധിതമായ എക്‌സാമാണ് പി.എസ്.സി, അവിടെ ഉദ്യോഗാര്‍ത്ഥികളുടെ വേഗത കൂടി പരിശോധിക്കപ്പെടുന്നുണ്ട്. നൂറ് ചോദ്യങ്ങള്‍ 15 മിനുറ്റ് കൂള്‍ ഓഫ് ടൈം ഉള്‍പ്പടെ കൂട്ടി ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ എഴുതി തീര്‍ക്കണം. എന്നാല്‍ എക്‌സാം ഹാളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം നോക്കാന്‍ ക്ലോക്ക് പോലും പി.എസ്.സി അനുവദിക്കുന്നില്ല. പരീക്ഷാ ഹാളുകളില്‍ ക്ലോക്കുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവും പി.എസ്.സി വെക്കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

ഭാഗ്യമുള്ളവര്‍ക്ക് ക്ലോക്കുണ്ട്, അല്ലാത്തവര്‍ക്ക് സമയം മനക്കണക്ക്

പി.എസ്.സി ക്ലോക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എക്‌സാം സെന്ററില്‍ ഒരുക്കുന്നില്ല. നിലവില്‍ ഭാഗ്യമുള്ളവര്‍ക്ക് അവര്‍ ഇരിക്കുന്ന എക്‌സാം ഹാളില്‍ നേരത്തെ ക്ലോക്ക് ഉണ്ടെങ്കില്‍ മാത്രം സമയം ക്രമീകരിച്ച് പരീക്ഷ എഴുതാന്‍ സാധിക്കും.

''കഴിഞ്ഞ ദിവസം ഡിഗ്രി പ്രിലിമിനറി എക്‌സാം എഴുതാന്‍ പോയപ്പോള്‍ എന്റെ എക്‌സാം ഹാളില്‍ ക്ലോക്കുണ്ടായിരുന്നു. അത് സ്‌കൂളുകാര്‍ തന്നെ നേരത്തെ വച്ചതാണ്. പരീക്ഷയ്ക്ക് വേണ്ടിയായിരുന്നില്ല. ഇതിന് മുന്‍പ് ഞാന്‍ പ്ലസ്ടു, പത്താം ക്ലാസ് ലെവല്‍ പരീക്ഷ എഴുതാന്‍ പോയ സെന്ററുകളില്‍ ക്ലോക്ക് സൗകര്യം ഉണ്ടായിരുന്നില്ല. ശനിയാഴ്ചത്തെ പരീക്ഷയില്‍ എന്റെ ഹാളിലിരിക്കുന്നവര്‍ക്ക് ക്ലോക്ക് സൗകര്യം ലഭിച്ചെങ്കിലും തൊട്ടടുത്ത ഹാളിലോ സെന്ററിലോ ഇരിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭിച്ചിട്ടുണ്ടാകില്ല. ഇത്തരം രീതികളിലൂടെ ഒരേ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ക്ക് അധിക പ്രിവിലേജ് ലഭിക്കുന്നുണ്ട്. അവിടെ സമത്വം ഇല്ലാതാവുകയാണ്,'' പി.എസ്.സി ഉദ്യോഗാര്‍ത്ഥിയായ അനഘ ദ ക്യുവിനോട് പറഞ്ഞു. ഇന്‍വിജിലേറ്റര്‍മാരില്‍ ചിലര്‍ സമയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും മറ്റു ചിലര്‍ അതോര്‍ക്കുക കൂടിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

പരീക്ഷാ സെന്ററുകളും സൗകര്യങ്ങളും

സമയബന്ധിതമായ പി.എസ്.സി പരീക്ഷയില്‍ ക്ലോക്കിന്റെ കാര്യത്തില്‍ ഉയരുന്ന പരാതികള്‍ ഗൗരവതരമായി തന്നെ പി.എസ്.സി കണക്കാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ഈ തുല്യതയില്ലായ്മ ഗ്രാമ നഗര മേഖലകളിലും ദൃശ്യമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ കംഫര്‍ട്ട് ലെവല്‍ പരിഗണിക്കപ്പെടുന്നേ ഇല്ലെന്നാണ് വിമര്‍ശനം. ചില സ്‌കൂളുകളില്‍ നല്ല ബെഞ്ചോ ഡെസ്‌കോ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകില്ല.മറിച്ച് കോളേജുകളോ അത്യാവശ്യം സൗകര്യമുള്ള സ്‌കുളുകളോ ആണ് ലഭിക്കുന്നതെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ ക്ലോക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പത്ത്, പ്ലസ്ടു ലെവല്‍ പ്രിലിമിനറി പരീക്ഷ കഴിഞ്ഞ് രണ്ടാം ഘട്ട പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെങ്കിലും ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ പി.എസ്.സിക്ക് സാധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും സിവില്‍ പൊലീസ് ഓഫീസറുടെ പരീക്ഷയില്‍ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷാ നടത്തിപ്പ് കര്‍ക്കശമാക്കിയത്. പരീക്ഷ ഹാളില്‍ വാച്ച് വിലക്കിയതും ഇതിന് ശേഷമാണ്. നിലവില്‍ തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല/ കറുത്ത ബാള്‍ പേന എന്നിവ മാത്രമാണ് എക്‌സാം ഹാളില്‍ അനുവദിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാരും എക്‌സാം ഹാളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

The Cue
www.thecue.in