ചെങ്ങോട്ടുമല തുരക്കാനുള്ള നീക്കത്തിന് തിരിച്ചടി, ഖനനത്തിന് അനുമതി നൽകരുത്; ആയിരത്തിലേറെ കുടുംബങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍

ചെങ്ങോട്ടുമല തുരക്കാനുള്ള നീക്കത്തിന് തിരിച്ചടി, ഖനനത്തിന് അനുമതി നൽകരുത്; ആയിരത്തിലേറെ കുടുംബങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍
The largest quarry in Kerala starts at Chengottumala

കോഴിക്കോട് കോട്ടൂര്‍ ചെങ്ങോട്ടുമല തുരക്കാനുള്ള നീക്കത്തിന് തിരിച്ചടി. കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണ്ണയ സമിതി ശുപാര്‍ശ ചെയ്തു. മൂന്ന് പഞ്ചായത്തുകളിലെ ആയിരത്തിലേറെ വരുന്ന കുടുംബങ്ങള്‍ മല തുരന്നുള്ള കരിങ്കല്‍ ഖനനത്തിനെതിരെ സമരരംഗത്തുണ്ട്. 12 ഏക്കര്‍ സ്ഥലത്ത് ഖനനം നടത്താനായിരുന്നു പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റ റോക്‌സ് പ്രൊഡക്ട് കമ്പനി അപേക്ഷ നല്‍കിയിരുന്നത്.

ചെങ്ങോട്ടുമലയിലെ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണ്ണയ സമിതിയായ സിയാക്ക് സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. ഈ വര്‍ഷം ജൂലൈ 23 നാണ് സിയാക്ക് ചെയര്‍മാന്‍ സി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചെങ്ങോട്ടുമല സന്ദര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷം സ്ഥലം സന്ദര്‍ശിച്ച സിയാക്കിലെ അംഗങ്ങള്‍ ഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദമായിരുന്നു. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പും ജില്ലാ ഭരണകൂടവും മുന്നോട്ട് വെച്ച വാദങ്ങളെ തള്ളിയായിരുന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്സംഘമുള്‍പ്പെടെ ക്വാറി വന്നാല്‍ ചെങ്ങോടുമലയില്‍ വലിയ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി 2019 ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ മരവിപ്പിച്ചിരുന്നു. സമരസമിതിയെയോ പ്രദേശവാസികളെയോ കേള്‍ക്കാതെയാണ് സിയാക്ക് കഴിഞ്ഞ വര്‍ഷം പാരിസ്ഥിതികാനുമതി നല്‍കിയെന്നും പരാതിയുണ്ടായിരുന്നു.

തുടര്‍ന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചു. സമരസമിതിയും കോട്ടൂര്‍ പഞ്ചായത്തിനെയും കേള്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മഞ്ഞള്‍ കൃഷിക്കെന്ന പേരില്‍ 80 ഏക്കര്‍

ഡെല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ 80 ഏക്കര്‍ ഭൂമി വാങ്ങിയത് മഞ്ഞള്‍ കൃഷിക്കെന്ന പേരിലെന്നായിരുന്ന ആദ്യ വിവാദം. ഇതില്‍ പാരിസ്ഥിതിക പ്രധാന്യമുള്ള മലയിലെ 12 ഏക്കര്‍ ഭൂമിയില്‍ കരിങ്കല്‍ ഖനനം നടത്താനായിരുന്നു പദ്ധതി. കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ചെങ്ങോട്ടുമല. സമുദ്രനിരപ്പില്‍ നിന്നും 250 മീറ്റര്‍ ഉയലത്തിലാണിത്. 2017ല്‍ പത്തനംതിട്ട സ്വദേശി ചെറുപുളിച്ചിയില്‍ തോമസ് ഫിലിപ്പിന്റെ ഡല്‍റ്റ ഗ്രൂപ്പ്് ഖനനത്തിനുള്ള അനുമതി തേടിയതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2017 ഡിസംബര്‍ 13 ന് അന്നത്തെ കോഴിക്കോട് സബ് കളക്ടറായിരുന്ന സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നാലെ 2018 ജനുവരി 10ന് ജില്ലാ ഏകജാലക സമിതി ഖനനത്തിന് അനുമതി നല്‍കി.

4.8110 ഹെക്ടര്‍ സ്ഥലത്താണ് ഖനനം നടത്തുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനോട് ചേര്‍ന്നുള്ള 100 ഏക്കറിലധികം സ്ഥലം കമ്പനിയുടെ ഉടമസ്ഥതയിലാണെന്നാണ് സമരസമതി പറയുന്നത്. അനുമതി നല്‍കിയാല്‍ ചെങ്ങോട്ടുമല തന്നെ ഇല്ലാതാക്കുന്ന രീതിയിലാകും ഖനനം. ഖനനമേഖലയോട് ചേര്‍ന്ന് ജനവാസ കേന്ദ്രമുണ്ടെന്നും മണ്ണിടിച്ചില്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.

മല തുരക്കുന്നത് ആര്‍ക്ക് വേണ്ടി

കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലാണ് ചെങ്ങോട്ടുമല. അഞ്ച് വാര്‍ഡുകളിലായി രണ്ടായിരത്തോളം പേര്‍ ഈ മലയ്ക്ക് ചുറ്റമായി താമസിക്കുന്നു. റോഡ് സൗകര്യമില്ലാത്തതും കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവായതോടെ മലയിലെ താമസക്കാര്‍ ഭൂമി വിറ്റൊഴിഞ്ഞു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണ് ഈ ഭൂമി വാങ്ങിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വികസന പദ്ധതികള്‍ വരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ഭൂമി മറിച്ച് വിറ്റെത്തിയത് ഡെല്‍റ്റ ഗ്രൂപ്പിന്റെ കൈകളില്‍. മഞ്ഞള്‍ കൃഷി ചെയ്യാനാണ് ഭൂമി വാങ്ങിയെതെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. പാരിസ്ഥികാനുമതിക്കായി ജിയോളജി വകുപ്പിനെ കമ്പനി സമീപിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നപ്പോഴും ക്വാറി തുടങ്ങുന്ന കാര്യം നിഷേധിച്ചു. 98 ഏക്കറാണ് ചെങ്ങോട്ടുമലയില്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ളത്. ഇതില്‍ 11.8 ഏക്കറിലാണ് ക്വാറി തുടങ്ങുക എന്നാണ് കമ്പനിയുടെ വാദം.

ചെങ്ങോട്ടുമല
ചെങ്ങോട്ടുമല

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോര്‍ട്ട്

ചെങ്ങോട്ടുമലയില്‍ ഖനനം അനുവദിക്കാനാവില്ലെന്നായിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കോട്ടൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഖനനം മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ചെരിവുള്ള കുന്നാണ്. ജലസ്രോതസ്സുകളുണ്ട്. വൈവിധ്യമുള്ള ഭൂപ്രകൃതി നശിക്കാന്‍ ഇടയാക്കും.

ഖനനമേഖലയും മലബാര്‍ വന്യജീവി സങ്കേതവും

മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 8.70 കിലോമീറ്റര്‍ ദൂരം മാത്രമാണ് നിര്‍ദ്ദിഷ്ട ക്വാറിയിലേക്കുള്ളത്. പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ ഏകജാലക സമിതി അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. പരാതി ഉയര്‍ന്നപ്പോള്‍ വനംവകുപ്പ് സര്‍വേ നടത്തി പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തുകയായിരുന്നു. ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയ സമിതി നല്‍കിയ അനുമതി പുനപരിശോധിക്കണമെന്ന് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന സുനില്‍കുമാര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഖനനവിരുദ്ധ സമിതിയുടെ ആശങ്കകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശമോ വനമോ അല്ലെന്നാണ് ഉടമയുടെ വാദം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ മാത്രമാക്കി ചുരുക്കിയത് കമ്പനിക്ക് അനുകൂലമാകും. കരിമ്പാലന്‍ സമുദായത്തില്‍പ്പട്ട ആദിവാസികള്‍ ഉള്‍പ്പെടെ ഇതിനോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ഇവരുടെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാവും ചെങ്ങോട്ടുമലയിലുണ്ട്.

ആദിവാദികള്‍ക്ക് വേണ്ടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ സമരസമിതി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനോട് ടാങ്ക് നിര്‍മിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ കൂരാച്ചുണ്ട് പൊലീസ് ക്വാറി മുതലാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. 2018ല്‍ ഈ സ്ഥലത്ത് നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തില്‍ ഉടമ തോമസ് ഫിലിപ്പ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. അനുമതിയില്ലാതെ മരം മുറിച്ചതിനായിരുന്നു കേസ്.


The largest quarry in Kerala starts at Chengottumala
‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 

The largest quarry in Kerala starts at Chengottumala
ക്വാറി ഭീഷണിയൊഴിയാതെ ചെങ്ങോട്ടുമല; സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് പ്രദേശവാസികള്‍ 

The largest quarry in Kerala starts at Chengottumala
മുഖ്യമന്ത്രീ, 3000 കുടുംബങ്ങളുടെ ജീവനാണ്; ജനങ്ങളുടെ പ്രയാസം മനസിലാക്കി ചെങ്ങോട്ടുമല സംരക്ഷിക്കണം

The largest quarry in Kerala starts at Chengottumala
ചെങ്ങോട്ടുമല തുരക്കാന്‍ ദൂരം തിരുത്തി; വനംവകുപ്പ് രേഖ തള്ളിയ മുന്‍ജില്ലാ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പ്രദേശവാസികള്‍ 

Related Stories

No stories found.
The Cue
www.thecue.in