കയ്യേറ്റശ്രമം പരാതിപ്പെട്ടിട്ടും പൊലീസ് നടപടികൾ വൈകിപ്പിക്കുന്നുവെന്ന് യുവതി

കയ്യേറ്റശ്രമം പരാതിപ്പെട്ടിട്ടും പൊലീസ് നടപടികൾ വൈകിപ്പിക്കുന്നുവെന്ന് യുവതി

ശാരീരിക അതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാൻ വൈകുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശി സജ്‌ന അലി. ഓഗസ്റ്റ് 19 ന് തിരുവനന്തപുരത്തുള്ള തന്റെ എന്‍.ജി.ഒ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സജ്ന അലിക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ റെബല്ലോ റുസ്‌വെല്‍റ്റ് എന്നയാളാണ് റോഡില്‍വെച്ച് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് സജ്‌ന പറയുന്നു.

സംഭവം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണത്തെ പൊലീസ് കാര്യക്ഷമമായി എടുക്കുന്നില്ലെന്നും, പ്രതിയെ ചോദ്യം പോലും ചെയ്യാതെ ജാമ്യത്തില്‍ ഇറക്കിവിട്ടുവെന്നും സജ്‌ന അലി ആരോപിക്കുന്നു. പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിക്കെതിരെ ഇതുവരെ കാര്യക്ഷമമായ നിയമനടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് സജ്‌ന പറഞ്ഞു.

നോക്കി ഓടിച്ചില്ലെങ്കില്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുമെന്ന് പറഞ്ഞാണ് റെബല്ലോ റൂസ്‌വെല്‍റ്റ് സജ്‌നയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇയാള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശാരീരികമായി അക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും സജ്‌ന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പൊതുനിരത്തില്‍ വെച്ച് നേരിടേണ്ടി വന്ന അക്രമത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് കൊടിയ മനുഷ്യാവകാശലംഘനങ്ങളും നീതിനിഷേധവുമാണെന്ന് സജ്ന അലി ദ ക്യുവിനോട് പറഞ്ഞു. പ്രതിയായ റെബല്ലോയ്ക്കെതിരെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാതെ തടഞ്ഞുവെക്കുകയാണെന്നും സജ്‌ന ആരോപിക്കുന്നു. സംസ്ഥാനത്താകെ വിവിധ പൊലീസ് നടപടികളില്‍ അമര്‍ഷം പുകഞ്ഞുപൊങ്ങുമ്പോഴാണ് പൊതുസ്ഥലത്ത് ഒരു സ്ത്രീക്കെതിരെ ഉണ്ടായ അക്രമത്തെ പൊലീസ് ഗൗരവത്തോടെ കണ്ടില്ലെന്ന പരാതി വീണ്ടുമുയരുന്നത്.

പൊലീസ് പ്രതിക്കൊപ്പമാണ്

പ്രതിയായ റെബല്ലോ റൂസ്‌വെല്‍റ്റിന്റെ ഫോട്ടോ അടക്കമാണ് സജ്‌ന പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ സ്റ്റേറ്റ്മെന്റില്‍ ഒപ്പിടാന്‍ പോലും തന്നോട് പൊലീസ് ആവശ്യപ്പെട്ടില്ലെന്നും സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പാവശ്യപ്പെട്ടപ്പോള്‍ എഫ്.ഐ.ആറിന്റെ കൂടെ വെക്കുമെന്നും കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ നോക്കിയാല്‍ മതിയെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നും സജ്‌ന പറഞ്ഞു. പ്രതിയുടെ കൈവശം മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റുണ്ടെന്നും അതുപയോഗിച്ച് അയാള്‍ നാട്ടില്‍ നിരവധി അക്രമങ്ങള്‍ നടത്താറുണ്ടെന്നും സജ്‌ന പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസുകള്‍ എടുത്തിട്ടുള്ളതെന്ന് പൊലീസ് നിരന്തരം ആവര്‍ത്തിക്കുമ്പോഴും അയാള്‍ സ്റ്റേഷന്‍ജാമ്യത്തിലറിങ്ങി സുഖമായി നടക്കുന്നത് എങ്ങനെയാണെന്ന് സജ്‌ന ചോദിക്കുന്നു.

'പട്ടാപ്പകലാണ് സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ അയാള്‍ എന്നെ ഉപദ്രവിക്കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടപ്പോഴും അവര്‍ പ്രതിക്കൊപ്പമായിരുന്നു. കേസിലുടനീളം അവര്‍ എന്നോട് നിസ്സംഗത കാട്ടി. പരാതി നല്‍കിയപ്പോള്‍ റെസിപ്റ്റ് പോലും നല്‍കിയില്ല. ചോദിച്ചപ്പോള്‍ എന്തോ ഔദാര്യം പോലെയാണ് എടുത്തുനല്‍കിയത്' സജ്‌ന ദ ക്യുവിനോട് പറഞ്ഞു.

അന്വേഷണം നടക്കുന്നില്ല

ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കുമെന്നായിരുന്നു തനിക്ക് പൊലീസില്‍ നിന്ന് ലഭിച്ച ഉറപ്പെന്നും എന്നാല്‍ അന്വേഷണ പുരോഗതി അറിയാനായി മൂന്ന് ദിവസം മുന്‍പ് മിത്രാ ലൈനിലേക്ക് വിളിച്ചപ്പോള്‍ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണം കഴിഞ്ഞ് കേസ് കോടതിയില്‍ എത്താന്‍ വൈകുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സജ്‌ന പറഞ്ഞു.

കേസിന്റെ തുടര്‍നടപടികള്‍ അന്വേഷിക്കാനായി ദ ക്യു കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റ് മുന്‍പാകെ സ്റ്റേറ്റ്‌മെന്റ് നല്‍കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നും, അനുമതി കിട്ടിയാല്‍ ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ പരാതിക്കാരിയായ തന്നോട് പൊലീസ് ഈ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സജ്ന പറയുന്നത്.

അക്രമസമയത്ത് സജ്‌ന പൊലീസ് ഹെല്‍പ്പ്‌ലൈനിലേക്കും സ്റ്റേഷനിലേക്കും വിളിച്ചിരുന്നു. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുശല്യപ്പെടുത്തിയത് എന്തിനാണെന്നും, സി.ഐയെ വിളിച്ച് പരാതിപ്പെട്ടതെന്തിനാണെന്നും ചോദിച്ച് കഴക്കൂട്ടം എ.എസ്.ഐ ക്ലാസ്സെടുക്കുകയാണ് ചെയ്തതെന്ന് സജ്‌ന പറഞ്ഞു.

പോസ്റ്ററിലും പരസ്യങ്ങളിലും മാത്രമേ സ്ത്രീസുരക്ഷയുള്ളു.

ഈ സംഭവം മൂലം തന്റെ പേര്‍സണല്‍ ഫ്രീഡം നഷ്ടപ്പെട്ടുവെന്നും, പുറത്തേക്കിറങ്ങുമ്പോള്‍ ആരെയെങ്കിലും കൂടെകൂട്ടേണ്ട സ്ഥിതിയാണെന്നും സജ്ന പറയുന്നു. ഇത്തരത്തില്‍ നിര്‍ജീവമായ ഒരു പോലീസ് സംവിധാനം എങ്ങനെയാണ് ഈ നാട്ടിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്നുള്ള ചോദ്യവും അവര്‍ മുന്നോട്ടുവെക്കുന്നു.

'പോസ്റ്ററിലും പരസ്യങ്ങളിലും മാത്രമേ നമ്മുടെ സ്ത്രീസുരക്ഷയുള്ളു. പക്ഷെ പ്രവൃത്തിയില്‍ ഒന്നുമില്ല. എന്നെ പിന്തുണയ്ക്കാന്‍ ഭരണ സംവിധാനങ്ങള്‍ ഒന്നുപോലും വന്നില്ല. പ്രതി തന്നെ ശാരീരികമായാണ് ഉപദ്രവിച്ചതെങ്കില്‍ പോലീസ് തന്നെ മാനസികമായി ഉപദ്രവിക്കുകയാണ്,' സജ്‌ന പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം സജ്‌ന പരാതി നല്‍കിയിരുന്നു. പക്ഷെ ബന്ധപ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്യാമെന്ന അറിയിപ്പല്ലാതെ മറ്റൊരു മറുപടിയും ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in