മാതൂര്‍ ഗ്രാമപഞ്ചായത്തിന് സര്‍ വിളിയില്‍ നിന്ന് സമ്പൂര്‍ണ സ്വാതന്ത്ര്യം, നാട്ടുകാര്‍ക്ക് ഇനി 'അപേക്ഷിക്കാതെ അവകാശപ്പെടാം'

മാതൂര്‍ ഗ്രാമപഞ്ചായത്തിന് സര്‍ വിളിയില്‍ നിന്ന് സമ്പൂര്‍ണ സ്വാതന്ത്ര്യം, നാട്ടുകാര്‍ക്ക് ഇനി 'അപേക്ഷിക്കാതെ അവകാശപ്പെടാം'

കൊളോണിയല്‍ കാലം തൊട്ട് തുടര്‍ന്ന് പോരുന്ന സര്‍/ മാഡം വിളിയില്‍ നിന്നും സമ്പൂര്‍ണ സ്വാതന്ത്ര്യം നേടുന്ന ആദ്യത്തെ പഞ്ചായത്തായി പാലക്കാട്ടെ മാതൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന യോഗത്തിലാണ് ഏകകണ്ഠമായി തീരുമാനം എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍ ദ ക്യുവിനോട് പറഞ്ഞു.

പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കായുള്ള കത്തിടപാടുകളില്‍ ഇനിമുതല്‍ അഭ്യര്‍ത്ഥിക്കുന്നുവന്നോ അപേക്ഷിക്കുന്നുവെന്നോ എഴുതേണ്ടതില്ല. ജനങ്ങളുടെ അവകാശമായതിനാല്‍ തന്നെ അവകാശപ്പെടുന്നുവെന്നോ, താത്പര്യപ്പെടുന്നുവെന്നോ എഴുതിയാല്‍ മതിയെന്നും പ്രവിത മുരളീധരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും തുടര്‍ന്ന് വരുന്ന ബ്രിട്ടീഷ് ഭരണഭാഷയില്‍ ഉള്‍പ്പെടുന്ന സര്‍/ മാഡം വിളി ഒഴിവാക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നലില്‍ ആണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പ്രവിത പറഞ്ഞു.

'16 ഭരണ സമിതിയംഗങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. ഉദ്യോഗസ്ഥ തലത്തിലായാലും ഭരണ സമിതിയുടെ എല്ലാ കൗണ്‍സിലര്‍ മാരുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിട്ടിട്ടും നമ്മള്‍ ബ്രിട്ടീഷ് ഭരണഭാഷയില്‍ ഉള്‍പ്പെടുന്ന സര്‍/ മാഡം വിളി തുടര്‍ന്ന് വരുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ് എന്ന തോന്നലില്‍ ആണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഉദ്യോഗസ്ഥരായാലും എല്ലാ കൗണ്‍സിലര്‍മാരായാലും പഞ്ചായത്തിലെ ജനങ്ങളുടെ പോലും പിന്തുണയോടെയാണ് ഇത് നടപ്പാക്കിയത്,' പ്രവിത മുരളീധരന്‍ പറഞ്ഞു.

ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി ഒരിക്കലും പഞ്ചായത്തില്‍ വന്ന് വിധേയത്വ മനോഭാവത്തോടു കൂടി നില്‍ക്കേണ്ട കാര്യമില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ ഒന്നു മുതലാണ് സര്‍/ മാഡം വിളി ഒഴിവാക്കി, തസ്തികയിലെ പേരുകള്‍ വിളിക്കാന്‍ ആരംഭിച്ചത്. ഭരണ ഭാഷാ വകുപ്പിനോട് അനുയോജ്യമായ ഒരു പദം ചോദിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നത് വരെ ഇങ്ങനെ തന്നെയായിരിക്കും വിളിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.

'പഞ്ചായത്ത് പ്രസിഡന്റിനെ പ്രസിഡന്റ് എന്നും, സെക്രട്ടറിയെ സെക്രട്ടറിയെന്നും തുടങ്ങി, ഓരോരുത്തരുടെയും തസ്തികയിലും ഉള്ളത് എന്താണോ അതായിരിക്കും വിളിക്കുക. പഞ്ചയത്തിനകത്തുള്ളവരായാലും ജനങ്ങളായാലും ഇങ്ങനെ തന്നെയായിരിക്കും അഭിസംബോധന ചെയ്യുക. ഭരണഭാഷാ വകുപ്പിനോട് ഇതിന് അനുയോജ്യമായ ഒരു പദം ചോദിച്ചിട്ടുണ്ട്. അത് ലഭിക്കുന്നത് വരെ ഇങ്ങനെ തന്നെയായിരിക്കും ഉപയോഗിക്കുക.

മാതൂര്‍ ഗ്രാമപഞ്ചായത്തിന് സര്‍ വിളിയില്‍ നിന്ന് സമ്പൂര്‍ണ സ്വാതന്ത്ര്യം, നാട്ടുകാര്‍ക്ക് ഇനി 'അപേക്ഷിക്കാതെ അവകാശപ്പെടാം'
'വീടില്ല, ചികിത്സയില്ല, വിദ്യാഭ്യാസമില്ല, വന്യമൃഗ ഭീഷണിയും'; ജീവിക്കാന്‍ മാര്‍ഗമില്ലാതെ അറേക്കാപ്പിലെ ആദിവാസി സമൂഹം

ജനങ്ങള്‍ ഒരിക്കലും ഒരു വിധേയത്വ മനോഭാവത്തോടു കൂടി വന്ന് നിന്ന് നമ്മളോട് ഞങ്ങള്‍ക്ക് ചെയ്ത് തരണമെന്ന് പറയേണ്ട കാര്യമില്ല. അവര്‍ക്ക് അവകാശമുള്ള കാര്യങ്ങള്‍ അവര്‍ അവകാശപ്പെടുന്നു എന്നോ താത്പര്യപ്പെടുന്നു എന്നോ മാത്രം പറഞ്ഞാല്‍ മതിയാകും. അവരുടെ അവകാശത്തെക്കുറിച്ചുള്ള കാര്യം അവര്‍ ഒരിക്കലും നമ്മളോട് അപേക്ഷിക്കേണ്ട കാര്യമില്ലല്ലോ. സെപ്തംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു തുടങ്ങി,' പ്രസിഡന്റ് പറഞ്ഞു.

അതേസമയം അവകാശപ്പെടുന്നുവെന്നോ, താത്പര്യപ്പെടുന്നുവെന്നോ എഴുതാത്തതിന്റെ പേരില്‍ സേവനങ്ങള്‍ തടയപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് പ്രസിഡന്റ്/ സെക്രട്ടറി എന്നിവരോട് പരാതിപ്പെടാവുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in