സര്‍ട്ടിഫിക്കറ്റുകള്‍ ഒളിപ്പിക്കാന്‍ ഒരിടം തപ്പുകയാണ്; കാബൂളിലെ വീട്ടില്‍ നിന്ന് അഫ്ഗാന്‍ യുവതി ദ ക്യുവിനോട്

സര്‍ട്ടിഫിക്കറ്റുകള്‍ ഒളിപ്പിക്കാന്‍ ഒരിടം തപ്പുകയാണ്; കാബൂളിലെ വീട്ടില്‍ നിന്ന് അഫ്ഗാന്‍ യുവതി ദ ക്യുവിനോട്

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതോടെ ആ രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ഭീകര സംഘടനക്ക് കീഴിലുള്ള രാജ്യത്തിന്റെ ഭാവിയുമെല്ലാം ചര്‍ച്ചയാവുകയാണ്. താലിബാന് കീഴിലുള്ള അഫ്ഗാനെക്കുറിച്ച് കാബുളിലുള്ള അഫ്ഗാനി വിദ്യാര്‍ത്ഥിനി ദ ക്യു'വിനോട് സംസാരിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇവരുടെ പേരോ, സൂം വീഡിയോ അഭിമുഖത്തിലെ വിഷ്വലുകളോ പുറത്തുവിടാനാകില്ല.

കാബൂളില്‍ താലിബാന്‍ എത്തിയിരിക്കുകയാണ്. കാബൂള്‍ നഗരത്തിന്റെ ഉള്‍പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണോ ഇപ്പോള്‍ എന്നോട് സംസാരിക്കാന്‍ കഴിയുന്നത്?

ഞങ്ങള്‍ക്ക് സംസാരിക്കുന്നതില്‍ പ്രയാസമില്ല. താലിബാന്‍ പറയുന്നത് ഞങ്ങള്‍ സാധാരണ ജനങ്ങളെ ആക്രമിക്കില്ല എന്നാണ്. സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കുമെന്ന് അവര്‍ പറയുന്നുണ്ട്. ഇപ്പോള്‍ കാബൂളില്‍ പ്രശ്‌നമില്ല. പക്ഷേ ഭാവിയില്‍ എന്താകുമെന്ന് അറിയില്ല. പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. അതിന് ശേഷം മാത്രമേ ഇനിയെന്ത് സംഭവിക്കുമെന്ന് അറിയാന്‍ കഴിയൂ.

താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രൊവിന്‍സുകളില്‍ സ്ത്രീകള്‍ക്ക് കഠിന പീഡനമാണെന്നും അവരെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു.

ചില പ്രൊവിന്‍സുകളില്‍ അവര്‍ ഒരുപാട് പേരെ കൊലപ്പെടുത്തി. അവിടെ മനുഷ്യാവകശവും സ്ത്രീകളുടെ അവകാശവും അവര്‍ മാനിച്ചില്ല. നിലവില്‍ കാബൂളില്‍ അത്തരം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.

സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇനിയുണ്ടാകില്ല എന്നും പറയാന്‍ കഴിയില്ല. ഭാവിയില്‍ അവര്‍ മാറിയേക്കാം. കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ അവര്‍ പറയുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലിക്ക് പോകാമെന്നാണ്. പക്ഷേ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമാണ്.

പക്ഷേ ഇന്ന് ഇവിടെ ഒരു സ്ത്രീയും ജോലിക്ക് പോയിട്ടില്ല. പലരും ഓഫീസ് ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുകയാണ്. താലിബാന്‍ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാമെന്ന് പറയുന്നുണ്ടെങ്കിലും അതങ്ങനെ തന്നെ തുടരുമോ എന്നതില്‍ ഉറപ്പില്ല. ഇപ്പോള്‍ ഇവിടെ സര്‍ക്കാരില്ല. അവര്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പഴയ നിയമങ്ങള്‍ വരുമോ എന്നതില്‍ ആശങ്കയുണ്ട്. ഞങ്ങളെല്ലാം ഭയപ്പാടില്‍ തന്നെയാണ് ജീവിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും കണ്ടിരുന്നു. ഇരുപതുകളുടെ തുടക്കത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ 1996 ലെ താലിബാന്‍ സര്‍ക്കാരിനെയോ ഭരണ രീതിയെയോ താങ്കള്‍ക്ക് പരിചയമുണ്ടാകില്ല

തീര്‍ച്ചയായും ഇത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ഞാനും എന്റെ സഹോദരിയും സര്‍ട്ടിഫിക്കറ്റുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ഒരിടം തപ്പുകയായിരുന്നു. പലരും കുറേ ഡോക്യുമെന്റ്‌സ് കത്തിച്ചു.

ചിലപ്പോള്‍ താലിബാന്‍ വീടുകളില്‍ വന്ന് ഡോക്യുമെന്റ് അന്വേഷിക്കും, അത് നശിപ്പിച്ചു കളയും. ഇന്ന് താലിബാന്‍ മാധ്യമ പ്രവര്‍ത്തകരുടെയും സ്ത്രീകളായിട്ടുള്ള സാമൂഹിക പ്രവര്‍ത്തകരുടെയും വീടുകളില്‍ പോയി. സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ച ആളുകളുടെ വീടുകളിലും പോയി രേഖകള്‍ പരിശോധിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഒരു പക്ഷേ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര പ്രയാസമായിരിക്കില്ല. പക്ഷേ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അങ്ങനെയാകില്ല.

1996ലെ താലിബാന്‍ ഭരണത്തെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരിക്കും. അവരെന്താണ് ഇപ്പോള്‍ നിങ്ങളോട് പറയുന്നത്?

പഴയ ആളുകള്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല. കാരണം ഞങ്ങള്‍ക്ക് അറിയുന്നത് കഴിഞ്ഞ 20 വര്‍ഷത്തെ അഫ്ഗാനെയാണ്. അവിടെയാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. വീണ്ടും 20 കൊല്ലം പിറകിലേക്ക് പോയി അതുപോലെ ജീവിക്കാന്‍ കഴിയുമോ?

ഇപ്പോള്‍ താലിബാന്‍ സ്ത്രീകള്‍ക്ക് ജോലിചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും അത് നടക്കുമോ എന്ന് അറിയില്ല. താലിബാന്റെ നിയമത്തില്‍ സ്ത്രീകളും പുരുഷന്മാരും തുല്യരല്ല, അവര്‍ ഒരുമിച്ച് നില്‍ക്കരുത് എന്നാണ് താലിബാന്‍ പറയുന്നത്. അവര്‍ ഒരുമിച്ച് ജോലി ചെയ്യരുത് എന്നാണ് അവരുടെ ചട്ടം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് പേടിയും ആകുലതയുമുണ്ട്.

നിലവില്‍ ചൈന, റഷ്യ, ഇറാന്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ താലിബാനുമായി സംഭാഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നോ?

അവര്‍ തീര്‍ച്ചയായും സംസാരിക്കണം. റഷ്യ മാത്രമല്ല എല്ലാവരും. അന്തരാഷ്ട്രസമൂഹം അവരുമായി ചര്‍ച്ച ചെയ്യണം. അവര്‍ മനുഷ്യാവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും നിഷേധിച്ചുകൂടാ.

സ്ത്രീകള്‍ക്ക് കോളേജിലും, യൂണിവേഴ്‌സിറ്റിയിലും, ജോലിക്ക് പോകാന്‍ അവകാശമുണ്ട്. നേരത്തെ താലിബാന്‍ പറഞ്ഞിരുന്നത് സ്ത്രീകള്‍ ജോലിക്ക് പോകരുത്, അവര്‍ വീട്ടിലിരിക്കണം, കുട്ടികളെ പ്രസവിക്കണമെന്നായിരുന്നു. അങ്ങനെയായിരുന്നു പഴയ കാര്യങ്ങള്‍. ഭാവിയില്‍ ചിലപ്പോള്‍ അങ്ങനെ തന്നെയാകാം. കാരണം അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രൊവിന്‍സില്‍ സ്ത്രീകളെ പഠിക്കാനോ ജോലിക്ക് പോകാനോ താലിബാന്‍ ഇപ്പോഴും അനുവദിക്കുന്നില്ല.

കാബൂള്‍ സര്‍വ്വകലശാല ഒഴിപ്പിച്ചു, അധ്യാപകര്‍ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് ഗുഡ് ബൈ പറഞ്ഞു തുടങ്ങിയ റിപ്പോര്‍ട്ടുകളെല്ലാം വരുന്നുണ്ട്. ഇപ്പോള്‍ കാബൂളില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടോ?

ഇല്ല ഇന്ന് അവരാരും സ്‌കൂളില്‍ പോയിട്ടില്ല. കാരണം അവരെല്ലാം പേടിച്ചിരിക്കുകയാണ്. പഴയ കാര്യങ്ങളോര്‍ത്ത് അവര്‍ക്ക് പേടിയുണ്ട്. താലിബാന്‍ വിദ്യാഭ്യാസം അനുവദിക്കില്ലേ എന്ന പേടി അവര്‍ക്കുണ്ട്. ചിലപ്പോള്‍ അടുത്ത ദിവസങ്ങളില്‍ അവര്‍ സ്‌കൂളില്‍ പോകുമായിരിക്കും. തങ്ങള്‍ക്ക് പഠിക്കണമെന്നുള്ളത് ഉറപ്പിച്ച് പറയാന്‍ കൂടിയായിരിക്കും അവര്‍ പോകുക.

താലിബാന് ഗ്രാമ പ്രദേശങ്ങള്‍ വളരെ എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നു. പക്ഷേ നഗര പ്രദേശങ്ങളില്‍ അത്ര അനായാസമായിരിക്കില്ല കാര്യങ്ങള്‍ എന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്രപെട്ടെന്ന് താലിബാന്‍ അധികാരത്തില്‍ വരുമെന്നോ, കാബൂള്‍ പിടിച്ചെടുക്കുമെന്നോ കരുതിയിരുന്നോ?

തീര്‍ച്ചയായും ആരും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. അവര്‍ക്ക് കാബൂള്‍ ഇത്രപെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതിയില്ല. ഇപ്പോള്‍ സര്‍ക്കാര്‍ വീണു, പ്രസിഡന്റ് രാജ്യം വിട്ടു. താലിബാന്‍ പ്രസിഡന്‍ഷ്യല്‍ പാലസിലുമെത്തി.

1996ല്‍ പ്രവര്‍ത്തിച്ച താലിബാനും ഇപ്പോഴത്തെ താലിബാനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് കരുതുന്നുണ്ടോ?

ഇല്ല, എനിക്ക് വ്യത്യാസം തോന്നുന്നില്ല. ദോഹയിലും ഖത്തറിലും നടന്ന സംസാരങ്ങളിലെല്ലാം സ്ത്രീകളുടെ അവകാശത്തെ കുറിച്ച് സര്‍ക്കാര്‍ താലിബാനോട് പറഞ്ഞപ്പോള്‍ അവര്‍ അത് അംഗീകരിച്ചിരുന്നില്ല.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വര്‍ക്ക് ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്. ഇനി ജോലി ചെയ്യണമെങ്കില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ഓഫീസ് വേണമെന്നാണ് അവര്‍ പറഞ്ഞത്.

അവര്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല. എന്നിട്ടും ഞങ്ങള്‍ സ്ത്രീകളെ പഠിക്കാനും, ജോലി ചെയ്യാനും താലിബാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അഫ്ഗാനിലെ ജനങ്ങള്‍ താലിബാന്‍ ഗവര്‍ണമെന്റിനെ അംഗീകരിക്കാന്‍ തയ്യാറായോ?

ചില പ്രവിശ്യകളില്‍ ആളുകള്‍ക്ക് താലിബാനെ ഇഷ്ടമാണ്. പക്ഷേ നഗരങ്ങളില്‍ അങ്ങനെയല്ല. പ്രവിശ്യകളില്‍ താമസിക്കുന്ന പുരുഷന്മാര്‍ക്കാണ് താലിബാനോട് താത്പര്യം. കാബൂളില്‍ ഒരു എഴുപത് ശതമാനത്തോളം പുരുഷന്മാര്‍ക്കും താലിബാന്‍ തന്നെ ഭരിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഞാന്‍ കരുതുന്നത്.

പക്ഷേ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. പ്രത്യേകിച്ച് വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ക്ക്. ചില സ്ത്രീകള്‍ക്കും താലിബാനോട് വിരോധമില്ല. വലിയ നഗരങ്ങളില്‍ കാര്യങ്ങള്‍ ഗുരുതരമാണ്.

ഇപ്പോള്‍ നിങ്ങള്‍ക്ക് പുറത്തു പോകാന്‍ പറ്റുന്നുണ്ടോ?

ഇല്ല ഇപ്പോള്‍ ഞാന്‍ വീട്ടിലിരിക്കുകയാണ്. പുറത്ത് പോകണമെങ്കില്‍ ഹിജാബ് ധരിക്കണം. പുരുഷന്മാരെ കൂടെ കൂട്ടണം. അച്ഛനോ, സഹോദരനോ, ഭര്‍ത്താവോ ആരെങ്കിലും വേണം.

യു.എസ് ട്രൂപ്പിന്റെ പിന്മാറ്റത്തെ എങ്ങനെയാണ് അഫ്ഗാന്‍ കാണുന്നത്?

ഇതായിരുന്നില്ല സമയം. അവര്‍ താലിബാനോട് മാത്രം സംസാരിച്ചു, സര്‍ക്കാരിനോട് സംസാരിച്ചില്ല. ജനങ്ങളോട് അവര്‍ ഒന്നും ചോദിച്ചില്ല. അവരുടെ നേട്ടങ്ങള്‍ മാത്രം നോക്കി അവര്‍ അഫ്ഗാനിസ്ഥാനിലേക്ക് വന്നു, തിരിച്ചു പോയി. സ്ത്രീകളെക്കുറിച്ചോ മനുഷ്യാവകാശങ്ങളെക്കുറിച്ചോ അവര്‍ ചിന്തിച്ചില്ല.

ഈ സമയത്ത് എന്താണ് ലോകത്തോട് പറയാനുള്ളത്?

അഫ്ഗാന്‍ മുഴുവന്‍ താലിബാന്റെ കീഴിലായിരിക്കുന്നു. അഫ്ഗാന്‍ ജനതയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം വേണം.

താലിബാന്‍ മനുഷ്യാവകാശം ലംഘിക്കുന്നില്ല എന്ന ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ജോലി ചെയ്യണം, പഠിക്കണം. ഇപ്പോള്‍ ഒരു സ്ത്രീക്ക് പുരുഷനെക്കൂടാതെ പുറത്ത് പോകാന്‍ കഴിയില്ല. എനിക്ക് നേരത്തെ ഇന്ത്യയില്‍ വരാന്‍ സാധിച്ചിരുന്നു. പഠിക്കാന്‍ സാധിച്ചിരുന്നു. പക്ഷേ ഇനി അത് നടക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in