കൊവിഡിനെ പൊരുതി ജയിച്ചവരാണ്, അവരെ തോല്‍പ്പിക്കാതിരിക്കാനാണ് സുജിത് ഭക്തനെപ്പോലുള്ളവരോട് ഇടമലക്കുടിയിലേക്ക് പോകരുതെന്ന് പറയുന്നത്

കൊവിഡിനെ പൊരുതി ജയിച്ചവരാണ്, അവരെ തോല്‍പ്പിക്കാതിരിക്കാനാണ് സുജിത് ഭക്തനെപ്പോലുള്ളവരോട് ഇടമലക്കുടിയിലേക്ക് പോകരുതെന്ന് പറയുന്നത്

ഒന്നര വര്‍ഷമായി ഇതുവരെ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. കൊവിഡ് രാജ്യമെമ്പാടും വലിയ പ്രതിസന്ധികള്‍ തീര്‍ത്തപ്പോഴും ഇടമലക്കുടി ദേശീയ ശ്രദ്ധ തന്നെ നേടിയിരുന്നു. കൃത്യമായ ക്വാറന്റീന്‍ സംവിധാനം, സാമൂഹിക അകലം പാലിക്കല്‍, തുടങ്ങി കൊവിഡ് അനുബന്ധമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ഇടമലക്കുടി ഇതുവരെ പിടിച്ചു നിന്നത്.

ഓരോ വ്യക്തിയും പ്രത്യേക ശ്രദ്ധയാണ് ഈ മഹാമാരിക്കാലത്ത് ഇടമലക്കുടിയില്‍ സ്വീകരിച്ചത്. ആ പോരാട്ടത്തില്‍ നിന്ന് ഇടമലക്കുടിക്കാരെ പരാജയപ്പെടുത്തരുത് എന്ന സദുദ്ദേശ്യം മാത്രമാണ് അവിടേക്ക് പോകരുത് എന്ന് പറയുന്നതിന് പിന്നിലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.

ട്രാവല്‍ വ്‌ളോഗര്‍ സുജിത് ഭക്തന്‍ എംപി, ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വിവാദം രൂപ്പപ്പെടുന്നത്. സഹായിക്കാനും പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനുമാണ് പോയത് എന്നാണ് സുജിത് ഭക്തന്റെ വിശദീകരണം. എന്നാല്‍ ഈ മഹാമാരിയുടെ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സുജിത് ഭക്തന്‍ ഇടമലക്കുടിയിലേക്ക് പോയതും എംപി അദ്ദേഹത്തെ കൊണ്ടുപോയതും ശരിയായില്ലെന്നാണ് വിമര്‍ശനങ്ങള്‍.

രണ്ടാം തരംഗത്തിലും പിടിച്ചു നിന്ന ഇടമലക്കുടി

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പോലും പിടിച്ചു നിന്ന സ്ഥലമാണ് ഇടമലക്കുടി. അവിടെ സ്ഥിരമായി ചെല്ലുന്ന കുറച്ചാളുകളുണ്ട് എസ്.സി.എസ്.ടി ഓഫീസേഴ്‌സ്, വനം വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍. അവര്‍ മാത്രമേ അവിടെ പോകാറുള്ളൂ. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുറത്തു നിന്നുള്ള ആളുകള്‍ അവിടെ പോകാന്‍ പാടില്ലായിരുന്നു.

സുജിത് ഭക്തനെ പോലെ ഒരു ട്രാവല്‍ വ്‌ളോഗര്‍ ഇടമലക്കുടിയെ പരിചയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ഇനിയും ആളുകള്‍ക്ക് ആ പ്രദേശത്തേക്ക് വരാനുള്ള താത്പര്യമുണ്ടാകും. അത് ഈ സമയത്ത് പാടില്ലായിരുന്നു. ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകനായ സെന്തില്‍ കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

''ഡീന്‍ കുര്യാക്കോസ് എംപി പെട്ടിമുടി സംഭവത്തിലുള്‍പ്പെടെ ജനങ്ങളോട് അടുത്ത് നിന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് സുജിത് ഭക്തനെപ്പോലൊരാളുടെ പ്രൊഫൈല്‍ അറിയുമോ എന്നെനിക്ക് അറിയില്ല. സുജിത് ഭക്തനൊരു വ്‌ളോഗറാണ്, യൂട്യൂബറാണ്. അധികമാരും പോയിട്ടില്ലാത്ത സ്ഥലങ്ങളില്‍ പോകുക, അതിനെ മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളതാണ് അദ്ദേഹം പ്രധാനമായും ചെയ്യുന്നത്.

അങ്ങനെയൊരാളെ ഈ ഒരു സാഹചര്യത്തില്‍ അവിടെ കൊണ്ടു പോയതില്‍ ദുഃഖമുണ്ട്. പോയതിനേക്കാള്‍ വലിയ പ്രശ്‌നം അത് പബ്ലിഷ് ചെയ്തതാണ് എന്നെനിക്ക് തോന്നുന്നു. കാരണം അതുകാണുമ്പോള്‍ തന്നെ സ്വാധീനം ഉപയോഗിച്ച് ആള്‍ക്കാര്‍ക്ക് അവിടെ കയറി ചെല്ലാനുള്ള ഒരു പ്രവണതയുണ്ടാവുകയാണ് ചെയ്യുന്നത്.

വനംവകുപ്പില്‍ സ്വാധീനമുണ്ടെങ്കിലോ രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിലോ അത് ഉപയോഗിച്ച് അവിടെ ചെല്ലാനുള്ള പ്രവണത മറ്റുള്ളവരിലും ഈ ചെയ്തികള്‍ കൊണ്ടുണ്ടാകുന്നു. സുജിത്ത് ഭക്തന്‍ വീഡിയോ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. സഹായിക്കാനാണ് പോകുന്നത് എന്നുണ്ടെങ്കില്‍ പെട്ടിമുടിയില്‍ തന്നെ എസ്.സി.എസ്.ടി ഓഫീസര്‍മാരെ പ്രതിനീധികരിക്കുന്ന ആളുകളുണ്ട്, അത് ചെയ്യാമായിരുന്നല്ലോ. വനം വകുപ്പ് ഈ ഒരു സമയത്ത് എങ്ങനെ ഇതിന് അനുമതി കൊടുത്തു എന്നതിലും സംശയമുണ്ട്.

ഇടമലക്കുടിയിലേക്ക് എങ്ങനെയെത്താം എന്ന അന്വേഷങ്ങള്‍ വരുന്നുണ്ട്

ഈ ഒരു വീഡിയോ വന്നതിന് ശേഷം എനിക്ക് പരിചയമുള്ള ആളുകളുള്‍പ്പെടെ ഈ സ്ഥലത്തേക്ക് എങ്ങനെയാണ് പോകുക എന്ന് ചോദിച്ച് വാട്‌സ്ആപ്പില്‍ മെസേജ് അയക്കുന്നുണ്ട്. ജനമൈത്രി പോലീസും പഞ്ചായത്തിലെ ആളുകളും ഇതിനേക്കഴിഞ്ഞും ബുദ്ധിമുട്ടുള്ള സമയത്ത് അവരെ ചെന്ന് സഹായിച്ചിട്ടുണ്ട്. അവരൊന്നും അത് പ്രസിദ്ധീകരിച്ചിട്ടില്ല, പരിസ്ഥിതി പ്രവര്‍ത്തകനായ സെന്തില്‍ കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ക്വാറന്റീന്‍ വ്യവസ്ഥകളെല്ലാം കൃത്യമായി പാലിച്ച് പോരുന്നവരാണ് ഇടമലക്കുടിയിലെ ജനങ്ങള്‍. അത്ര സൂക്ഷിച്ചാണ് അവരും പഞ്ചായത്ത് അധികൃതരും അവിടെ കാര്യങ്ങള്‍ ചെയ്യുന്നത്. അതിനിടയില്‍ പുറത്തു നിന്നുള്ളൊരാളെ അവിടേക്ക് കൊണ്ടുവന്നത് ശരിയായ കാര്യമല്ല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംജെ ബാബു ദ ക്യുവിനോട് പറഞ്ഞു.

'' എംപി പോകുന്നതിനെയും അവിടെ സഹായം എത്തിക്കുന്നതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ ഒരു സമയത്ത്് പുറത്തു നിന്നുള്ള ആളുകള്‍ അവിടെ പോകാന്‍ പാടില്ലായിരുന്നു. കാരണം അവിടെയുള്ളവര്‍ കുടിയില്‍ നിന്ന് പുറത്ത് പോയി തിരിച്ചു വന്നാല്‍ പോലും കൃഷിയിടത്തിലെ ഏറുമാടത്തില്‍ ക്വാറന്റീനില്‍ ഇരിക്കണമെന്നാണ് അവിടുത്തെ മൂപ്പന്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഒരു കേസുപോലും ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത്ര സൂക്ഷിച്ചാണ് കൂട്ടായ് അവര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. എംപിയുടെ കൂടെ വന്നു എന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അവിടെ പോകാന്‍ കഴിഞ്ഞത്.

ഫേസ്ബുക്കില്‍ വ്‌ളോഗര്‍ തന്നെ ഞങ്ങളവിടെ പോയി കുട്ടികള്‍ക്ക് ക്ലാസ് എടുത്തു എന്നൊക്കെ പറയുന്നത് കേട്ടു. എത്ര മോശമാണ് അതൊക്കെ. അതിനെന്ത് അധികാരമാണുള്ളത്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖം വന്നാല്‍ എന്ത് ചെയ്യും,'' എം.ജെ ബാബു ചോദിച്ചു.

എല്ലാ പ്രോട്ടോക്കോളും കൃത്യമായി പാലിക്കുന്ന ഒരു സ്ഥലത്തേക്ക് ഒരു മാനദണ്ഡവുമില്ലാതെ ആളുകള്‍ പോയതിലാണ് എതിര്‍പ്പ് പറഞ്ഞത്. അല്ലാതെ സഹായം എത്തിക്കുന്നതിനെയല്ല കുറ്റപ്പെടുത്തിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സുജിത്ത് ഭക്തന്‍ ഒരു ബിസിനസ് ചെയ്യുന്നയാളാണെന്ന് തന്നെ പറയാം. ഇടമലക്കുടിയില്‍ ആരെങ്കിലും ടൗണില്‍ പോയിട്ടുണ്ടെങ്കില്‍ പതിനഞ്ച് ദിവസം ക്വാറന്റീനില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. കൂട്ടായ പ്രവര്‍ത്തനമാണ് അവിടെ നടത്തുന്നത്.

അദ്ദേഹം ആരുടെ കൂടെ ചെന്നിട്ടുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക തന്നെയാണ് ചെയ്തത്. അവിടുത്തെ ആദിവാസി ജനതയുടെ സംസ്‌കാരമൊന്നും പ്രദര്‍ശന വസ്തുവാക്കേണ്ട ആവശ്യമില്ല. അവര്‍ അവരുടെ രീതിയില്‍ ജീവിച്ചു പോയിക്കോട്ടെ,'' മൂന്നാര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ പ്രസിഡന്റ്, മോഹന്‍ ദ ക്യുവിനോട് പറഞ്ഞു.

ഇതുവരെ ഇടമലക്കുടിയില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍ പറഞ്ഞു. നിലവില്‍ കര്‍ശനമായ ക്വാറന്റീന്‍ വ്യവസ്ഥ ഇടമലക്കുടിയില്‍ ഉണ്ടെന്നും, അവിടെയുള്ളവര്‍ അങ്ങനെ പുറത്തേക്ക് പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No stories found.
The Cue
www.thecue.in