ഇടഞ്ഞവരും മുതിര്‍ന്നവരും ഗ്രൂപ്പ് താല്‍പ്പര്യങ്ങളും, കെ.സുധാകരനെന്ന 'ക്രൗഡ് പുള്ളര്‍'ക്ക് മുന്നിലെ വെല്ലുവിളികള്‍

ഇടഞ്ഞവരും മുതിര്‍ന്നവരും ഗ്രൂപ്പ് താല്‍പ്പര്യങ്ങളും, കെ.സുധാകരനെന്ന 'ക്രൗഡ് പുള്ളര്‍'ക്ക് മുന്നിലെ വെല്ലുവിളികള്‍

''ഞാന്‍ പുതുമുഖമൊന്നുമല്ല, എല്ലാവരെയും എങ്ങനെ സഹകരിപ്പിച്ച് കൊണ്ടുപോകണമെന്നറിയാം, സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ ചിട്ടപ്പെടുത്തും, പാര്‍ട്ടിയെ ആത്മവിശ്വാസത്തിലേക്ക് തിരികെയെത്തിക്കും''

ഹൈക്കമാന്‍ഡ് എല്‍പ്പിച്ച കെപിസിസി അധ്യക്ഷനെന്ന ദൗത്യമേറ്റെടുത്ത് കെ.സുധാകരന്‍ പറഞ്ഞതിങ്ങനെയാണ്. പറയും പോലെ അത്ര എളുപ്പമല്ല സുധാകരന് മുന്നിലുള്ള വെല്ലുവിളി. എ-ഐ ഗ്രൂപ്പ് സമവാക്യങ്ങളെയും താല്‍പ്പര്യങ്ങളെ വെട്ടിനിരത്തി ദേശീയ നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ പ്രതിഷ്ഠിച്ചത് മുതല്‍ തലമുറമാറ്റത്തെ സംശയത്തോടെയും ആശങ്കയോടെയും കണ്ടുതുടങ്ങി നേതാക്കള്‍ ഒട്ടനവധിയുണ്ട് കോണ്‍ഗ്രസിനകത്ത്. അവരെ അനുനയിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുകയെന്നതാണ് സുധാകരന് മുന്നിലുള്ള ഏറ്റവും വലിയ ടാസ്‌ക്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രതിഛായയില്‍ ഭരണത്തുടര്‍ച്ച സാധ്യമാക്കിയ ഇടതുമുന്നണിയെയും കൃത്യമായ കേഡര്‍ സംവിധാനത്തില്‍ സംഘടനാ സംവിധാനവുമായി നീങ്ങുന്ന സിപിഎമ്മിനയെും നേരിടുന്നതിനൊപ്പം പാര്‍ട്ടിയിലെ താപ്പാനകളും ഗ്രൂപ്പ് നേതാക്കളും സൃഷ്ടിക്കുന്ന വെല്ലുവിളികളെയും കെ.സുധാകരന് അതിജീവിക്കേണ്ടി വരും. കണ്ണൂരിന്റെ പടക്കുതിരയെന്ന് പാര്‍ട്ടി വിശേഷിപ്പിച്ച പ്രതാപകാലത്ത് നിന്ന് നിരന്തര അവഗണനയെന്ന് പരസ്യമായി പറയേണ്ടി വന്ന ദുര്‍ബലതയിലേക്ക് കെ.സുധാകരന്‍ എത്തിച്ചേര്‍ന്നിരുന്നു. ഐ ഗ്രൂപ്പില്‍ നിന്നകലേണ്ടി വന്നതും ഈ അവഗണനയുടെ തുടര്‍ച്ചയിലാണ്.

അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോഴും ഗ്രൂപ്പ് താല്‍പ്പര്യങ്ങളുടെ കടമ്പ കടന്ന് തീരുമാനമുണ്ടാകുമോ എന്ന സംശയം സുധാകരനും ഉണ്ടായിരുന്നിരിക്കാം. സമീപകാല വാര്‍ത്താസമ്മേളനങ്ങളിലും ഈ ശങ്ക വ്യക്തമായിരുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി പദവികള്‍ മുതല്‍ സ്ഥാനാര്‍ത്ഥിത്വം വരെ ഗ്രൂപ്പ് പരിഗണനകള്‍ക്ക് പുറത്തേക്ക് അനുവദിക്കാതിരുന്നിടത്താണ് വി.എം.സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കെപിസിസി പ്രസിഡന്റുമാരാക്കിയത്. രണ്ട് പരീക്ഷണങ്ങളും ഗുണം കണ്ടതുമില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ കെ.വി തോമസും മുല്ലപ്പള്ളി രാമചന്ദ്രനും വരെ ഇടഞ്ഞവരുടെ പട തന്നെയുണ്ട് ഇപ്പോള്‍ പാര്‍ട്ടിയില്‍.

ചുരുങ്ങിയത് ആറുമാസത്തിനകം പാര്‍ട്ടിക്കകത്ത് നേതൃമാറ്റത്തിന്റെ പ്രതിഫലനമുണ്ടാകണം. ദയനീയ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് അണികളെ ആത്മവിശ്വാസത്തിലേക്കുയര്‍ത്താന്‍ കെ.സുധാകരനെന്ന പേര് മതിയാകും. പക്ഷേ അവിടെ നിന്നങ്ങോട്ട് ഗ്രൂപ്പ് താല്‍പ്പര്യങ്ങളെയും പദവിമോഹമുള്ള മുതിര്‍ന്ന നേതാക്കളെയും ഒരേ സമയം അനുനയിപ്പിച്ച് കൊണ്ടുപോവുക എളുപ്പമല്ല.

വ്യക്തിഹത്യാ സ്വാഭാവമുള്ള പ്രസംഗങ്ങളും വാവിട്ട പ്രതികരണങ്ങളും പ്രതിരോധത്തിലാക്കിയ നേതാവ് കൂടിയാണ് അതേ സമയം സുധാകരന്‍. കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ എന്നതിനൊപ്പം സിപിഐഎം വിരുദ്ധതയില്‍ പാര്‍ട്ടിയിലെ ഒന്നാമനുമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രതിപക്ഷത്തിന്റെ സമീപനമായിരിക്കില്ല തന്റേതെന്ന് വി.ഡി സതീശന്‍ പദവിയേറ്റെടുത്തതിന് പിന്നാലെ വ്യക്തമാക്കിയതാണ്. മാറിയ കാലത്തെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ് സതീശന്‍. വ്യക്തിഹത്യാ സ്വാഭാവമുള്ള പ്രസംഗങ്ങളും വാവിട്ട പ്രതികരണങ്ങളും പ്രതിരോധത്തിലാക്കിയ നേതാവ് കൂടിയാണ് അതേ സമയം സുധാകരന്‍. കോണ്‍ഗ്രസിലെ ക്രൗഡ് പുള്ളര്‍ എന്നതിനൊപ്പം സിപിഐഎം വിരുദ്ധതയില്‍ പാര്‍ട്ടിയിലെ ഒന്നാമനുമാണ്. കണ്ണൂര്‍ കോണ്‍ഗ്രസിലെ അതികായനെന്ന നിലക്കും അണികളെ ആവേശം കൊള്ളിക്കാനുമാണ് അത്തരം പ്രവര്‍ത്തനശൈലിയും പ്രതികരണങ്ങളുമെങ്കില്‍ കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ സുധാകരന് അവിടെയും നയം മാറ്റേണ്ടിവരും.

The Cue
www.thecue.in