'സദാചാര ഗുണ്ടയെ ചേർത്തു നിർത്തി ഇരയ്‌ക്കൊപ്പമെന്ന് പറയും', മാധ്യമസ്ഥാപനം പുറത്താക്കിയിട്ടും പ്രസ് ക്ലബ്ബ് നിയന്ത്രിക്കുന്ന രാധാകൃഷ്ണന്‍

'സദാചാര ഗുണ്ടയെ ചേർത്തു നിർത്തി ഇരയ്‌ക്കൊപ്പമെന്ന് പറയും', മാധ്യമസ്ഥാപനം പുറത്താക്കിയിട്ടും പ്രസ് ക്ലബ്ബ് നിയന്ത്രിക്കുന്ന രാധാകൃഷ്ണന്‍

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണനെ അന്വേഷണത്തിനൊടുവില്‍ കേരള കൗമുദി പുറത്താക്കിയിരിക്കുകയാണ്. പക്ഷേ ക്രിമിനല്‍ കുറ്റകൃത്യത്തിന് കേസ് നേരിടുന്ന കെ.രാധാകൃഷണന്‍ ഇപ്പോഴും നാനൂറില്‍പരം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിസ്ഥാനത്ത് തന്നെ തുടരുകയാണ്.

പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും ഇദ്ദേഹത്തിനാണ്. രാധാകൃഷ്ണനെ കെയുഡബ്ല്യുജെ (Kerala Union of Working Journalists) അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് നടന്ന അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയുഡബ്ല്യുജെയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പക്ഷേ മാധ്യമ പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും നിരന്തരം ഇടപെടുന്ന തലസ്ഥാനത്തെ പ്രസ് ക്ലബ്ബിന്റെ നിര്‍ണായക പദവിയില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ടിട്ടും, അതേ കുറ്റത്തിന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും രാധാകൃഷ്ണന്‍ തുടരുന്നത് എങ്ങനെയാണ് എന്ന വിമര്‍ശനങ്ങള്‍ വീണ്ടും ഉയരുകയാണ്.

സദാചാര ആക്രമണത്തില്‍ ചില വനിതാ മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് ചിലരുടെയും പിന്തുണ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അക്രമം നേരിട്ട മാധ്യമപ്രവര്‍ത്തക രമ്യ മുകുന്ദന്‍ ദ ക്യൂവിനോട് പറഞ്ഞു.

''രാധാകൃഷ്ണന് തിരുവനന്തപുരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ആളുകളുടെ പിന്തുണയുണ്ട്. അവര്‍ പറയുന്നത് ഞങ്ങള്‍ ഇരയോടൊപ്പം തന്നെയാണ് എന്നാണ്. പക്ഷേ നടപടി സ്വീകരിക്കാന്‍ തയ്യാറല്ല. എന്റെ കൂടെ നില്‍ക്കുന്നത് കുറച്ചു വനിതാ മാധ്യമപ്രവര്‍ത്തകരൊക്കെയാണ്. ഇക്കാര്യം നടന്നതിന് ശേഷം എനിക്ക് മനസിലാകുന്നത്, ഒരു പ്രശ്‌നമുണ്ടായാല്‍ നമ്മള്‍ പറയുന്നതാണ് സത്യം എന്ന് മനസിലായാലും എത്ര പേര്‍ കൂടെ നില്‍ക്കും എന്നതിന്റെ സത്യാവസ്ഥയാണ്.''

ഞാന്‍ പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടും, എന്നെ പഠിപ്പിച്ച അധ്യാപകരോടുമെല്ലാം ഇക്കാര്യം ചോദിക്കുമ്പോള്‍, അവര്‍ പറയുന്നത് അദ്ദഹം മാപ്പ് പറയാന്‍ സന്നദ്ധനായിരുന്നു എന്ന് അറിഞ്ഞല്ലോ, ഒരാള്‍ കുറ്റം ചെയ്തുവെന്ന് വിചാരിച്ച് എക്കാലവും അകറ്റിനിര്‍ത്തുന്നത് പ്രാകൃതമാണ് എന്നൊക്കെയാണ്.

ഇത്തരം വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. ഈ സംഭവത്തില്‍ പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതാണ്. എനിക്കിപ്പോള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതിന്റെ പേരില്‍ പൊലീസിനെ സ്വാധീനിക്കാന്‍ ഒന്നുമുള്ള കഴിവില്ല. അന്വേഷണത്തില്‍ തെളിഞ്ഞതുകൊണ്ടായിരിക്കുമല്ലോ കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിച്ചിരിക്കുക.

ഇപ്പോഴെല്ലാവരും പൊതുവേ പറയുന്ന ഒരു കാര്യമുണ്ടല്ലോ കേസെടുത്ത് അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മാത്രം പ്രതിയാകില്ല കോടതിയാണ് തീരുമാനിക്കേണ്ടത് എന്ന്, അതുതന്നെയാണ് പലരും ആവര്‍ത്തിക്കുന്നത്.

ഈ സംഭവം നടന്ന അന്ന് രാത്രി ഉറങ്ങിയിട്ടില്ല. മരിച്ചു കളഞ്ഞാലോ എന്നുവരെ ആലോചിച്ചു. എന്നെ കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. കുട്ടികളും വളരെ മോശം മാനസിക അവസ്ഥയില്‍ ആയിരുന്നു. അവര്‍ക്ക് വര്‍ഷങ്ങളോളം അറിയുന്ന ഒരാളാണ് വീട്ടില്‍ക്കയറി അക്രമിക്കുന്നത്. പക്ഷേ ചര്‍ച്ച ഞാന്‍ സംഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ പരിപാടിക്ക് പോയതാണ്.

എല്ലാവരും ചോദിക്കുന്നത് ഇത്തരമൊരു പ്രശ്‌നം നേരിട്ട ഒരാള്‍ തൊട്ടടുത്ത ദിവസം തന്നെ പരിപാടിക്ക് വരുമോ എന്നൊക്കെയാണ്. ദിലീപിന്റെ വിഷയം ഉണ്ടായപ്പോള്‍ അക്രമം നേരിട്ട നടി ഷൂട്ടിങ്ങിന് പോയതുപോലെ. ഇതൊരു ആസൂത്രിതമായ ക്രൈം ആണെന്നും ആരും മനസിലാക്കുന്നില്ല. സത്യത്തില്‍ എങ്ങനെയാണ് ആളുകള്‍ അയാള്‍ക്കൊപ്പം നില്‍ക്കുന്നത് എന്നാലോചിച്ച് അത്ഭുതമാണ് തോന്നുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട എത്ര വാര്‍ത്തകള്‍ ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.

ഇപ്പോഴാണ് എനിക്കിങ്ങനെ സംസാരിക്കാന്‍ ഒക്കെ കഴിയുന്നത്. നമ്മുട കമ്പനി കൂടെ നിന്ന് അയാള്‍ക്കെതിരെ നടപടി എടുത്തു എന്നൊക്കെ അറിയുമ്പോള്‍ ഒരാശ്വാസമാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഇപ്പോഴും അതിനുമുന്‍പുള്ള ജീവിതം എത്ര നല്ലതായിരുന്നു എന്നൊക്ക ആലോചിക്കും,'' അക്രമം നേരിട്ട മാധ്യമ പ്രവര്‍ത്തക ദ ക്യൂവിനോട് പറഞ്ഞു.

സ്ത്രീകളെ ആക്രമിക്കുന്ന സെക്രട്ടറിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് വനിതാമാദ്ധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ഓഫീസിന് മുമ്പില്‍ മുദ്രാവാക്യം വിളിച്ചിട്ടും, സംഭവം നടന്നതുമുതല്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി നിരന്തരം ഇടപെടലുകള്‍ നടത്തിയിട്ടും രാധാകൃഷ്ണനെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല.

അഖിലേന്ത്യാ വനിതാമാദ്ധ്യമപ്രവര്‍ത്തക കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പക്ഷേ ആദ്യഘട്ടത്തില്‍ പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കപ്പെട്ട രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ച് വീണ്ടും പ്രസ് ക്ലബ്ബ് നേതൃസ്ഥാനത്ത് എത്തുകയായിരുന്നു. പീന്നീട് ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകളോ, അയാളെ മാറ്റാനുള്ള ശ്രമങ്ങളോ നടന്നിട്ടില്ല.

രാധാകൃഷ്ണനെ പുറത്താക്കണമെന്ന ആവശ്യം നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ നിരവധി തവണ ആവശ്യപ്പെട്ടുകയും ജെന്‍ഡര്‍ ക്രമിനലായ രാധാകൃഷ്ണനൊപ്പം വേദി പങ്കിടരുതെന്ന് രാഷ്ട്രീയ സാംസ്‌കാരി നേതൃത്വങ്ങളിലെ വ്യക്തികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2019ല്‍ സഹപ്രവര്‍ത്തകയായ മാധ്യമ പ്രവര്‍ത്തകയെ അവരുടെ വീട്ടിലെത്തി കുട്ടികളുടെ മുന്നില്‍ വെച്ച് അക്രമിച്ചിട്ടും രാധാകൃഷ്ണന് പ്രസ് ക്ലബ്ബിന്റെ നേതൃസ്ഥാനത്തിരിക്കുന്നതിലെ അനീതി ചൂണ്ടിക്കാണിക്കപ്പെടുന്നില്ല. രാധാകൃഷ്ണന്‍ ഇപ്പോഴും പ്രസ് ക്ലബ്ബ് സെക്രട്ടറിയായി തുടരുന്നത് അനീതിയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ഇടപെടുന്ന പ്രസ് ക്ലബ്ബില്‍ നിന്ന് അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ പ്രവര്‍ത്തകയും, ദ ന്യൂസ് മിനിറ്റിലെ മാധ്യമ പ്രവര്‍ത്തകയുമായ സരിതാ എസ് ബാലന്‍ ദ ക്യൂവിനോട് പറഞ്ഞു.

ഒരു സ്ത്രീയുടെ വീട്ടില്‍ കയറി സദാചാര ഗൂണ്ടായിസം കാണിക്കുകയും, അവരുടെ മക്കളുടെ മുന്നില്‍ വെച്ച് അക്രമം നടത്തുകയും ചെയ്ത രാധാകൃഷ്ണന്‍ ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ രാധാകൃഷ്ണന് തുടരാനുള്ള ഒരു അവകാശവും ഇല്ല. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെല്ലാം ജോലി ചെയ്യുന്ന സ്ഥലത്തുള്ള ഒരു പ്രസ് ക്ലബ്ബാണ് തിരുവനന്തപുരം പ്രസ് ക്ലബ്. ഇത്രവലിയ പരാതി ഉയര്‍ന്ന ഒരാളെ മാറ്റാന്‍ പത്ര പ്രവര്‍ത്തക യൂണിയനുകള്‍ക്കും കെയുഡബ്ല്യുജെക്കും ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്നത് മൊത്തം മലയാള മാധ്യമപ്രവര്‍ത്തകര്‍ക്കും നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീന രഘുനാഥ് ദ ക്യൂവിനോട് പറഞ്ഞു.

ഒരു വിധത്തിലും തുടരാനുള്ള ധാര്‍മ്മിക അവകാശം അയാള്‍ക്കില്ല. ജെന്‍ഡര്‍ റൈറ്റ്‌സിന്റെ വലിയ ചോദ്യമാണ് ഈ പ്രശ്‌നം ഉയര്‍ത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൗമുദിയിലെ ജോലി പോയത് കൊണ്ട് മാത്രമല്ല ഇപ്പോൾ രാധാകൃഷ്ണന്‍ പുറത്ത് പോകേണ്ടത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഐഡന്റിറ്റിക്ക് ചേരാത്ത പ്രവൃത്തിയാണ് അയാള്‍ ചെയ്തത്. സഹപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗൂണ്ടായിസം നടത്തുകയും ആ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിക്കാനുമാണ് അയാള്‍ ശ്രമിച്ചത്.

അതുകൊണ്ട് തന്നെ അയാളെ പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കണമെന്ന് മാധ്യമ പ്രവര്‍ത്തക സരിത വര്‍മ്മ ദ ക്യൂവിനോട് പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറിയായി രാധാകൃഷ്ണന്‍ തുടരുമ്പോള്‍ കടുത്ത നീതി നിഷേധമാണ് മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ജോലി നോക്കുന്ന സ്ത്രീകളൊന്നാകെ നേരിടുന്നത്. വിഷയത്തില്‍ നടപടി എടുക്കുന്നതിന് പകരം പലഘട്ടങ്ങളിലും അക്രമം നേരിട്ട മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം നിന്ന സ്ത്രീകളെ കൂടി അപമാനിക്കുന്ന സാഹചര്യമാണിത്.

No stories found.
The Cue
www.thecue.in