ചോക്ലേറ്റ് പ്രതിവിധിയും രാംദേവിന്റെ അശാസ്ത്രീയ മണ്ടത്തരങ്ങളും കൂടി നേരിടണമെന്നതാണ് ഇന്ത്യയുടെ ദുര്‍വിധി

ചോക്ലേറ്റ് പ്രതിവിധിയും രാംദേവിന്റെ അശാസ്ത്രീയ മണ്ടത്തരങ്ങളും കൂടി നേരിടണമെന്നതാണ് ഇന്ത്യയുടെ ദുര്‍വിധി

ഗംഗാ നദിയില്‍ കൊവിഡ് ബാധിതരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയാണ്, ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകാതെ ബന്ധുക്കള്‍ രാപ്പകല്‍ അലഞ്ഞു നടക്കുന്നു.

ഓക്‌സിജന്‍ സിലിണ്ടറിന് ആയിരങ്ങള്‍ ഇപ്പോഴും കാത്ത് കിടക്കുന്നു. ഭരണാധികാരികളോട് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ജനങ്ങള്‍ ആര്‍ത്തലച്ച് കരയുന്നുണ്ട്. ഇന്ത്യയുടെ ദുര്‍വിധി അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ചര്‍ച്ചചെയ്യുന്നു.

പക്ഷേ ഇന്ത്യക്കാര്‍ക്ക് തുടക്കം മുതല്‍ നേരിടേണ്ടി വന്നത് കണ്ണ് തുറക്കാത്ത കാത് കേള്‍ക്കാത്ത ഒരു ഭരണകൂടത്തെ മാത്രമല്ല, നാടുനീളെ നടന്ന് അശാസ്ത്രീയത വിളമ്പുന്ന ഭരണാധികാരികളെയും അവരുടെ സില്‍ബന്തികളെയും കൂടിയാണ്.

ദശലക്ഷക്കണക്കിന് രോഗികളിലേക്കും മരണങ്ങളിലേക്കും മഹാമാരിയുടെ വ്യാപ്തിയെത്തിയിട്ടും ഇന്ത്യ മാത്രം ഉണര്‍ന്നെഴുന്നേല്‍ക്കാതെ ഇപ്പോഴും അശാസ്ത്രീയതയുടെ മറപിടിച്ച് പാളിച്ചകള്‍ മറച്ചുവെക്കുകയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങുന്ന ചോക്ലേറ്റ് കഴിച്ചാൽ മതിയെന്നാണ് ആരോ​ഗ്യമന്ത്രി ഹർഷവർധൻ തന്നെ പറഞ്ഞിരിക്കുന്നത്.

ഇതിന് പുറമേ കൊവിഡിനെതിരെ ചാണകവും ​ഗോമൂത്രവും ഉപയോ​ഗിച്ച് അഹമ്മദാബാദിൽ ചികിത്സ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

കഴിഞ്ഞ ദിവസം രോഗവ്യാപനത്തിന്റെ തീവ്രത മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോള്‍ പതജ്ഞലി ഉടമ ബാബാ രാംദേവ് ശ്വാസം കിട്ടാതെ മരിച്ചു വീണ, ജീവവായുവിന് കാത്തുകിടക്കുന്ന പതിനായിരങ്ങളെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

''ദൈവം നമുക്ക് സൗജന്യമായി ശ്വസിക്കാന്‍ ഓക്‌സിജന്‍ തന്നിട്ടുണ്ട്. എന്നിട്ടും ആളുകള്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നു. ഭഗവാന്‍ ഈ ലോകം മുഴുവന്‍ ഓക്‌സിജന്‍ നിറച്ചിട്ടുണ്ട്. അതെടുക്കെടോ വിഡ്ഡീ.

ആളുകളെല്ലായിടത്തും ഓക്‌സിജന്‍ സിലിണ്ടര്‍ അന്വേഷിക്കുകയാണ്. നിങ്ങളുടെ ഉള്ളില്‍ തന്നെ രണ്ട് സിലിണ്ടറുകളുണ്ട്(നാസദ്വാരം കാണിച്ചുകൊണ്ട്). സിലിണ്ടര്‍ ഇല്ല പോലും (ചിരിക്കുന്നു). നിങ്ങള്‍ ഇതൊന്നും ഉപയോഗിക്കുന്നില്ല. വന്നിതെല്ലാം ഉപയോഗിക്കൂ. ആര്‍ക്കെങ്കിലും ഓക്‌സിജന്‍ കിട്ടുന്നില്ലെങ്കില്‍ എന്നെ വിവരമറിയിക്കൂ. എഴുപതും എണ്‍പതുമായി ഓക്‌സിജന്‍ ലെവല്‍ ചുരുങ്ങിയവരെ വരെ ഞാന്‍ യോഗ ചെയ്ത് രക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ധൈര്യം വേണം,'' എന്നാണ് ബാബാ രാംദേവ് പറഞ്ഞത്.

എങ്ങിനെ ശ്വസിക്കണമെന്ന് അറിയാത്ത രോഗികള്‍ ഓക്‌സിജന്‍ ക്ഷാമമെന്ന് പറഞ്ഞ് നെഗറ്റിവിറ്റി സ്‌പ്രെഡ് ചെയ്യുകയാണ് എന്നും രാംദേവ് പറഞ്ഞു.

കൊവിഡ് 19 രോഗികളോട് ആശുപത്രിയില്‍ പോകരുതെന്നും തന്റെ ഉപദേശം സ്വീകരിച്ച് ലക്ഷണങ്ങളെ സ്വയം ചികിത്സിച്ചാല്‍ മതിയെന്നും രാം ദേവ് ആഹ്വാനം ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ കാട്ടൂതീ പോലെയാണ് രാം ദേവിന്റെ വീഡിയോ പടർന്നത്.

ഇന്ത്യാസര്‍ക്കാറിന്റെ കൊവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗരേഖകളെ മുഴുവന്‍ ഒരാള്‍ വന്ന് തികച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ പറഞ്ഞ് എതിര്‍ത്തിട്ടും അയാള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എടുക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല, കാരണം ഇത്തരം പ്രചരണങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ചോക്ലേറ്റ് സിദ്ധാന്തത്തിന്റെ ഉത്തരം തേടുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ.നവ്‌ജ്യോത് സിംഗ് ദഹിയ മാത്രമാണ് ജലന്ദര്‍ പൊലീസ് സ്റ്റേഷനില്‍ രാംദേവിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാം ദേവിനെതിരെ ഉന്നതല അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ദഹിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ജനതയുടെ മുന്നിലുള്ള വെല്ലുവിളി അപര്യാപ്തമായ വാക്‌സിന്‍ നയവും കിട്ടാക്കനിയായി മാറി കൊണ്ടിരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളും ഹോസ്പിറ്റല്‍ ബെഡുകളും ചികിത്സയും മാത്രമല്ല, ഇത്തരം അശാസ്ത്രീയ പ്രചരണങ്ങളെ നേരിടുന്നതുകൂടിയാണ്.

കൊവിഡ് ഇന്ത്യയിലെത്തി ഒരുവര്‍ഷം പിന്നിട്ടിട്ടും അശാസ്ത്രീയ പ്രചരണങ്ങള്‍ ഇന്ത്യ എമ്പാടും കൊറോണയുടെ വ്യാപനശേഷിയോട് മത്സരിക്കുന്ന വിധത്തിലാണ് പ്രചരിക്കുന്നത്.

കേന്ദ്ര മന്ത്രിമാര്‍ തന്നെയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നതാണ് ദൗര്‍ഭാഗ്യകരം.

കൊവിഡ് ഇന്ത്യയില്‍ എത്തി തുടങ്ങിയ സമയത്ത് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി ചൗബേ പറഞ്ഞത് നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു.

കേന്ദ്ര മന്ത്രി രാം ദാസ് അത്തേവാല നിര്‍ദേശിച്ച പരിഹാരമാര്‍ഗം ഗോ കൊറോണ ഗോ കൊറോണ മന്ത്രമായിരുന്നു. മന്ത്രമുരുവിട്ടിട്ടും മാസങ്ങള്‍ക്ക് ശേഷം കൊവിഡ് വന്നപ്പോള്‍ വൈറസിന്റെ വ്യാപന ശേഷി കൂടുതലാണെന്ന് പറഞ്ഞ അത്തേവാല ജനിത വ്യതിയാനം വന്ന വൈറസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പറഞ്ഞ മറുപടി നോ കൊറോണ നോ കൊറോണ എന്നായിരുന്നു. പാത്രം കൊട്ടാന്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്ത രാജ്യമാണിത്.

കൊറോണയ്‌ക്കെതിരെ ഗോമൂത്രപാര്‍ട്ടിവരെ ഇന്ത്യയില്‍ നടന്നു. ന്യൂദല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വെച്ച് നടന്ന പരിപാടിക്കെതിരെ ഒരു നടപടിയും ഉണ്ടായിരുന്നില്ല.

നടപടികളിലേക്ക് പോകണമെങ്കില്‍ ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നേനെ കേന്ദ്ര സര്‍ക്കാരിന്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെയാണ് അശാസ്ത്രീയ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

യോഗ പരിശീലനം പതിവായി നടത്തുന്നത് കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമെതിരായ പ്രതിരോധത്തിന് സഹായമാകുമെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. ഇന്ന് അതേ വാദം തന്നെയാണ് ബാബ രാം ദേവ് ആവര്‍ത്തിക്കുന്നത്.

ഗോമൂത്രമാണ് കൊവിഡിനുള്ള മരുന്നെന്ന് സ്ഥാപിക്കാന്‍ കൊറോണ ഇന്ത്യയിലെത്തിയതുമുതല്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും അത് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ബല്ലിയ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ സുരേന്ദ്ര സിംഗ് പറഞ്ഞത് ഗോമൂത്രമാണ് കൊവിഡിന് മരുന്നെന്നാണ്. സ്വയം ഗോമൂത്രം കൂടിക്കുന്ന വീഡിയോ ഇയാള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

വൈറസിന് ജനതിക മാറ്റം വന്ന് പടര്‍ന്നു പിടിക്കുമ്പോഴും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല. അവര്‍ക്ക് കൊറോണ ഇപ്പോഴും ഗോമൂത്രം കൊണ്ട് മാറാവുന്ന പ്രശ്‌നമാണ്. അവരെ സംബന്ധിച്ചിടത്തോളം ശ്വാസം കിട്ടാത്തത് ശ്വസിക്കാന്‍ അറിയാത്തതുകൊണ്ടാണ്. സയന്‍സിനെ പൂര്‍ണമായും നിരാകരിക്കുന്ന വാദങ്ങള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം മതപണ്ഡിതന്മാരും രാഷ്ട്രീയക്കാരും ചേര്‍ന്നു പ്രചരിപ്പിച്ചിരുന്നു.

അസമിലെ ബി.ജെ.പി നേതാവ് ഹിമാന്ത ബിശ്വാസ് ശര്‍മ്മ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത് അസമില്‍ കൊവിഡ് ഇല്ല, അതുകൊണ്ട് മാസ്‌ക് ധരിക്കേണ്ടെന്നാണ്. ഇപ്പോളദ്ദേഹം അസമിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. മുന്‍പ് പറഞ്ഞതില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചു നില്‍ക്കുന്നില്ലെന്ന് വിശ്വസിക്കാം. കേരളത്തിലും ഇത്തരം അശാസ്ത്രീയ പ്രചരണങ്ങള്‍ തുടക്കം മുതല്‍ നടന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് പ്രതിരോധമെന്ന പേരില്‍ മുഴുവന്‍ വീടുകളിലും ആലപ്പുഴ നഗരസഭ ധൂമ സന്ധ്യ നടത്തിയിരുന്നു. അനുദിനം പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിക്കുമ്പോഴും ശാസ്ത്രം കൊണ്ട് നേരിടേണ്ട കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അശാസ്ത്രീയതയും അവാസ്തവ പ്രചരണവും നിറച്ച് ഏറെ പിന്നിലായിരിക്കുന്ന ഇന്ത്യയെ വീണ്ടും പിന്നിലേക്ക് നടത്തുകയാണ് ഒരു യുക്തിയുമില്ലാത്ത ഇത്തരം പ്രചരണങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in