'പട്ടാമ്പി'യില്‍ വഴിമുട്ടി കോണ്‍ഗ്രസ്-ലീഗ് സീറ്റ് ചര്‍ച്ച; തര്‍ക്കം മുറുകുന്നു

'പട്ടാമ്പി'യില്‍ വഴിമുട്ടി കോണ്‍ഗ്രസ്-ലീഗ് സീറ്റ് ചര്‍ച്ച; തര്‍ക്കം മുറുകുന്നു

പട്ടാമ്പി സീറ്റ് കൈമാറുന്നതില്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം മുറുകുന്നു. മുസ്ലിംലീഗ് ആവശ്യപ്പെട്ട അധിക സീറ്റില്‍ പട്ടാമ്പിയും ഉള്‍പ്പെട്ടിരുന്നു. ഈ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ്. പട്ടാമ്പി സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് മുസ്ലിംലീഗിന്റെയും നിലപാട്.

മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് മുസ്ലിംലീഗിന് സീറ്റ് വിട്ട് കൊടുക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ സാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മുസ്ലിംലീഗിന് പട്ടാമ്പി സീറ്റ് ലഭിച്ചാല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് സ്ഥാനാര്‍ത്ഥിയാകും.

ആറ് സീറ്റാണ് മുസ്ലീംലീഗ് അധികമായി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ കൂത്തുപറമ്പും ചേലക്കരയും ഇരവിപുരവും മുസ്ലിംലീഗിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. മുസ്ലിംലീഗിന്റെ കൈവശമുണ്ടായിരുന്ന ബാലുശേരി മണ്ഡലം വിട്ടു കൊടുത്ത് കുന്നമംഗലം ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റ് കൂടി വേണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് വേണമെന്നാണ് ലീഗ് അറിയിച്ചിട്ടുള്ളത്. മൂന്ന് സീറ്റ് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വാദം. ആറ് സീറ്റ് എന്ന നിലപാടില്‍ ലീഗ് ഉറച്ച് നില്‍ക്കുകയാണ്. ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Related Stories

No stories found.
logo
The Cue
www.thecue.in