'വിജയസാധ്യതയുള്ളവര്‍ മതി', നേതാക്കളെല്ലാം മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം

'വിജയസാധ്യതയുള്ളവര്‍ മതി', നേതാക്കളെല്ലാം മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം

വിജയസാധ്യതയുള്ളവരെ മാത്രം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മതിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം. നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥികളാകേണ്ടതില്ല. വിജയസാധ്യതയുള്ളവരെ പുറത്ത് നിന്ന് പരിഗണിക്കാമെന്നും ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ നിര്‍ദേശിച്ചു.

സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തയ്യാറെടുക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളാണ് ഇവരില്‍ മിക്കവരും ലക്ഷ്യമിടുന്നത്. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയാണ് ലക്ഷ്യമെന്നും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സംസ്ഥാന നേതൃയോഗത്തില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് കെ.സുരേന്ദ്രന്‍. പാര്‍ട്ടിയുമായി അകന്ന് കഴിഞ്ഞിരുന്ന ശോഭ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വമെടുത്ത മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, നടന്‍ കൃഷ്ണകുമാര്‍ എന്നിവരും മത്സരരംഗത്തുണ്ടാകും. കൃഷ്ണകുമാറിന് തിരുവനന്തപുരം ജില്ലയിലെ മണ്ഡലം നല്‍കാനാണ് സാധ്യത. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള പ്രമുഖരെയും രംഗത്തിറക്കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

30 സീറ്റുകള്‍ എ ക്ലാസാണെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 70 മണ്ഡലങ്ങളില്‍ കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും നേതൃത്വം അവകാശപ്പെടുന്നു. പ്രധാന നേതാക്കളും പ്രമുഖ വ്യക്തികളും എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിക്കും.

AD
No stories found.
The Cue
www.thecue.in