വി.പി സാനു വീണ്ടും മത്സരത്തിന്?;പെരിന്തല്‍മണ്ണയില്‍ സി.പി.എം പരിഗണിക്കുന്ന പേരുകളില്‍ സാനുവും

വി പി സാനു  
വി പി സാനു  Vaishnav PKTR

എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിപ്പിച്ചേക്കുമെന്ന് സൂചന. പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് വി.പി സാനുവിനെ പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 579 വോട്ടിന്റെ ലീഡ് മാത്രമാണ് മുസ്ലിംലീഗിലെ മഞ്ഞളാംകുഴി അലിക്ക് നേടാനായത്. വി.പി സാനുവിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വി.പി സാനു സജീവമായി പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയായിരുന്നു വി.പി സാനു. പൗരത്വ വിഷയത്തിലുള്‍പ്പെടെ പി.കെ കുഞ്ഞാലിക്കുട്ടി ഗൗരവമായ ഇടപെടല്‍ നടത്തിയില്ലെന്ന വിമര്‍ശനം മുസ്ലിം വിഭാഗത്തിനിടയിലുണ്ട്.വി.പി സാനുവിനെ മത്സരിപ്പിക്കുന്നതിലൂടെ ഈ രണ്ട് വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്നാണ് സി.പി.എം കരുതുന്നത്.

2006ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച വി.ശശികുമാര്‍, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന എം.മുഹമ്മദ് സലിം എന്നീ പേരുകളും സി.പി.എമ്മിന്റെ സാധ്യത പട്ടികയിലുണ്ട്. 2006ല്‍ ഹമീദ് മാസ്റ്ററെ പരാജയപ്പെടുത്തിയാണ് വി.ശശികുമാര്‍ മണ്ഡലം പിടിച്ചെടുത്തത്. 2011ല്‍ മഞ്ഞളാംകുഴി അലി 9589 വോട്ടിന്റെ ലീഡില്‍ മണ്ഡലം ലീഗിന് തിരിച്ച് നല്‍കി. 2016ല്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ശശികുമാറിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചത് മഞ്ഞളാംകുഴി അലിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സുരക്ഷിത മണ്ഡലം തേടി മങ്കടയിലേക്ക് മാറുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി അഷറഫലിയുടെ പേരാണ് മുസ്ലിംലീഗിന്റെ പരിഗണനയിലുള്ളത്. വി.പി സാനുവും ടി.പി അഷറഫലിയും സ്ഥാനാര്‍ത്ഥികളാവുകയാണെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ദേശീയ അധ്യക്ഷന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനായിരിക്കും പെരിന്തല്‍മണ്ണ സാക്ഷ്യം വഹിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in