മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം: കോഴിക്കോട് അനിശ്ചിതത്വം; സീറ്റ് കിട്ടില്ലെന്ന് ആശങ്കയില്‍ നേതാക്കളുടെ വിശ്വസ്തരും

മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം: കോഴിക്കോട് അനിശ്ചിതത്വം; സീറ്റ് കിട്ടില്ലെന്ന് ആശങ്കയില്‍ നേതാക്കളുടെ വിശ്വസ്തരും

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോഴിക്കോട് ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ ആശങ്കയില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് ആലോചിക്കുന്നത്. ഇത് അനുസരിച്ചായിരിക്കും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായ അനുയായികള്‍ക്ക് സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ടി.സിദ്ദിഖും എന്‍.സുബ്രഹ്‌മണ്യനും തഴയപ്പെടുമെന്ന ആശങ്കയിലാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി സീറ്റ് ഉറപ്പിച്ചാല്‍ ടി.സിദ്ദീഖ് കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ ആഗ്രഹം അറിയിച്ചതോടെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നോര്‍ത്ത് മണ്ഡലത്തിലേക്ക് മാറിയത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ എന്‍.സുബ്രഹ്‌മണ്യന്‍ കൊയിലാണ്ടി സീറ്റ് മോഹിച്ചിരുന്നു. മുല്ലപ്പള്ളി മത്സരിച്ചാല്‍ സുബ്രഹ്‌മണ്യന്‍ തഴയപ്പെടും. കുന്നമംഗലം സീറ്റ് ലീഗിന് നല്‍കുകയാണെങ്കില്‍ സുബ്രഹ്‌മണ്യനെ അവിടെയും പരിഗണിക്കപ്പെടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും കൊയിലാണ്ടിക്കായി രംഗത്തുണ്ട്.

എലത്തൂരില്‍ യു.വി ദിനേശ് മണിക്ക് സീറ്റ് നല്‍കണമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. ബാലകൃഷ്ണക്കിടവ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ജിതേഷ് കുമാര്‍ എന്നിവരും സീറ്റിനായി ശ്രമിക്കുന്നുണ്ട്.

ബേപ്പൂരില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി ടീച്ചറും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് എന്നിവരാണ് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍.

കോഴിക്കോട് നോര്‍ത്തില്‍ കെ.എം അഭിജിത്തിന് പുറമേ വിദ്യാ ബാലകൃഷ്ണന്‍, എ.ഐ.സി.സി അംഗം ഡോക്ടര്‍ ഹരിപ്രിയ എന്നിവരും രംഗത്തുണ്ട്. ഇവിടെ പ്രൊഫഷണല്‍ രംഗത്തെ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയ സര്‍വേക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും ഇത് ചൂണ്ടിക്കാട്ടി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. നാദാപുരം മണ്ഡലം വിട്ട് പ്രവീണ്‍കുമാര്‍ പേരാമ്പ്ര മണ്ഡലത്തിനായി ശ്രമിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in