വടകരയില്‍ കെ.കെ രമയെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും; സീറ്റ് നല്‍കണമെന്ന് ലീഗും മുരളീധരനും

വടകരയില്‍ കെ.കെ രമയെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും; സീറ്റ് നല്‍കണമെന്ന് ലീഗും മുരളീധരനും

വടകര സീറ്റില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. കെ..കെ.രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീംലീഗും ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരന്‍ എം.പി രമയെ മത്സരിക്കണമെന്ന നിലപാട് ആര്‍.എം.പി നേതൃത്വത്തെ അറിയിച്ചിരുന്നു.

ആര്‍.എം.പിക്ക് സീറ്റ് നല്‍കരുതെന്ന് കോഴിക്കോട് ഡി.സി.സി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിലെ ഒരുവിഭാഗം കെ.കെ രമയെ പിന്തുണയ്ക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍ക്ക് മത്സരിക്കുന്നതിനായാണ് ആര്‍.എം.പിക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

ആര്‍.എം.പിയുമായി അകന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.കെ രമ മത്സരിക്കുന്നതിനോട് യോജിക്കുന്നില്ല. ജില്ലയില്‍ അധിക സീറ്റ് ചോദിച്ച ലീഗിന് വടകര നല്‍കി അവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ.കെ രമയെ മത്സരിപ്പിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ടായിരുന്നു. ഡി.സി.സി വിയോജിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഒഞ്ചിയം മേഖലയില്‍ യു.ഡി.എഫുമായി ചേര്‍ന്നാണ് ആര്‍.എം.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കെ.കെ രമയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ആര്‍.എം.പി നേതൃത്വം തന്നെ വ്യക്തമാക്കുന്നത്. യു.ഡി.എഫ് പിന്തുണയോടെ എന്‍.വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍.എം.പിയുടെ നീക്കം. അതിന് യു.ഡി.എഫില്‍ നിന്നും വലിയ പിന്തുണ ലഭിച്ചേക്കില്ല. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ കെ.കെ രമയെ വടകരയില്‍ മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫിലെ ഒരുവിഭാഗത്തിന്റെ പ്രതീക്ഷ.

No stories found.
The Cue
www.thecue.in