'നോവലിലെ കഥാപാത്രങ്ങളും, സന്ദര്‍ഭങ്ങളും അതേപടി മോഷ്ടിച്ചു'; അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ്

'നോവലിലെ കഥാപാത്രങ്ങളും, സന്ദര്‍ഭങ്ങളും അതേപടി മോഷ്ടിച്ചു'; അഞ്ചാംപാതിരക്കെതിരെ ലാജോ ജോസ്

മലയാളത്തിലെ ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയുടെ കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ്. ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകളില്‍ നിന്നാണ് കഥ കോപ്പിയടിച്ചതെന്നും ലാജോ ദ ക്യുവിനോട് പറഞ്ഞു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ലാജോ ഇക്കാര്യം കമന്റ് ചെയ്തിരുന്നു.

തന്റെ നോവലുമായി സാമ്യമുള്ള കഥാപാത്രങ്ങളും കുറേ സാഹചര്യങ്ങളും അഞ്ചാം പാതിരയിലുണ്ടെന്നും, ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ലാജോ ജോസ് പറഞ്ഞു. അഞ്ചാംപാതിരയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാജോ ജോസിന്റെ വാക്കുകള്‍:

മെയ് 2019നാണ് ഹൈഡ്രേഞ്ചിയ എന്ന എന്റെ നോവല്‍ പുറത്തിറങ്ങിയത്. നവംബര്‍ 2019ന് റൂത്തിന്റെ ലോകം എന്ന നോവലും പുറത്തിറങ്ങി. അഞ്ചാം പാതിര റിലീസ് ചെയ്യുന്നത് 2020 ജനുവരിയിലാണ്. തിയറ്ററില്‍ പോയി സിനിമ കണ്ടപ്പോള്‍ ആദ്യത്തെ സീന്‍ തൊട്ടേ പിശക് തോന്നിയിരുന്നു. കാരണം എന്റെ നോവലുമായി സാമ്യമുള്ള കുറേ സാഹചര്യങ്ങളും കഥാപാത്രങ്ങളുമൊക്കെ വരാന്‍ തുടങ്ങി. ഉദാഹരണം പറയുകയാണെങ്കില്‍ അതിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ, അവരുടെ കാരക്ടറൈസേഷനും, അവര്‍ കടന്നു പോകുന്ന മാനസിക വ്യാപാരങ്ങളുമെല്ലാം എന്റെ നോവലിലുണ്ട്. അത് അത് പോലെ തന്നെ കോപ്പിയടിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍ ചെയ്ത കഥാപാത്രവും, വില്ലന്‍ ബെഞ്ചമിന്റെ കഥാപാത്രവുമെല്ലാം അങ്ങനെ തന്നെയാണ്. ഇതേപോലുള്ള കഥാപാത്രങ്ങള്‍ എന്റെ നോവലിലും ഉണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകളും, ബെഞ്ചമിന്‍ എന്ന കഥാപാത്രവുമെല്ലാം എന്റെ മൂന്നാമത്തെ നോവലായ റൂത്തിന്റെ ലോകത്തില്‍ നിന്ന് എടുത്തതാണ്. റിപ്പര്‍ ആയി അവതരിപ്പിച്ചിരിക്കുന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം, അതേ പോലൊരു കഥാപാത്രം എന്റെ നോവലിലും ഉണ്ട്.

ഒരു വര്‍ഷമായി ഞാന്‍ എന്നെ തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യാദൃശ്ചികമായി സംഭവിച്ചതാകാം എന്നൊക്കെ ചിന്തിച്ചു നോക്കി. എന്നാല്‍ രണ്ടാം ഭാഗം വരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ പേടിയായി. കാരണം അഞ്ചാം പാതിര ഇറങ്ങുന്ന സമയത്ത് ഹൈഡ്രേഞ്ചിയ എന്ന നോവല്‍ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ചിത്രം കണ്ട സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞത് നമ്മുടെ ഹൈഡ്രേഞ്ചിയ പോയെന്നായിരുന്നു. അഞ്ചാംപാതിര അപ്പോഴേക്കും ഹിറ്റായി മാറി. അഞ്ചാംപാതിരയുമായി ഹൈഡ്രേഞ്ചിയയുടെ കഥയ്ക്ക് സാമ്യം ഉള്ളതിനാല്‍ പലരും ആ പ്രൊജക്ട് ഉപേക്ഷിച്ചു. എന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു ഹൈഡ്രേഞ്ചിയ. ഇത് ഇല്ലാതായത് ഡിപ്രഷനിലേക്ക് എത്തിച്ചു. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സബ്ജക്ട് ആയിരുന്നു അത്. ഇപ്പോഴാണ് പ്രതികരിക്കാനുള്ള മനശക്തി ലഭിച്ചത്.

പുതിയ ചിത്രത്തിനായി അഞ്ചാം പാതിരയുമായി സാമ്യമുള്ളതെല്ലാം ഞാന്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. എന്റെ തന്നെ കഥ മറ്റൊരാള്‍ കോപ്പിയടിച്ചതുകൊണ്ട് മാറ്റിയെഴുതേണ്ടി വരുന്നത് മാനസികമായി ഒരുപാട് വിഷമമുണ്ടാക്കുന്നുണ്ട്. തിരക്കഥാകൃത്താകുക എന്നത് ജീവതത്തിലെ എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിനിടെയാണ് അഞ്ചാം പാതിര രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞത്. ഇതോടെ വീണ്ടും പേടിയായി, ഹൈഡ്രേഞ്ചിയയുടെ ബാക്കി ഭാഗങ്ങള്‍ കൂടി എടുത്താണോ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് അറിയില്ലല്ലോ. എന്റെ നാല് നോവലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട് നാലും സിനിമയാക്കാന്‍ പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റിന് താഴെ അങ്ങനെയൊരു കമന്റിട്ടത്. അടുത്ത ചിത്രത്തിലെങ്കിലും അങ്ങനെ ചെയ്യാതിരിക്കട്ടെ എന്നാണ് ചിന്തിച്ചതെന്നും ലാജോ ജോസ് ദ ക്യുവിനോട് പറഞ്ഞു.

Writer Lajo Jose Against Midhun Manel Thomas And Anjaam Pathiraa

The Cue
www.thecue.in