'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്

'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്

പാര്‍വതി തിരുവോത്ത് നായികയായ സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം എന്ന സിനിമക്ക് സെന്‍സര്‍ അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ്. അഡ്വക്കേറ്റ് വി സന്ദീപ് കുമാറാണ് സിനിമക്കെതിരെ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം പൊതുവേ നടത്താറില്ല. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചാല്‍ മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കാനാകും. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കണമോ എന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റിവ്യൂ കമ്മിറ്റിയാണ്. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.

മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കളോട് വിദ്വേഷം തോന്നുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമയിലുണ്ടെന്ന് അഡ്വക്കേറ്റ് സന്ദീപ് കുമാര്‍ ദ ക്യു'വിനോട് പ്രതികരിച്ചു. ഒരു വിഭാഗം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പ്രമേയമെന്നും വി.സന്ദീപ് കുമാര്‍.

'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്
Parvathy Thiruvothu Interview : മാറേണ്ടത് മാറും എന്നൊരു വിശ്വാസം എനിക്കുണ്ട്

സന്ദീപ് കുമാറിന്റെ ട്വീറ്റ്

ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു വിഷയം .ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.

'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്
കാശ്മീരും ജെ.എന്‍.യുവും, പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

സിനിമക്ക് അനുമതി നിഷേധിച്ചെന്ന സന്ദീപിന്റെ പോസ്റ്റിന് അഭിനന്ദമറിയിച്ച് നിരവധി സംഘപരിവാര്‍ അനുഭാവികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ലോബിയാണ് സിനിമകള്‍ക്ക് പിന്നിലെന്നും, ജിഹാദി സ്‌പോണ്‍സേര്‍ഡ് സിനിമയെന്നുമൊക്കെ മറുപടി ട്വീറ്റുകളില്‍ സംഘപരിവാര്‍ അനുഭാവികള്‍ പ്രതികരിക്കുന്നുണ്ട്. ബി.ജെ.പി-സംഘപരിവാര്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന സിനിമകളെ സെന്‍സര്‍ ബോര്‍ഡ് നിരന്തരം കത്രിക വെക്കുന്നത് നേരത്തെ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പഹലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ സ്വീകരിച്ച പല നിലപാടുകള്‍ക്കുമെതിരെ ചലച്ചിത്രമേഖലയില്‍ നിന്നും പ്രതിഷേധമുണ്ടായിരുന്നു.

തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം മുന്‍നിര്‍ത്തി് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച് ട്വന്റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in