തദ്ദേശത്തെ തിരിച്ചടിയില്‍ കെ.സുരേന്ദ്രനെ മാറ്റണമെന്ന് ശോഭ-കൃഷ്ണദാസ്പക്ഷം; ശോഭയ്‌ക്കെതിരെ കരുക്കള്‍ നീക്കി സുരേന്ദ്രന്‍

തദ്ദേശത്തെ തിരിച്ചടിയില്‍ കെ.സുരേന്ദ്രനെ മാറ്റണമെന്ന് ശോഭ-കൃഷ്ണദാസ്പക്ഷം; ശോഭയ്‌ക്കെതിരെ കരുക്കള്‍ നീക്കി സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരുവിഭാഗം രംഗത്ത്. മോശം പ്രകടനത്തിന് കാരണം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണമെന്നുമാണ് ഇവരുടെ ആവശ്യം. മോശം പ്രകടനത്തിന് കാരണം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനിന്ന നേതാക്കളാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തോട് വിയോജിച്ച് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രനെതിരെ കടുത്ത നടപടികള്‍ വേണമെന്ന് കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുപ്പത് എം.എല്‍.എമാര്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാന്‍ കെ.സുരേന്ദ്രന് കഴിയില്ലെന്ന് ശോഭ സുരേന്ദ്രനും കൃഷ്ണദാസ് വിഭാഗവും പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തില്‍ ആര്‍.എസ്.എസ് കടുത്ത അതൃപ്തിയിലാണ്. തിരുവനന്തപുരം കോര്‍പ്പേറഷനില്‍ ആര്‍.എസ്.എസ് നിര്‍ദേശിച്ച പട്ടികയില്‍ നിന്നുള്ളവര്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവെച്ചതെന്നാണ് അവരുടെ വാദം. ബി.ജെ.പി നേതൃത്വം ഗ്രൂപ്പ് വഴക്കില്‍ കുടുങ്ങിയതാണ് മോശം പ്രകടനത്തിന് ഇടയാക്കിയതെന്നും ആര്‍.എസ്.എസ് വിമര്‍ശിക്കുന്നു. നേതൃമാറ്റം വേണമെന്ന അഭിപ്രായം ആര്‍.എസ്.എസിനുമുണ്ട്.

കെ.സുരേന്ദ്രന്‍ മാത്രമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ശോഭ സുരേന്ദ്രന്‍പക്ഷത്തിന്റെ ആരോപണം. വ്യക്തി വിദ്വേഷം മൂലം ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുപ്പിച്ചില്ല. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയതിനൊപ്പം സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലുമായി നേതൃത്വത്തിന്റെ ശ്രദ്ധ. മാധ്യമശ്രദ്ധ നേടുകയെന്നത് മാത്രമായിരുന്നു കെ.സുരേന്ദ്രന്റെ ലക്ഷ്യമെന്നും ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണക്കിലും പോര്

ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തിയെന്നാണ് പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടി. യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് നിന്ന് ബി.ജെ.പിയെ തോല്‍പ്പിച്ചുവെന്നാണ് കെ.സുരേന്ദ്രന്റെ വാദം. എന്നാല്‍ 2015ലെ 18 പഞ്ചായത്തുകളില്‍ നിന്നും പത്ത് പഞ്ചായത്തുകളില്‍ മാത്രം ഒറ്റകക്ഷിയായത് നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന് എതിര്‍വിഭാഗം വാദിക്കുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 14.96 ശതമാനവും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനവും വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 14.52 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്ന് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട് നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ളത്. പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ജില്ല-ബ്ലോക്ക് പഞ്ചായത്തുകളില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിയാത്തതും രാഷ്ട്രീയമായ പരാജയമാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in