പ്രതികളെ പിടികൂടാനാകാതെ പൊലീസ്,മാളില്‍
യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

പ്രതികളെ പിടികൂടാനാകാതെ പൊലീസ്,മാളില്‍ യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

എറണാകുളം ഇടപ്പള്ളി ലുലു മാളില്‍ യുവനടിയെ പിന്തുടര്‍ന്ന് അപമാനിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികള്‍ എറണാകുളത്തിന് പുറത്തുനിന്നാണെന്നാണ് പൊലീസ് നിഗമനം. കൊച്ചി മെട്രോ റെയില്‍ വഴിയാണ് മാളിലെത്തിയത്. ഇരുവരും മെട്രോ റെയില്‍ വഴി സൗത്ത് സ്‌റ്റേഷനിലേക്ക് പോയി.

ലുലു മാളിലെ പ്രവേശന കവാടത്തില്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധനയുണ്ട്. ഇവിടെ മേല്‍വിലാസവും ഫോണ്‍ നമ്പരും നല്‍കാതെയാണ് ഇവര്‍ മാളില്‍ കയറിപ്പറ്റിയത്. മറ്റൊരു കുടുംബത്തോടൊപ്പം മാളിലെത്തിയതെന്ന വ്യാജേന കബളിപ്പിച്ചെന്നാണ് അറിയുന്നത്. 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇരുവരും മാസ്‌ക് ധരിച്ചതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല.

ഡിസംബര്‍ 17ന് കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോഴായിരുന്നു നടിയെ രണ്ട് പേര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത്. പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവനായിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്.

തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ; 'ഞാന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തയല്ല. പക്ഷെ ഇന്ന് നടന്ന സംഭവം പറയാതെ, അത് പൊയ്ക്കോട്ടെ എന്ന് വിചാരിക്കാന്‍ എനിക്കാകില്ല. രണ്ട് പേര്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് എന്നെ പിന്തുടരുകയും, ശരീരത്തില്‍ സ്പര്‍ശിച്ച് കടന്ന് പോകുകയും ചെയ്തു. അതൊരു തിരക്കുള്ള സമയമായിരുന്നില്ല. എനിക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. പക്ഷെ നിങ്ങള്‍ക്കറിയാമല്ലോ, ശരിയായ പെരുമാറ്റമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. എന്നില്‍ നിന്നും കുറച്ചകലെ നിന്നിരുന്ന സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എന്റെ അരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഒട്ടുമല്ലായിരുന്നു, താന്‍ ആകെ ഞെട്ടലിലായിരുന്നു. ഒരു നിമിഷത്തിന് ശേഷം ഞാന്‍ അവരുടെ അരികിലേക്ക് നടന്നു, എന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് അവര്‍ ചെയ്തത്. എനിക്ക് മനസ്സിലായി എന്ന് അയാള്‍ അറിയണമെന്ന് കരുതിയാണ് താന്‍ അത് ചെയ്തത്. പെട്ടെന്ന് തന്നെ അവര്‍ അവിടുന്ന് സ്ഥലം വിട്ടു.

ആ നിമിഷം ഞാന്‍ ശരിക്കും ദേഷ്യത്തിലായിരുന്നു. അതുകൊണ്ട് എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞങ്ങള്‍ അമ്മയുടെയും സഹോദരന്റെയും അടുത്തെത്തി. പിന്നീട്, കൗണ്ടറില്‍ പണമടയ്ക്കുവാന്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എന്റെയും സഹോദരിയുടേയും അരികില്‍ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താന്‍ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും സ്ഥലം വിട്ടു.'ഇതാദ്യമായല്ല തനിക്ക് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നും നടി പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളില്‍ പല രീതിയിലാണ് ഇത് തനിക്ക് നേരിടേണ്ട് വന്നിട്ടുള്ളതെന്നും നടി കുറിച്ചു. ഇത്തരം പുരുഷന്മാര്‍ കാരണം തനിക്ക് തന്റെ അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണെന്നും നടി.

Summary

Malayalam Actress was molested in Kochi Shopping Mall, instagram post, young Malayalam actress has allegedly been molested at the Lulu mall in Kerala

Related Stories

The Cue
www.thecue.in