കെഎസ്എഫ്ഇ റെയ്ഡിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന് ധനവകുപ്പ്; നടപടി ഉണ്ടാകും

കെഎസ്എഫ്ഇ റെയ്ഡിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന് ധനവകുപ്പ്; നടപടി ഉണ്ടാകും

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കുമ്പോള്‍ ഇതിന് പിന്നില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെന്ന വിലയിരുത്തലുമായി ധനവകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടില്ല. വിജിലന്‍സിനോട് വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് റെയ്ഡില്‍ സി.പി.എമ്മിനും കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള പ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കിഫ്ബിയിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് കെ.എസ്.എഫ്.ഇയ്‌ക്കെതിരെ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സി തന്നെ ഗുരുതര കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കെ.എസ്.എഫ്.ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വഴിയൊരുക്കലാണെന്നാണ് ധനവകുപ്പിന്റെയും സി.പി.എമ്മിന്റെയും വിലയിരുത്തല്‍.

മുഖ്യമന്ത്രിക്ക് കീഴിലുള്ള ഒരു വകുപ്പ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സി.എ.ജി നേരത്തെ കണ്ടെത്തിയതിന് തുല്യമായ വിവരങ്ങള്‍ വിജിലന്‍സ് വഴി പുറത്ത് വന്നതിന് പിന്നില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്നാണ് ധനവകുപ്പ് സംശയിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അടുത്ത ദിവസം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് ഉന്നയിക്കുന്നുണ്ട്. സി.പി.എമ്മും ഇക്കാര്യത്തില്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് ചില വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നടപടിയുണ്ടാകുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന.

Related Stories

The Cue
www.thecue.in