നിലപാട് കടുപ്പിച്ച് ബി.ജെ.പിയിലെ വിമതവിഭാഗം; ആര്‍.എസ്.എസിലും രണ്ട് പക്ഷം

നിലപാട് കടുപ്പിച്ച് ബി.ജെ.പിയിലെ വിമതവിഭാഗം; ആര്‍.എസ്.എസിലും രണ്ട് പക്ഷം

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടുള്ള പോര് കടുപ്പിച്ച് ബി.ജെ.പിയിലെ വിമതവിഭാഗം. ദേശീയതലത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചാല്‍ മാത്രം സംഘടനാ രംഗത്ത് സജീവമാകുമെന്നാണ് ശോഭ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. ഇതിനിടെ സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍.എസ്.എസിലും ഭിന്നത രൂക്ഷമായി. ആര്‍.എസ്.എസിലെ മുതിര്‍ന്ന നേതാക്കള്‍ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ പ്രശ്‌നപരിഹാരത്തിന് ബി.ജെ.പി ദേശീയ നേതൃത്വം തന്നെ ഇടപെടേണ്ട സാഹചര്യമായി.

പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ശോഭ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍ എന്നിവര്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലും പങ്കെടുത്തിരുന്നില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് വിരുദ്ധപക്ഷത്തിന്റെ ആരോപണം. മുന്‍പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതായിരുന്നു പതിവെന്നും കെ.സുരേന്ദ്രന്‍ ഇത് ലംഘിക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. കുമ്മനം രാജശേഖരന്‍, സി.കെ.പത്മനാഭന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഇതിലുള്ള പ്രതിഷേധമാണ് വിട്ടുനില്‍ക്കലിന് കാരണമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നില്ല കഴിഞ്ഞ ദിവസത്തെ യോഗമെന്നാണ് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ശോഭ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും. സംഘടനാ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ബിഹാര്‍ തെരഞ്ഞെടുപ്പും ദീപാവലിയും കഴിഞ്ഞതിന് ശേഷം യോഗം വിളിക്കാമെന്ന് കേന്ദ്ര നേതാക്കള്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള സി.പി.രാധാകൃഷ്ണനാണ് യോഗത്തിനെത്തിയത്. നേതാക്കളുടെ വിട്ടുനില്‍ക്കല്‍ സി.പി.രാധാകൃഷ്ണന്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം കരുതുന്നത്. ആര്‍.എസ്.എസിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആര്‍.എസ്.എസിലെ രണ്ട് വിഭാഗമുണ്ട്. മുതിര്‍ന്ന നേതാവായ ജെ.നന്ദകുമാര്‍ വി.മുരളീധരനെയും കെ.സുരേന്ദ്രനെയും പിന്തുണയ്ക്കുയാണ്. എന്നാല്‍ എസ്.സുദര്‍ശന്‍,ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹരികൃഷ്ണന്‍, പി.ആര്‍.ശശിധരന്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ആന്ധ്രയിലെ സംഘടന ചാര്‍ജ്ജ് നല്‍കിയത് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളിലുണ്ട്. മന്ത്രിമാര്‍ക്ക് സംഘടന ചാര്‍ജ്ജ് നല്‍കാറില്ലെന്നാണ് ഇതിന് കാരണമായി ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഉന്നത നേതാക്കളുമായുള്ള ബന്ധമുള്ളതിനാല്‍ ഇത്തരം നടപടികളുണ്ടാകില്ലെന്നും ഒരുവിഭാഗം കരുതുന്നു.

The Cue
www.thecue.in