'അനൂപ് മുഹമ്മദ് ബിനീഷിന്റെ മാനേജര്‍'; ഇതുവരെ രക്ഷപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെ മകനായത് കൊണ്ടെന്ന് പി.കെ.ഫിറോസ്

'അനൂപ് മുഹമ്മദ് ബിനീഷിന്റെ മാനേജര്‍'; ഇതുവരെ രക്ഷപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെ മകനായത് കൊണ്ടെന്ന് പി.കെ.ഫിറോസ്

മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ സ്റ്റാഫായിരുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്. ബിനീഷ് കോടിയേരിയുടെ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ബിനീഷ് കോടിയേരിയുടെതാണ്.പണം മുടക്കുന്നതും ബിനീഷാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലായി കേസിനെ കാണാനാകില്ലെന്നും പി.കെ. ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.

2014ല്‍ ബെംഗളൂരുവില്‍ രണ്ട് കമ്പനികള്‍ തുടങ്ങിയത് മയക്ക് മരുന്ന് കച്ചവടം നടത്തിയ റെസ്റ്റോറന്റ് ആരംഭിച്ച സമയത്താണെന്നതില്‍ ദുരുഹതയുണ്ടെന്നും പി.കെ. ഫിറോസ് ആരോപിച്ചു. ഇതില്‍ മറുപടി നല്‍കാന്‍ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞിട്ടില്ല. ഇടപാടുകളില്‍ പങ്കുണ്ടെന്ന് വ്യക്തമായത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്. ഇത്രയും കാലം രാഷ്ട്രീയ സ്വാധീനം കൊണ്ട് ബിനീഷ് കോടിയേരി രക്ഷപ്പെടുകയായിരുന്നു. ആരോപണം ഉയര്‍ന്നിരുന്നെങ്കിലും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ചെന്നിരിക്കേണ്ടി വരാതിരുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന പരിഗണന കൊണ്ടാണ് രക്ഷപ്പെട്ടിരുന്നത്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ല. നിഷേധാത്മക നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും പി.കെ. ഫിറോസ് കുറ്റപ്പെടുത്തി.

മയക്കുമരുന്ന് ഇടപാടില്‍ പോലും പാര്‍ട്ടി സെക്രട്ടറിയുടെ മകന് പങ്കുണ്ടായിട്ടും സി.പി.എം അതിനെ ഗൗരവത്തോടെ കാണുന്നില്ല. ഇത്രയും കാലം പിന്തുണ നല്‍കിയത് കൊണ്ടാണ്. സി.പി.എമ്മിനും സര്‍ക്കാരിനും ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഇത്രയും കാലം ബിനീഷ് കോടിയേരിയെ സംരക്ഷിച്ചതില്‍ സി.പി.എം നേതൃത്വം മാപ്പ് പറയണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചപ്പോള്‍ വ്യക്തിബന്ധമാണ് അനൂപ് മുഹമ്മദുമായി ഉള്ളതെന്നും ആറ് ലക്ഷം രൂപ രണ്ട് ഘട്ടങ്ങളില്‍ കടമായി നല്‍കിയെന്നുമാണ് ബിനീഷ് കോടിയേരി പറഞ്ഞിരുന്നത്.അമ്പത് ലക്ഷം രൂപ അകൗണ്ടിലൂടെ മാത്രം അനൂപ് മുഹമ്മദിനെ കൊടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമേ മറ്റ് പല രീതിയിലും പണം നല്‍കിയിട്ടുണ്ടെന്നും പി.കെ ഫിറോസ് ആരോപിച്ചു.

Bengaluru Drug Case BIneesh Kodiyeri Arrest PK Firos Reaction

Related Stories

No stories found.
logo
The Cue
www.thecue.in