ജോസഫിന് കുറഞ്ഞ സീറ്റുകള്‍ മാത്രം; കോട്ടയം പിടിക്കാനുറച്ച് കോണ്‍ഗ്രസ് നീക്കം

ജോസഫിന് കുറഞ്ഞ സീറ്റുകള്‍ മാത്രം; കോട്ടയം പിടിക്കാനുറച്ച് കോണ്‍ഗ്രസ് നീക്കം

കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയം പിടിക്കാനുറച്ച് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പൂഞ്ഞാര്‍ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് നിലവില്‍ ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് എം.എല്‍.എമാരായിട്ടുള്ളത്.

കെ.എം മാണിക്കുള്ള സ്വാധീനം കോട്ടയത്ത് പി.ജെ. ജോസഫിനില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദം. 2016ല്‍ ആറ് സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. പി.ജെ. ജോസഫിന് കൂടുതല്‍ സീറ്റുകള്‍ കോട്ടയത്ത് നല്‍കിയാലും മത്സരിക്കാന്‍ നല്ല സ്ഥാനാര്‍ത്ഥികളെ കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദം. മലബാറില്‍ ഉള്‍പ്പെടെ പി.ജെ. ജോസഫിനെ എട്ട് സീറ്റിലേക്ക് ഒതുക്കാനാണ് സാധ്യത.

കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകള്‍ക്ക് പുറമേ ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. കടുത്തുരുത്തിയും പാലായും ജോസഫ് വിഭാഗത്തിന് നല്‍കും. പാലായില്‍ മാണി. സി. കാപ്പന്റെ തീരുമാനം അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജ് യു.ഡി.എഫിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. തീരുമാനമായില്ലെങ്കില്‍ പൂഞ്ഞാര്‍ സീറ്റ് ലീഗിന് നല്‍കിയേക്കും. ഇരാറ്റുപേട്ട മുസ്ലിം വോട്ടുകളുണ്ടെന്നതാണ് സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നതിന് കാരണം. മലബാറിന് അപ്പുറത്തും സീറ്റുകള്‍ വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യപ്രകാരമാണ് പൂഞ്ഞാര്‍ സീറ്റ് ലീഗ് ചോദിക്കുന്നത്. അത് പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. പി.സി. തോമസ് എന്‍.ഡി.എ വിട്ടെത്താനും സാധ്യതയുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനായിരിക്കും മത്സരിക്കുക. ഇരിക്കൂറില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് മാറാന്‍ കെ.സി. ജോസഫ് താല്‍പര്യം അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും തീരുമാനം മാറ്റിയിട്ടുണ്ട്. ചങ്ങനാശേരി സീറ്റ് ഏറ്റെടുത്താല്‍ അവിടെ മത്സരിക്കാമെന്നാണ് കെ.സി. ജോസഫിന് നല്‍കിയിരിക്കുന്ന ഉറപ്പ്. ഏറ്റുമാനൂരില്‍ ലതിക സുഭാഷിനാണ് സാധ്യത.

Related Stories

No stories found.
logo
The Cue
www.thecue.in