പാലാരിവട്ടം പാലം അന്വേഷണം അന്തിമഘട്ടത്തില്‍;കുറ്റക്കാര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അന്വേഷണം അന്തിമഘട്ടത്തില്‍;കുറ്റക്കാര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി കേസ് അന്വേഷണം അന്തിമഘട്ടത്തിലെന്ന് വിജിലന്‍സ്. കുറ്റക്കാര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷണസംഘം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അഴിമതി നടന്നതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ ഒരുമാസത്തിനുള്ളില്‍ സമര്‍പ്പിക്കും.

അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഐജിക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ച് മടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നേരത്തെ ചോദ്യം ചെയ്യാതിരുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആര്‍ബിഡിസികെയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. കൊവിഡ് കാരണമാണ് അന്വേഷണം പൂര്‍ത്തായാക്കാന്‍ വൈകുന്നതെന്നാണ് വിജിലന്‍സ് സംഘം നല്‍കുന്ന വിശദീകരണം. നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരനെയാണ് ചോദ്യം ചെയ്യാനുള്ളത്. ഇതെല്ലാം പൂര്‍ത്തിയായാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം പറയുന്നു.

ഡിവൈഎസ്പി വി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി അശോക് കുമാറിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. ആദ്യം തൊട്ട് അന്വേഷണം നടത്തിയെന്നാണ് പുതിയ അന്വേഷണസംഘം പറയുന്നത്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സംഘം പരിശോധിച്ചു.

കഴിഞ്ഞ മാര്‍ച്ച് ഏഴിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് കേസില്‍ അഞ്ചാം പ്രതിയാണ്. മൂന്ന് തവണ അന്വേഷണസംഘം വികെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വികെ ഇബ്രാഹിംകുഞ്ഞിനെതിരെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. കരാര്‍ എടുത്ത ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ കൂടി് അറിവോടെയാണെന്നായിരുന്നു ടി ഒ സൂരജിന്റെ മൊഴി. കമ്പനിക്ക് മുന്‍കൂറായി എട്ട് കോടി രൂപ നല്‍കിയെന്നായിരുന്നു കേസ്. സൂരജ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പാലാരിവട്ടം അഴിമതിയിലൂടെ ലഭിച്ച പത്ത് കോടി നോട്ട് നിരോധന കാലത്ത് വെളുപ്പിച്ചെന്ന പരാതിയില്‍ വികെ ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.

Related Stories

The Cue
www.thecue.in