ഇ പി ജയരാജനെ രാജിവെപ്പിച്ച ധാര്‍മ്മികത എവിടെ പോയി; കെ ടി ജലീലിനെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലെന്ന് ഷാഫി പറമ്പില്‍

ഇ പി ജയരാജനെ രാജിവെപ്പിച്ച ധാര്‍മ്മികത എവിടെ പോയി; കെ ടി ജലീലിനെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലെന്ന് ഷാഫി പറമ്പില്‍
Summary

ധാര്‍മ്മികതയുടെ അളവ്‌കോല് പാതാളത്തില്‍ കുഴിച്ചിട്ടിരിക്കുകയാണ് മുഖ്യമന്ത്രി.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടും മന്ത്രി കെ ടി ജലീലിനെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ദ ക്യുവിനോട് പ്രതികരിച്ചു. മന്ത്രി ഇ പി ജയരാജനെതിരെ ബന്ധുനിയമന വിവാദമുണ്ടായപ്പോള്‍ ധാര്‍മ്മികത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി ചോദിച്ച് വാങ്ങിയത്. ആ ധാര്‍മ്മികത ഇപ്പോള്‍ പാതാളത്തില്‍ കുഴിച്ചിട്ടിരിക്കുകയാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മന്ത്രി ഇ പി ജയരാജന്റെ ബന്ധുനിയമന വിവാദം വന്നപ്പോള്‍ യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. യുഡിഎഫിന് ഇത്തരമൊരു നിലപാട് സ്വപ്‌നം കാണാന്‍ കഴിയുമോയെന്നും ചോദിച്ചു. ധാര്‍മ്മികതയുടെ അളവ്‌കോല് പാതാളത്തില്‍ കുഴിച്ചിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. രാജി പരമ്പര തന്നെ വേണ്ടി വരുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ബന്ധു നിയമനം, മാര്‍ക്ക് ദാനം, രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നിട്ടും മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണ്. രാജി വാങ്ങാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ല. ജലീലിന്റെ ബന്ധത്തെക്കാള്‍ പത്തിരട്ടി ബന്ധം ഇവരുമായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുണ്ട്. നാളെ ഏതെല്ലാം വഴി ചോദ്യം ചെയ്യല്‍ വരുമെന്ന് ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് ധാര്‍മ്മികതയുടെ അളവ് കോല് പാതാളത്തില്‍ ഒളിപ്പിക്കാന്‍ കാരണം. പായസം കൊടുത്ത് പ്രോത്സാഹിപ്പിക്കാനേ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുകയുള്ളു. ആര്‍ജ്ജവത്തോടെ രാജി എഴുതി വാങ്ങിക്കാനോ പുറത്താക്കാനോ മുഖ്യമന്ത്രിക്ക് കഴിയാത്തത് കൂടുതല്‍ ബന്ധം അദ്ദേഹത്തിന് ഉള്ളത് കൊണ്ടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നയതന്ത്ര ബാഗേജില്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞത് ഗുരുതരമായ കാര്യമാണ്. എന്താണെന്ന് അറിയാത്ത കാര്യങ്ങളുടെ ഏറ്റെടുക്കലും വിതരണവും ഏറ്റെടുത്തത് എന്തിനാണ്. സര്‍ക്കാര്‍ വാഹനത്തില്‍ എത്തിച്ച് കൊടുക്കുന്നത് തെറ്റല്ലേ. സാമ്പത്തികവും അല്ലാതെയുമുള്ള രാജ്യവിരുദ്ധമായ കാര്യമാണ് അതിലുള്ളതെങ്കിലോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കള്ളക്കടത്ത് കേസില്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയമാകുന്നത്. ചോദ്യം ചെയ്യലിന് പോയ രീതിയും സംശയമുണ്ടാക്കുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് പോയത്. മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അവിടെ പോയിട്ടില്ലെന്ന് പറയുന്നു. തെറ്റിദ്ധരിപ്പിക്കുകയും കള്ളം പറയുകയും ചെയ്യുന്ന ആളാണ് സത്യം മാത്രമേ ജയിക്കുകയുള്ളുവെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്.

നിയമലംഘനങ്ങള്‍ക്ക് ഖുറാന്റെയും സക്കാത്തിന്റെയും മറ പിടിച്ചുവെന്നതും ഗൗരവത്തോടെ കാണണം. ഖുറാനും സക്കാത്തും നിയമലംഘനങ്ങള്‍ക്കുള്ള മറയായി ഉപയോഗിച്ചു. മന്ത്രി സ്ഥാനത്ത് ഇരുന്ന് ഒരാള്‍ ഇത് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഭരണഘടന അനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിക്കേണ്ടത്. പാര്‍സലില്‍ ഖുറാന്‍ ആണെങ്കില്‍ പോലും ഭരണഘടന അത് അനുവദിക്കുന്നില്ലെങ്കില്‍ കൊണ്ടുവരാന്‍ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പ്രോട്ടോക്കോള്‍ ലംഘനം എന്ന നിലയില്‍ മാത്രം ഇതിനെ കാണാന്‍ കഴിയില്ല. ഭരണഘടന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ പ്രവൃത്തിയാണ്. ആ പദവിയിലിരിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണ് മന്ത്രി കെ ടി ജലീല്‍ ചെയ്തത്. വ്യക്തത വരേണ്ടതായ കുറെ ചോദ്യങ്ങളുണ്ട്.

1 പാര്‍സല്‍ സിആപ്റ്റിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനം ആരുടെതായിരുന്നു?

2 നിയമപരമായി അങ്ങനെ ചെയ്യാന്‍ പറ്റുമോ

3 സിആപ്റ്റിന് ഇതില്‍ ഉത്തരവാദിത്വമുണ്ടോ

4 സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടു പോയി വിതരണം ചെയ്യാനുള്ള ഉത്തരവുണ്ടോ

5 വിതരണം സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വൈരുദ്ധ്യമുണ്ട്. പാര്‍സലുകളില്‍ ഒന്നില്‍ ഖുറാനായിരുന്നു എന്ന പറയുന്നുണ്ട്. ബാക്കി പാര്‍സലുകളില്‍ എന്തായിരുന്നുവെന്ന ദുരൂഹത ബാക്കി നില്‍ക്കുന്നുണ്ട്

6 പാര്‍സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് പകുതി വഴിയില്‍ വെച്ച് കേടായെന്ന് പറയുന്നു.

7 മറ്റൊരു രാജ്യത്ത് നിന്നും പാര്‍സല്‍ കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെന്ന് പറയുന്നുണ്ട്. മന്ത്രി നേരിട്ടാണ് ഇത് ചെയ്തത്. മറ്റൊരു രാജ്യത്ത് നിന്നുള്ള പാര്‍സല്‍ പാര്‍ട്ടി ഓഫീസിലെത്തിച്ചു. പണത്തിന് വേണ്ടി മന്ത്രി നേരിട്ടാണ് ചോദിക്കുന്നത്. മന്ത്രിസ്ഥാനത്ത് ഇരുന്ന് ചെയ്യാവുന്നതാണോ ഇതൊക്കെ?

Related Stories

No stories found.
logo
The Cue
www.thecue.in