ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍; രാജിവെച്ചാല്‍ പ്രതിരോധത്തിലാകും; സിപിഎമ്മിനകത്ത് അതൃപ്തി
Special Report

ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍; രാജിവെച്ചാല്‍ പ്രതിരോധത്തിലാകും; സിപിഎമ്മിനകത്ത് അതൃപ്തി

എ. പി. ഭവിത

എ. പി. ഭവിത

സ്വര്‍ണക്കടത്ത് കേസില്‍ മന്തി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോളില്ല. പരാതി പരിശോധിക്കാനും മൊഴി രേഖപ്പെടുത്തുന്നതിനുമാണ് മന്ത്രി കെ ടി ജലീലിനെ വിളിച്ചു വരുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. ഖുറാന്‍ എത്തിക്കുന്നതില്‍ ചട്ടലംഘനം ഉണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും ഇതില്‍ വ്യക്തതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.കോണ്‍സുലേറ്റുകളുടെ അധികാരത്തെ സംബന്ധിച്ചുള്ള കാര്യമാണിതെന്നാണ് സര്‍ക്കാര്‍ വാദം. ഈ ഘട്ടത്തില്‍ രാജിവെച്ചാല്‍ പ്രതിരോധത്തിലാകുമെന്നതാണ് സര്‍ക്കാര്‍ കരുതുന്നത്. മന്ത്രി കെ ടി ജലീല്‍ രാജിസന്നദ്ധത അറിയിച്ചെന്നാണ് സൂചന. ഖുറാന്‍ വിഷയം ബിജെപി ഉയര്‍ത്തുന്നത് പോലെ യുഡിഎഫിന് പറ്റില്ലെന്നും പ്രതിഷേധം രണ്ട് ദിവസത്തിനകം കെട്ടടങ്ങുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രി കെ ടി ജലീലിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിക്കെതിരെ പരാതികളെക്കുറിച്ച് അന്വേഷിക്കുകയാണ് ഇഡി ചെയ്തത്. ഇതിന്റെ പേരില്‍ എന്തിന് രാജിവെയ്ക്കണമെന്നാണ് സര്‍ക്കാരുമായി അടുപ്പമുള്ളവര്‍ ചോദിക്കുന്നത്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചിരുന്നില്ലെന്നും ഇവര്‍ വാദിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മന്ത്രി കെ ടി ജലീലിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമാകുകയുള്ളു.

മന്ത്രി കെ ടി ജലീലിനെതിരെ മുമ്പ് ഉയര്‍ന്ന വിവാദങ്ങളിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബന്ധുനിയമനവും മാര്‍ക്കുദാനവുമായിരുന്നു മന്ത്രി കെ ടി ജലീലിനെതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍. മന്ത്രി ഇപി ജയരാജനെതിരെ ബന്ധുനിയമന പരാതി ഉയര്‍ന്നപ്പോള്‍ രാജി ചോദിച്ചു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന്റെ കാര്യത്തില്‍ ധാര്‍മ്മികത മറക്കുന്നത് എന്തുകൊണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിന്റെ ചോദ്യം. മാര്‍ക്കുദാനത്തിലും മന്ത്രിക്ക് വ്യക്തിതാല്‍പര്യമില്ലായിരുന്നു, ബന്ധു നിയമനം ഡെപ്യുട്ടേഷന്‍ പോസ്റ്റിലായിരുന്നുവെന്നുമാണ്് സര്‍ക്കാര്‍ ഇതില്‍ വിശദീകരിക്കുന്നത്.

നയതന്ത്ര പാക്കേജില്‍ ഖുറാനൊപ്പം മറ്റെന്തെങ്കിലും കടത്തിയിരുന്നുവെങ്കില്‍ അതില്‍ കസ്റ്റംസിനാണ് വീഴ്ച വന്നതെന്നാണ് സര്‍ക്കാര്‍ വാദം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റ് മന്ത്രി കെ ടി ജലീലിന്റെ സഹായം തേടുകയായിരുന്നു. ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്നും തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി കെ ടി ജലീല്‍ അറിയിച്ചതാണ്. സപ്ലൈക്കോ വഴി വിതരണം ചെയ്ത കിറ്റിന്റെ പണം നല്‍കാന്‍ ആവശ്യപ്പെടുക മാത്രമാണ് മന്ത്രി ചെയ്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിക്കുന്നു. സിആപ്റ്റിന്റെ വാഹനത്തിലെ ജിപിഎസിന് പറ്റിയ തകരാറിന് ഉത്തരം പറയേണ്ടത് മന്ത്രിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഈ ആരോപണത്തിന് നല്‍കുന്ന മറുപടി.

അതൃപ്തിയുമായി സിപിഎം

മന്ത്രി കെ ടി ജലീലിനെതിരെ തുടരെ ആരോപണങ്ങള്‍ ഉയരുന്നതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. പാര്‍ട്ടി സംവിധാനവുമായി ബന്ധമില്ലാത്തതിനാല്‍ നിയന്ത്രണത്തിന് അപ്പുറത്താണ് കെ ടി ജലീല്‍ എന്ന തോന്നല്‍ നേതൃത്വത്തിനുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ പാര്‍ട്ടി കെ ടി ജലീലിന്റെ ഓഫീസില്‍ നിയന്ത്രണം കടുപ്പിച്ചിരുന്നു. വകുപ്പ് മാറ്റത്തിനൊപ്പമായിരുന്നു ഇത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയെയാണ് കെ ടി ജലീലിന്റെ ഓഫീസില്‍ നിയമിച്ചത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളുമായി ബന്ധമില്ലാത്ത മന്ത്രിയാണ് കെ ടി ജലീല്‍. മന്ത്രിസഭാ യോഗത്തിന് മുമ്പായി ക്യാബിനറ്റ് ഫ്രാക്ഷന്‍ ചേരാറുണ്ടായിരുന്നു. ക്യാബിനറ്റ് ഫ്രാക്ഷനിലും മന്ത്രി കെ ടി ജലീല്‍ പങ്കെടുക്കാറില്ലായിരുന്നു.എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരുന്നു ഇതിന്റെ ചുമതല.പാര്‍സല്‍ കൊണ്ടുപോകുന്നതിന് സിആപ്റ്റിന്റെ വാഹനം ഉപയോഗിച്ചതും ശരിയായില്ലെന്ന അഭിപ്രായവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്.

മുസ്ലിംലീഗില്‍ നിന്നും എത്തി അവരുടെ കോട്ടയായ മണ്ഡലം ഇടതുപക്ഷത്തിന് നേടി കൊടുത്തുവെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് കെ ടി ജലീലിനോടുള്ള അടുപ്പത്തിന് കാരണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നത്. വിശ്വസ്തനായ ശിവശങ്കരനെ കൈവിട്ടത് പോലെ കെ ടി ജലീലിനെ ഒഴുവാക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള മന്ത്രിയെന്ന നിലയില്‍ കെ ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്നലെ ഇഡി മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലേക്ക് മാറ്റുകയാണ്. ആറുമാസം മാത്രം ബാക്കി നില്‍ക്കെ മന്ത്രി കെ ടി ജലീലിനെ രാജിവെപ്പിക്കാനായാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. മുസ്ലിം ലീഗില്‍ നിന്നും പുറത്തെത്തി പി കെ കുഞ്ഞാലിക്കുട്ടിയെ ഉറച്ച മണ്ഡലത്തില്‍ തോല്‍പ്പിച്ച കെ ടി ജലീലിനെ രാജിവെപ്പിക്കാനായാല്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും. നേരത്തെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം തയ്യാറായതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

The Cue
www.thecue.in