തിരുവനന്തപുരത്ത് ട്വന്റി 20 മോഡല്‍ രാഷ്ട്രീയ നീക്കത്തിന് അദാനി അനൂകൂലികളുടെ കൂട്ടായ്മ, നിര്‍ണായക വോട്ട് ബാങ്കായി മാറുമെന്ന് അവകാശവാദം
Special Report

തിരുവനന്തപുരത്ത് ട്വന്റി 20 മോഡല്‍ രാഷ്ട്രീയ നീക്കത്തിന് അദാനി അനൂകൂലികളുടെ കൂട്ടായ്മ, നിര്‍ണായക വോട്ട് ബാങ്കായി മാറുമെന്ന് അവകാശവാദം

THE CUE

THE CUE

കിഴകമ്പലത്തെ കിറ്റെക്‌സ് നിയന്ത്രണത്തിലുള്ള കോര്‍പ്പറേറ്റ് രാഷ്ട്രീയ കൂട്ടായ്മ ട്വന്റി ട്വന്റിയുടെ മോഡലില്‍ തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടന. അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെ പിന്തുണക്കുന്ന വിഭാഗമാണ് 'എവേക്ക് ട്രിവാന്‍ഡ്രം' (മംമസല േൃശ്മിറൃൗാ) എന്ന പേരിലുള്ള കൂട്ടായ്മക്ക് പിന്നില്‍. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ പ്രധാനമായും യുവാക്കളെയും വിവിധ റസിഡന്‍സ് അസോസിയേഷനുകളെയും കേന്ദ്രീകരിച്ചാണ്. ഐടി കമ്പനികളിലെ സംഘടനകളും അംഗങ്ങളാണ്. തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടിയാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന് ചേംബര്‍ ഓഫ് കോമോഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ ദ ക്യുവിനോട് പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി കൂട്ടായ്മ മാറുമെന്നും രഘുചന്ദ്രന്‍ നായര്‍ അവകാശപ്പെടുന്നു.

ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് തുടക്കത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തനം. ഇതില്‍ 2500 അംഗങ്ങളാണ് ഇപ്പോള്‍ ഉള്ളത്. തദ്ദേശതെരഞ്ഞെടുപ്പില്‍ വിമാനത്താവള വിഷയം ഉയര്‍ത്തി പ്രചരണം നടത്താണ് എവേക്ക് ട്രിവാന്‍ഡ്രം ആലോചിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്ന വിഷയത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തലസ്ഥാന ജില്ലക്ക് വേണ്ടി കാര്യമായൊന്നും ചെയ്തില്ലെന്ന പ്രചരണമാണ് കൂട്ടായ്മ നടത്തുന്നത്. കൂട്ടായ്മ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ട്. എവേക്ക് ട്രിവാന്‍ഡ്രം പിന്തുണയ്ക്കുന്നവരായിരിക്കും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരത്തിലെത്തുകയെന്ന് ഇവര്‍ അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പിന്തുണയ്ക്കുന്നവരും കൂട്ടായ്മയിലുണ്ട് അതുകൊണ്ട് തന്നെ വികസനം എന്ന ഒറ്റ രാഷ്ട്രീയം മാത്രമേ ഇതിലുണ്ടാകുകയുള്ളു.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചുവെന്നും ഇതിലുള്ള പ്രതിഷേധമാണ് കൂട്ടായ്മ രൂപീകരിക്കാന്‍ കാരണമെന്നുമാണ് ഇവരുടെ പ്രചരണം.

കൂട്ടായ്മ രൂപീകരിക്കാനുള്ള സാഹചര്യം വിശദീകരിച്ച് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍

പ്രതികരിക്കാന്‍ അറിയാത്തവരാണ് തിരുവനന്തപുരത്തുള്ളവരെന്നാണ് പൊതുവേ കരുതുന്നത്. 1932 നിര്‍മ്മിച്ച വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. 12 വര്‍ഷം കഴിഞ്ഞാല്‍ 100 കൊല്ലം തികയും. ഓരോ ദിവസം കഴിയുന്തോറും പ്രതാപം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് തിരുവനന്തപുരത്തിന്റെ പ്രശ്‌നം. തിരുവിതാംകൂര്‍ രാജഭരണകാലമാണ് തിരുവനന്തപുരത്തിന്റെ സുവര്‍ണകാലം. രാമസ്വാമി അയ്യര്‍ ഉള്ള കാലത്താണ് പല വികസന പദ്ധതികളും നടപ്പാക്കിയത്. ജനാധിപത്യ സര്‍ക്കാര്‍ വന്നതിന് ശേഷം ഒന്നും വന്നില്ല. ഹൈക്കോടതി എറണാകുളത്ത് സ്ഥാപിച്ചു. ഹൈക്കോടതി ബെഞ്ച് കുറച്ച് കാലം മാത്രം പ്രവര്‍ത്തിച്ചു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കൊച്ചിയിലെ വികസനത്തിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്ക സഹായകരമായത് സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്തത്തിലായത് കൊണ്ടാണ്. ഐടി മേഖലയില്‍ പുതിയ നിക്ഷേപത്തിന് മടിക്കുന്നത് തിരുവനന്തപുരത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്. തിരുവനന്തപുരത്തിന് വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവുമില്ല. എല്‍ഡിഎഫും യുഡിഎഫും തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. 140 എംഎല്‍എമാരും തിരുവനന്തപുരത്ത് വന്നാണ് താമസിക്കുന്നത്. നിയമസഭ കൂടുന്നതും സമരം നടത്തുന്നതും അടി കൂടുന്നതും ഇവിടെ വെച്ചാണ്. റോഡ് തടഞ്ഞും ഗതാഗതം തടസ്സപ്പെടുത്തിയും ഉള്ള സമരങ്ങള്‍ ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ സഹിച്ചു. എന്നിട്ടും വാ തുറന്നില്ല. തിരുവനന്തപുരത്തിന് വേണ്ടി ചെയ്താലും അവര്‍ക്ക് വോട്ട് കിട്ടില്ലല്ലോ.

തിരുവനന്തപുരം എന്ന വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇനിയും തോന്നിവാസങ്ങള്‍ നടക്കില്ല. ചേംബര്‍ ഓഫ് കോമേഴ്‌സാണ് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റസിഡന്റ്‌സ്അസോസിയേഷന്‍,കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യങ്ങ് ഇന്ത്യന്‍സ്, യുവാക്കള്‍ എന്നിവര്‍ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. എവേക്ക് ട്രിവാന്‍ഡ്രം എന്ന പേരിലാണ് കൂട്ടായ്മ.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും എംപിമാരായ ശശിതരൂരും സുരേഷ്‌ഗോപിയും പിന്തുണ നല്‍കിയെന്നും ഭാരവാഹികള്‍ പറയുന്നു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ജീവനക്കാരും വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥക്കെതിരെ ശബ്ദിച്ചില്ല.

The Cue
www.thecue.in