കുഞ്ഞാലിക്കുട്ടിയുടെ മടക്കം : എതിര്‍പ്പുയര്‍ത്തിയ മുനീറിനെ 'ഓഫറില്‍' മെരുക്കി; വില പേശി കെ.എം ഷാജി
SPECIAL REPORT

കുഞ്ഞാലിക്കുട്ടിയുടെ മടക്കം : എതിര്‍പ്പുയര്‍ത്തിയ മുനീറിനെ 'ഓഫറില്‍' മെരുക്കി; വില പേശി കെ.എം ഷാജി

എ. പി. ഭവിത

എ. പി. ഭവിത

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷട്രീയത്തിലേക്ക് തിരിച്ചു വരുന്നതില്‍ എതിര്‍പ്പുയര്‍ത്തി കെ.എം ഷാജി. ഉറച്ച സീറ്റും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതോടെ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കളംമാറ്റി. വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി സ്ഥാനം നേടിയെടുക്കുകയാണ് കെ എം ഷാജിയുടെ ലക്ഷ്യമെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം കരുതുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി വരുന്നതില്‍ ഉന്നതാധികാര സമിതി, സെക്രട്ടറിയേറ്റ്, വര്‍ക്കിംഗ് കമ്മിറ്റി എന്നിവയില്‍ പിന്തുണ ലഭിച്ചിരുന്നു. ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും തീരുമാനത്തിനൊപ്പമാണ്. എതിര്‍പ്പ് ഉയര്‍ത്തിയിരുന്ന എം കെ മുനീര്‍ നിലപാട് മാറ്റിയത് കെ എം ഷാജിക്ക് തിരിച്ചടിയായി. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും കൊടുവള്ളിയിലേക്ക് മാറ്റാമെന്നാണ് മുനീറിന് നല്‍കിയ ഓഫര്‍. എം കെ മുനീറിന് നേട്ടങ്ങള്‍ കിട്ടിയതും കെ എം ഷാജിയെ അസംതൃപ്തനാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കേസില്‍ തീരുമാനമായാല്‍ കെ എം ഷാജി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. അഴീക്കോട് കോണ്‍ഗ്രസുമായി വെച്ച് മാറാന്‍ ധാരണയായിട്ടുണ്ട്. യൂത്ത് ലീഗിലെയും എം എസ് എഫിലെയും ഒരു വിഭാഗത്തിന്റെ പിന്തുണ കെ എം ഷാജിക്കുണ്ട്. സ്വന്തമായി ഗ്രൂപ്പുണ്ടാക്കി ലീഗിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇടപെടാന്‍ കഴിയുന്ന തരത്തില്‍ നിര്‍ണായക ശക്തിയാവാനാണ് കെ എം ഷാജിയുടെ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നത്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കുമെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലും ഇവരാണെന്നാണ് ഈ വിഭാഗം കരുതുന്നത്.

The Cue
www.thecue.in