സ്വപ്‌ന പിടിയിലായ ദിവസം അനൂപും ബിനീഷും 26 തവണ ഫോണില്‍ സംസാരിച്ചുവെന്ന് പികെ ഫിറോസ്
Special Report

സ്വപ്‌ന പിടിയിലായ ദിവസം അനൂപും ബിനീഷും 26 തവണ ഫോണില്‍ സംസാരിച്ചുവെന്ന് പികെ ഫിറോസ്

THE CUE

THE CUE

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ പിടിയിലായപ്പോള്‍ ബിനീഷ് കോടിയേരിയും മുഹമ്മദ് അനൂപും 26 തവണ ഫോണില്‍ സംസാരിച്ചുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു. ബിനീഷ് കോടിയേരിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുമ്‌ടെന്ന് സംശയിക്കുന്നു.സിപിഎമ്മിനേയോ കോടിയേരി ബാലകൃഷ്ണനേയോ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടിയല്ല യൂത്ത് ലീഗ് ആരോപണം ഉന്നയിക്കുന്നത്. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികള്‍ പിടിക്കപ്പെടണം എന്നത് മാത്രമാണ് ലക്ഷ്യമെന്നും പി കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് എന്തുകൊണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറയുന്നു

ജൂലൈ 21ന് ബാംഗ്ലൂരില്‍ നടന്ന റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അനഘ എന്ന കന്നട താരം, മുഹമ്മദ് അനൂപ്,റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ മൊഴി ലഭിച്ചിട്ടുണ്ട്. 2013 മുതല്‍ ലഹരി കച്ചവടമുണ്ടെന്നാണ് അനൂപിന്റെ മൊഴി. 2015ല്‍ ബെംഗളൂരുവില്‍ ഹോട്ടല്‍ തുടങ്ങി. അതില്‍ പണം മുടക്കിയത് ബിനീഷ് കോടിയേരിയാണ്. 2019ല്‍ തുടങ്ങിയ മറ്റൊരു ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ അനൂപിന്റെ ഫേസ്ബുക്കിലുണ്ട്. ലോക്ഡൗണിനിടെ ജൂണ്‍ 19ന് കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയിലും ബിനീഷ് കോടിയേരിയുമൊത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ അനൂപ് മുഹമ്മദ് ഫേസ്ബുക്കിലിട്ടിട്ടുണ്ട്.

അതുകൊണ്ട് മയക്കുമരുന്ന് കച്ചവടത്തില്‍ ബന്ധമുണ്ടെന്ന് പറയാനാകില്ലല്ലോ?സൗഹൃദം മാത്രമാകാമല്ലോ

അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേരളത്തിലെ സിനിമാ താരങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നത് അനൂപ് മുഹമ്മദാണെന്നാണ്. അതില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായാണ് മനസിലാകുന്നത്. ബിനീഷ് കോടിയേരി മയക്ക് മരുന്ന് കച്ചവടം നടത്തിയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നില്ല.അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കിയതിനുള്ള തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആറോ ഏഴോ ലക്ഷം കൊടുത്തതായി ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുമുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ തെളിയട്ടെ.

നടന്‍ ആസിഫലിയുടെ പേര് പത്രസമ്മേളനത്തില്‍ എടുത്ത് പറഞ്ഞിരുന്നല്ലോ

ആസിഫലിക്ക് അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തികളുടെ പേര് ലഭിച്ചിട്ടില്ല. സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നുണ്ട്. ബെംഗളൂരുവിലെ താരങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്നത് അനഘയാണ്. ആര്‍ക്കൊക്കെയാണ് എത്തിച്ച് നല്‍കിയതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകണം.

സ്വര്‍ണക്കടത്ത് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് തന്നെയാണോ ആരോപണം

ജൂലൈ 10ന് സ്വപ്‌നയെയും സന്ദീപിനെയും ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ 26 തവണയാണ് ഇവര്‍ ഫോണില്‍ സംസാരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുന്നില്ല. ഞങ്ങളുടെ സംശയമാണ്. സത്യസന്ധരായ അന്വേഷണം വേണം. മയക്ക് മരുന്ന് വില്‍പ്പന നടത്തുന്നവര്‍ പിടിക്കപ്പെടണം.മലയാളികളും ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാനത്തും അന്വേഷണം പ്രഖ്യാപിക്കണം.നിഷ്പക്ഷമായ അന്വേഷണം നടത്തണം. കേരളത്തിലെ നൈറ്റ് പാര്‍ട്ടികളെക്കുറിച്ചും അന്വേഷിക്കണം.

The Cue
www.thecue.in