നിയമനത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി; വിലക്കുന്നത് കള്ളം പ്രചരിപ്പിച്ചവരെയെന്ന് പിഎസ്‌സി

നിയമനത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി; വിലക്കുന്നത് കള്ളം പ്രചരിപ്പിച്ചവരെയെന്ന് പിഎസ്‌സി

നിയമന വിവാദത്തില്‍ പ്രതികരിച്ച ഉദ്യോഗാര്‍ത്ഥികളെ വിലക്കാനുള്ള നീക്കവുമായി പിഎസ്‌സി. മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പിഎസ്‌സിക്കെതിരെ പ്രതികരിച്ചവരെ വിലക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളപ്രചരണം നടത്തിയവരെയാണ് വിലക്കുന്നതെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ ദ ക്യുവിനോട് പ്രതികരിച്ചു. പിഎസ്‌സി ചട്ടപ്രകാരം നടപടിയെടുക്കാറുണ്ടെന്നും എം കെ സക്കീര്‍ വിശദീകരിച്ചു.

പി എസ്‌സിക്കെതിരെ മാധ്യമങ്ങളിലൂടെ സംസാരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തവരെയാണ് വിലക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നടപടി. പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും വിലക്കുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നേഴ്‌സ് നിയമനം വൈകുന്നതില്‍ പ്രതികരിച്ചവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 68 ഒഴിവുകളുണ്ടെന്നും കൂടാതെ പ്രമോഷന്‍, ലീവ് വേക്കന്‍സികളും എത്രയുണ്ടെന്നുമുള്ള വിവരാവകാശ രേഖയും മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

ഫിസിയോ തെറാപിസ്റ്റ് പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരെയും നടപടിയെടുക്കാനാണ് പിഎസ്‌സി തീരുമാനം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പിഎസ്‌സി ഇന്റേണല്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. പിഎസ്‌സി യുടെ നീക്കത്തിനെതിരെ യുവജന സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പി എസ് സി ചെയര്‍മാന്റെ വിശദീകരണം

പിഎസ്‌സിയുടെ ചട്ടം ലംഘിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പിഎസ്‌സിയിലെ വിദഗ്ധര്‍ക്കും കമ്മീഷനും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും എതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. അത് ചട്ടത്തില്‍ ഉള്ളതാണ്. നേരത്തെയും നടപടിയെടുത്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പുറത്ത് വരാത്തതും നിയമനം നടക്കാത്തതും ചൂണ്ടിക്കാട്ടുന്നതില്‍ പ്രശ്‌നമില്ല. നേഴ്‌സുമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 38 ഒഴിവുകളില്‍ നിയമനം മാറ്റിവെക്കാനാണ് നിര്‍ദേശിച്ചത്. കാസര്‍കോട് ജില്ലയിലെ പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇക്കാര്യം അറിയാം. വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്. കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. കേസ് ഉള്ളത് കൊണ്ടാണ് ഒഴിവുകള്‍ മാറ്റിവെച്ചതെന്ന് അറിഞ്ഞിട്ടും പിഎസ്‌സി പൂ്‌ഴ്ത്തിവെച്ചതെന്ന് പ്രചരിപ്പിച്ചു. പഴയ റാങ്കിലിസ്റ്റിലുള്ളവരാണ് കോടതിയെ സമീപിച്ചത്. എന്തിനാണ് ഉദ്യോഗാര്‍ത്ഥികള്‍ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ഒഴിവുകള്‍ പൂഴ്ത്തിവെക്കുന്നത് ഗുരുതരമായ തെറ്റാണ്.

ഫിസിയോ തെറാപ്പി പരീക്ഷയില്‍ സെന്റര്‍ മാറ്റിക്കെടുക്കാന്‍ പറ്റില്ല. മാറ്റിക്കെടുത്താല്‍ ചോദ്യപേപ്പര്‍ മാറും. അത് അഴിമതിക്ക് കാരണമാകും. ഉദ്യോഗാര്‍ത്ഥികള്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കി അവര്‍ക്ക് ആവശ്യമായ സെന്ററുകള്‍ അനുവദിച്ചു. കൊവിഡ് കാരണമാണെങ്കില്‍ പിഎസ്‌സിക്ക് പരാതി നല്‍കുകയാണ് വേണ്ടത്. അല്ലാതെ പകരം സംവിധാനമുണ്ടാക്കുകയല്ല വഴി. കൊറോണയുടെ സമയത്ത് യുപിഎസ് സി ഇന്റര്‍വ്യുവിനായി ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ പോയില്ലേ ഉദ്യോഗാര്‍ത്ഥികള്‍. വിമാനം ഇല്ലാത്ത സമയത്ത് പകരം സംവിധാനം ഉണ്ടാക്കിയില്ലല്ലോ. നീറ്റ് പരീക്ഷ നടത്തിയിരുന്നില്ലേ. ഉദ്യോഗര്‍ത്ഥികളുണ്ടാക്കിയ ബദല്‍ സംവിധാനത്തിലൂടെ പരീക്ഷ നടത്തിയാല്‍ ഞങ്ങള്‍ക്കെതിരെയല്ലേ അഴിമതി ആരോപണം ഉയരുക.

Related Stories

No stories found.
logo
The Cue
www.thecue.in