Metoo മാതൃകയില്‍ 'പാപിച്ച', ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ വെളിപ്പെടുത്തല്‍; തുറന്നുപറച്ചിലിന് യു.സിയിലെ വിദ്യാര്‍ത്ഥികൂട്ടായ്മ

Metoo മാതൃകയില്‍ 'പാപിച്ച', ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ വെളിപ്പെടുത്തല്‍; തുറന്നുപറച്ചിലിന് യു.സിയിലെ വിദ്യാര്‍ത്ഥികൂട്ടായ്മ

കോളജ് കാമ്പസില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികഅതിക്രമവും ചൂഷണവും തുറന്നുപറയണമെന്ന കാമ്പയിനുമായി ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥിനികള്‍. യുസി കോളേജിലെ അധ്യാപകനില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമം വെളിപ്പെടുത്തിയാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ കാമ്പയിന് തുടക്കമിട്ടത്. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥിനികളും ഇപ്പോള്‍ പഠിക്കുന്നവരും ചേര്‍ന്ന് തുടക്കമിട്ട 'പാപിച്ച' എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെയാണ് കോളേജ് അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞുകൊണ്ടാണ് മീടൂ മൂവ്‌മെന്റ് മാതൃകയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ കാമ്പയിന്‍.

കോളേജ് കാന്റീനില്‍ വെച്ച് അധ്യാപകനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായും, ചോദ്യം ചെയ്തപ്പോള്‍ ആ രീതിയില്‍ എടുക്കുമെന്ന് കരുതിയില്ല എന്നും, സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയാണ് ചെയ്തതെന്നുമായിരുന്നു അധ്യാപകന്‍ പ്രതികരിച്ചതെന്നും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

മോശമായി പെരുമാറിയിട്ടും അതിലെ തെറ്റ് അംഗീകരിക്കാതെ, അത് വിദ്യാര്‍ഥിനി എടുത്ത രീതിയുടെ പ്രശ്‌നമാണെന്ന് സ്ഥാപിക്കാനായിരുന്നു അധ്യാപകന്‍ ശ്രമിച്ചതെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥിനി.

എനിക്ക് ആ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞെങ്കിലും, എനിക്ക് പകരം മറ്റൊരാള്‍ അവിടെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇപ്പോള്‍ ആ അധ്യാപകന്‍ യുസി കോളജില്‍ എച്ച്ഒഡിയാണ്, ഇനി കോളേജില്‍ പഠിക്കാനെത്തുന്ന കുട്ടികളും സമാനമായ അനുഭവം നേരിട്ടേക്കാം അതുകൊണ്ടാണ് വൈകിയാണെങ്കിലും ഇത് തുറന്ന് പറയാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥിനി

തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെ ഒരുപാട് പേരാണ് പിന്തുണയുമായി എത്തുന്നന്നതെന്ന് വിദ്യാര്‍ഥിനി 'ദ ക്യൂ'വിനോട് പറഞ്ഞു. കോളേജിന്റെ ഇന്റലക്ച്വല്‍ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഇതേ അധ്യാപകനില്‍ നിന്ന് തന്നെ മോശം പെരുമാറ്റം നേരിട്ട മറ്റ് പെണ്‍കുട്ടികള്‍ വിളിച്ച് സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു,

വിളിക്കുന്നവര്‍ പറയുന്നത് അയാളെ സൂക്ഷിക്കേണ്ടയാളാണെന്നത് കോളേജില്‍ തന്നെ സീനിയേഴ്സ് പറയാറുണ്ടായിരുന്നുവെന്നാണ്. എല്ലാവര്‍ക്കും ഇക്കാര്യം അറിയാം, പക്ഷേ അയാള്‍ ബ്രില്ല്യന്റായ ഒരു അക്കാദമിസ്റ്റാണ്, ഇന്റലക്ച്വല്‍ സ്വഭാവത്തിന്റെ ഭാഗമാണ് സ്ത്രീകളോടുള്ള ഈ പെരുമാറ്റം എന്നെല്ലാം പറഞ്ഞ് വിഷയത്തെ നോര്‍മലൈസ് ചെയ്ത് അയാളെ സപ്പോര്‍ട്ട് ചെയ്യുകയാണ് പലരും ചെയ്യാറ്.

വിദ്യാര്‍ഥിനി

കോളേജിലെ വിദ്യാര്‍ഥിനി സംഘടനകളടക്കം വിഷയത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു. നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വൈകിയാണെങ്കിലും തുറന്ന് പറയണമെന്നും എങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് അത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനും, പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാനും കഴിയുവെന്നും വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in