നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗെന്ന് യോഗക്ഷേമ സഭാ മാസിക, അയിത്തത്തിനും പ്രകീര്‍ത്തനം

നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗെന്ന് യോഗക്ഷേമ സഭാ മാസിക, അയിത്തത്തിനും പ്രകീര്‍ത്തനം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിംഗും നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലവും ഒന്നാണെന്ന് യോഗക്ഷേമസഭാ മാസിക. യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ എഡിറ്റോറിയലാണ് തീണ്ടാപ്പാടകലത്തെ പ്രകീര്‍ത്തിക്കുന്നത്. തൊട്ടുകൂടായ്മക്കൊപ്പം അയിത്തവും നല്ലതാണെന്നാണ് സ്വസ്തിയുടെ എഡിറ്റേറിയല്‍. നമ്പൂതിരിമാര്‍ ആചരിച്ചിരുന്ന ചിലതെല്ലാം നല്ലതായിരുന്നുവെന്ന് ആളുകള്‍ ഇപ്പോള്‍ പറയുന്നുണ്ടെന്നും എഡിറ്റോറിയല്‍ അവകാശപ്പെടുന്നു.

തീണ്ടാപ്പാടകലത്തിന്റെ പേരില്‍ നമ്പൂതിരി സമുദായം പഴി കേട്ടിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ ഭാഗമായി എത്ര മീറ്റര്‍ വിട്ടു നില്‍ക്കുന്നതും നല്ലതാണെന്നാണ് പുതിയ നിയമം മിനിമം ഒരു മീറ്ററാണ് നിര്‍ദേശിക്കുന്നത്. എട്ടു മീറ്റര്‍ നല്ലതാണെന്നും പറയുന്നുണ്ട്. ഈ എട്ട് മീറ്ററിനും അപ്പുറത്തായിരുന്നു നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ചായ കുടിച്ച ഗ്ലാസ് കമഴ്ത്തി വെയ്ക്കുന്നതും പുറത്ത് പോയി വന്നാല്‍ വസ്ത്രം അയിത്തക്കോലില്‍ അഴിച്ച് വെച്ച് മുങ്ങിക്കുളിക്കുന്നതും നിര്‍ബന്ധമായിരുന്നു. മറ്റൊരാള്‍ ഭക്ഷണം കഴിച്ചിരുന്നതിനാല്‍ കിണ്ണത്തില്‍ ഉണ്ണാതിരുന്നത് എത്ര കഴുകിയാലും എച്ചില്‍ പോകില്ലെന്നത് കൊണ്ടാണ്. അണുക്കലെ നശിപ്പിക്കുന്നതിനായാണ് വാട്ടിയ ഇലയില്‍ ഭക്ഷണം കഴിച്ചിരുന്നത്. സാനിറ്റൈസരും ഡെറ്റോളും ഇല്ലെങ്കിലും കുളിക്കടവില്‍ മഞ്ഞളും പുറ്റുമണ്ണും വെച്ചിരുന്നുവെന്നും എഡിറ്റോറിയലിലുണ്ട്.

ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നാണ് വിശദീകരണം. കൊറോണ വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങളെ പഴയ ശുദ്ധാശുദ്ധങ്ങള്‍ തന്നെയാണെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്. സ്വസ്തിയുടെ എഡിറ്റോറിയലിലുള്ളത് യോഗക്ഷേമ സഭയുടെ നിലപാടാണെന്ന് ചീഫ് എഡിറ്റര്‍ പത്മനാഭന്‍ നമ്പൂതിരി ദ ക്യുവിനോട് പ്രതികരിച്ചു. വൃത്തിയുള്ള മലയാളത്തില്‍ ലളിതമായി കാര്യങ്ങള്‍ എഡിറ്റോറിയലില്‍ വിശദീകരിച്ചിട്ടുണ്ടെന്നും പത്മനാഭന്‍ നമ്പൂതിരി പറഞ്ഞു.

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രമേയമാക്കി പുരോഗമന കാലസാഹിത്യ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി ഒരു തീണ്ടാപ്പാടകലെ എന്ന പേരില്‍ ഷോര്‍ട് ഫിലിം പുറത്തിറക്കിയിരുന്നു.ഇത് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in