അരിയില്‍ മായം കലര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

അരിയില്‍ മായം കലര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

മായം കലര്‍ത്തിയ അരി വിതരണത്തിനായി എത്തിയ സംഭവത്തില്‍ മില്ലുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. മില്ലുകാരെ അറിയിച്ച് നടപടിയെടുക്കാന്‍ സപ്ലൈയ്‌ക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം അരി തരണം. ഇല്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഒത്തുകളിക്കാന്‍ ആരെയും അനുവദിക്കില്ല. മായം കലര്‍ത്തരുതെന്ന് മില്ലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ വിതരണം ചെയ്യാന്‍ നല്‍കിയ അരിയില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് വഴി പരാതി ലഭിച്ചിരുന്നു.ഇത് അന്വേഷിക്കുന്നുണ്ട്. മായം കലര്‍ത്തുന്ന മില്ലിനെ കണ്ടെത്താന്‍ കഴിയും. അരിച്ചാക്കിന് മുകളില്‍ മില്ലിന്റെ പേരുണ്ടാകും.

മട്ടയരിയില്‍ തവിട് കലര്‍ത്തിയ വെള്ളയരി ചേര്‍ക്കുന്നത് കൊണ്ടാണ് ഗുണനിലവാരം കുറയുന്നത്. അങ്ങനെ ചെയ്യാന്‍ പാടില്ല. പത്ത് ശതമാനം ഇത്തരം കാര്യം സംഭവിക്കും. അരി വെള്ളത്തിലിടുമ്പോള്‍ അത് മനസിലാകും.

സംസ്ഥാനത്തെ മുഴുവന്‍ മില്ലുകാരും മായം കലര്‍ത്തുന്നില്ല. കുറച്ചാളുകള്‍ ഇത് ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. റേഷന്‍ കടകളിലേക്ക് അരി നല്‍കുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുന്നുണ്ട്. മില്ലില്‍ നിന്നും അരി എടുക്കുമ്പോഴും ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്യുമ്പോളും ഗുണനിലവാരം പരിശോധിക്കും. ഇത് മറികടന്ന് എത്തുന്ന അരിയാണ് റേഷന്‍ കടകളിലെത്തുമ്പോള്‍ പരാതിയായി വരുന്നത്. റേഷന്‍ കടകളിലാണ് ചാക്ക് അഴിച്ച് പരിശോധിക്കുന്നത്. അപ്പോള്‍ പിടികൂടി മാറ്റി തരാന്‍ മില്ലുകളോട് ആവശ്യപ്പെടാറുണ്ട്. തരാത്ത മില്ലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാറുണ്ട്.

അരിയില്‍ മായം കലര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍
മായം കലര്‍ത്തിയ അരി റേഷന്‍കട വഴി അടുക്കളയിലെത്തുന്നതെങ്ങനെ

മോശം അരിയാണെങ്കില്‍ വിതരണം ചെയ്യരുതെന്ന് റേഷന്‍കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോഡൗണുകളില്‍ പഴകിയ അരി കെട്ടികിടക്കുന്നത് മോശം അരി വിതരണം ചെയ്യരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ്. പഴയ രീതിയില്‍ ഹോള്‍സെയില്‍ വ്യാപാരികളായിരുന്നു അരി എടുത്തിരുന്നത്. വിതരണത്തിനുള്ള പകുതി അരി മാത്രം മില്ലില്‍ നിന്നും എടുക്കുകയും ബാക്കി മറിച്ച് വില്‍ക്കുകയും ചെയ്തിരുന്നു. റേഷന്‍കടകളും ഇതിന്റെ ഭാഗമായിരുന്നു. മോശം അരി വാങ്ങാന്‍ കാര്‍ഡുടമകളും തയ്യാറാവാറില്ലായിരുന്നു. മില്ലിലേക്ക് തിരിച്ചയക്കും. മൂന്നാല് തവണ കറങ്ങി അവസാനം താറാവ് കര്‍ഷകന് കൊടുത്താണ് ഇടപാട് തീര്‍ത്തിരുന്നത്. ഇത്തരം എല്ലാ വൃത്തികേടും ഭക്ഷ്യവകുപ്പില്‍ നടന്നിരുന്നു.

തീരെ പാവങ്ങളാണ് റേഷന്‍ വാങ്ങാന്‍ എത്തിയിരുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും പണമുണ്ടാക്കുന്ന വകുപ്പായി സിവില്‍സപ്ലൈസ് മാറിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തി ശക്തമായ നടപടിയെടുത്തതിന് ശേഷമാണ് റേഷന്‍ കടകളിലേക്ക് എത്തിയത്. ഇപ്പോള്‍ 99 ശതമാനം കാര്‍ഡുടമകളും ഭക്ഷ്യവസ്തുക്കള്‍ റേഷന്‍കടകളിലെത്തി വാങ്ങുന്നുണ്ട്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടികയിലേക്ക് മാറ്റി തരണമെന്നാവശ്യപ്പെട്ട് ദിവസവും ധാരാളം പേര്‍ വിളിക്കുന്നുണ്ട്. പഴയ രീതി മാറി. വളരെ വളരെ സമ്പന്നരും ഇപ്പോള്‍ വാങ്ങുന്നു. എന്റെ നാട്ടിലെ സമ്പന്നനായ വ്യക്തി അരിയും കിറ്റും വാങ്ങിയെന്ന് അഭിമാനത്തോടെ പറഞ്ഞു.

റേഷന്‍ ഷോപ്പില്‍ പോകുന്നത് മോശം കാര്യമാണെന്ന സ്ഥിതി മാറ്റിയത് ഞങ്ങള്‍ നടത്തിയ കഠിനാധ്വാനത്തെ തുടര്‍ന്നാണ്. മാധ്യമങ്ങള്‍ അതൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല.

രണ്ട് ചാക്ക് മോശം അരി പിടിച്ചാല്‍ വലിയ വാര്‍ത്തയാക്കും. ഒരു വകുപ്പിനെ നന്നാക്കിയെടുത്തതിന് നല്ല വാക്ക് പറയില്ല. തീവെട്ടിക്കൊള്ള നടന്ന കാലത്ത് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൂറ് കിലോ നെല്ലിന് 68 കിലോ അരി തരണമെന്നാണ് കേന്ദ്ര പാറ്റേണ്‍. ഈര്‍പ്പം കൂടുതലുള്ള നെല്ലാണ് കേരളത്തിലേത്. ആ സാഹചര്യം പരിഗണിച്ച് പഠനം നടത്തി 64.5 ആക്കി മാറ്റുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അത് സമ്മതിച്ചിട്ടില്ല. കേന്ദ്രം നടത്തിയ പഠനത്തില്‍ 68 കിലോ അരി കിട്ടുമെന്നാണ് പറയുന്നത്.

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ഓണത്തിന് പ്രത്യേക ചന്തകള്‍ നടത്താനാവില്ല. പകരം സംവിധാനം നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ അന്തിമ തീരുമാനം എടുക്കും. 14 പഞ്ചായത്തുകളിലാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്ലാത്തത്. ഈ സാമ്പത്തിക വര്‍ഷം അവിടെ ആരംഭിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി ഔട്ട്‌ലൈറ്റുകളെ മാറ്റും. കൊറോണ പ്രതിസന്ധിയിലും അരിക്കും അവശ്യവസ്തുക്കള്‍ക്കും വില ഉയരാത്ത സംസ്ഥാനമാണ് കേരളമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അവകാശപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in