'ആപത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതാണ് എന്റെ രാഷ്ട്രീയം'; പാമ്പ് കടിയേറ്റ കൊവിഡ് ബാധിതനായ ഒന്നര വയസ്സുകാരനെ രക്ഷിച്ച ജിനില്‍

'ആപത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതാണ് എന്റെ രാഷ്ട്രീയം'; പാമ്പ് കടിയേറ്റ കൊവിഡ് ബാധിതനായ ഒന്നര വയസ്സുകാരനെ രക്ഷിച്ച ജിനില്‍

കൊവിഡല്ല ജീവനാണ് വലുതെന്ന് ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യു. ഒന്നര വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനില്‍ മാത്യു ക്വാറന്റീനിലാണ്. കാസര്‍ഗോഡ് പാണത്തൂരിലെ ചുമ്ട്ട് തൊഴിലാളിയാണ് ജിനില്‍ മാത്യു.

ബീഹാറില്‍ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് രാത്രി പാമ്പ് കടിയേല്‍ക്കുന്നത്. രക്ഷിതാക്കളുടെ നിലവിളി കേട്ട ജിനില്‍ മാത്യു ഭാര്യക്കൊപ്പം ഓടിയെത്തി. അണലി കടിച്ചുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ജനലില്‍ തൂങ്ങിക്കിടന്ന പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ വാരിയെടുത്ത് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.

ജിനില്‍ പറയുന്നു

അയല്‍വാസികളുടെ കുഞ്ഞിനെയാണ് പാമ്പ് കടിച്ചത്. ക്വാറന്റീനില്‍ ഇരിക്കുന്ന അവര്‍ക്ക് എല്ലാ സഹായവും എത്തിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടരയോടെയാണ് നിലവിളി കേള്‍ക്കുന്നത്. ഇറങ്ങി ഓടി. എന്റെ കൊച്ച് പോകുമെന്നും പറഞ്ഞ് അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. കുഞ്ഞിന് പാമ്പ് കടിയേറ്റതായി കാണാനുണ്ട്. പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി എടുത്തു. കൊവിഡ് ഓട്ടത്തിന് പോകുന്ന ആംബുലന്‍സാണ് വിളിച്ചത്. അഞ്ച് മിനിട്ടിനുള്ളില്‍ ആംബുലന്‍സ് എത്തി. പാണത്തൂരില്‍ നിന്നും 44 കിലോമീറ്ററുണ്ട് ജില്ലാ ആശുപത്രിയിലേക്ക്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആശുപത്രിയില്‍ വിളിച്ച് എല്ലാം ഏര്‍പ്പാടാക്കിയിരുന്നു. വിഷമുള്ള ഇനം പാമ്പാണെന്നും ക്വാറന്റീനിലുള്ള കുട്ടിയായതിനാല്‍ കൊവിഡ് ഐസിയുവിലേക്ക് മാറ്റണമെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു.

പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെയും എല്ലാം സജ്ജമാക്കിയിരുന്നതിനാല്‍ താമസമുണ്ടായില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും ജാഗ്രതയോടെ ഇരുന്നു. അത് പറയാതിരിക്കാനാവില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് കുട്ടിക്ക് പാലും ബിസ്‌കറ്റും കേക്കും കൊണ്ടു കൊടുത്തു. തനിക്കും ഈ പ്രായത്തിലുള്ള കുഞ്ഞുണ്ടെന്ന് നേഴ്‌സ് പറഞ്ഞു. സ്ത്രീശബ്ദം കേട്ടതോടെ കുഞ്ഞിനും ആശ്വാസമായി. മരുന്ന് കൊടുത്തു. അന്ന് തന്നെ കൊവിഡ് ടെസ്റ്റ് നടത്തി. പിറ്റേ ദിവസം റിസല്‍ട്ട് വന്നപ്പോള്‍ പോസിറ്റീവാണെന്ന് അറിയിച്ചു. നാല് ദിവസമായി ക്വാറന്റീനിലാണ്.

ജീവന്‍ രക്ഷിക്കുന്നതില്‍ രാഷ്ട്രീയമൊന്നും വിഷയമല്ല. നാട്ടിലുള്ള ബിജെപി അനുഭാവിയും കോണ്‍ഗ്രസുകാരനുമാണ് ക്വാറന്റിനിലിരിക്കുന്ന രക്ഷിതാക്കളെ ആശുപത്രിയിലെത്തിച്ചു. വ്യത്യസ്ത രാഷ്ട്രീയമാണെങ്കിലും വ്യക്തിബന്ധമുള്ളത് കൊണ്ടാണ് വിളിച്ചപ്പോള്‍ അവര്‍ ഓടിയെത്തിയത്. അവര്‍ റൂം ക്വാറന്റീനിലാണ്. കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ലോക്കല്‍ സെക്രട്ടറി മോഹന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജിനില്‍ മാത്യുവിനെ അഭിനന്ദിച്ച് പോസ്റ്റിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in