മലയരയര്‍ ശബരിമലയില്‍ അധികാരം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ മാസ്‌ക് കൊണ്ട് മുഖം മറച്ചു, സാനിറ്റൈസറില്‍ കൈ കഴുകി- പി കെ സജീവ്

മലയരയര്‍ ശബരിമലയില്‍ അധികാരം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ മാസ്‌ക് കൊണ്ട് മുഖം മറച്ചു, സാനിറ്റൈസറില്‍ കൈ കഴുകി- പി കെ സജീവ്

ശബരിമലയില്‍ മലയരയര്‍ അവകാശം ചോദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്‌ക് കൊണ്ട് മുഖം മറച്ച് സാനിറ്റൈസറില്‍ കൈ കഴുകിയെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് ദ ക്യുവിനോട് പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമായിട്ട് 70 കൊല്ലം പിന്നിട്ടെങ്കിലും കവനന്റും രാജാധികാരവും അവകാശവും നിയമപരമായി നിലനില്‍ക്കുമെന്നാണ് ഇന്നലത്തെ സുപ്രീംകോടതി വിധി. കവനന്റും ചൂണ്ടിക്കാട്ടിയാണ് മുന്‍ പന്തളം രാജകുടുംബവും കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രം അവര്‍ക്ക് നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുമോയെന്നും പി കെ സജീവ് ചോദിച്ചു.

ആയ് രാജവംശത്തിന്റെ കാലത്താണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിച്ചത്. അത് പരിഗണിക്കുയാണെങ്കില്‍ ആയ് രാജവംശത്തിന്റെ പിന്‍തലമുറക്കാരായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കാണ് ക്ഷേത്രത്തിന്റെ അധികാരം നല്‍കേണ്ടതെന്ന് പി കെ സജീവ് ചൂണ്ടിക്കാട്ടി. ശ്രീപദ്മനാഭക്ഷേത്രത്തിലെ വിധി പോലെയാണെങ്കില്‍ ശബരിമല ക്ഷേത്രം മുന്‍ പന്തളം രാജകുടുംബത്തിന് ലഭിക്കും. ശ്രീപദ്മനാഭക്ഷേത്രത്തില്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശം ഉണ്ടെന്ന വിധിയെ സര്‍ക്കാരും പ്രതിപക്ഷവും സ്വാഗതം ചെയ്തിട്ടുണ്ട്. അങ്ങനെയൊരു നീക്കം ശബരിമലയിലും ഉണ്ടാകുമോയെന്നാണ് ചോദ്യം. ശബരിമല അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. ശബരിമലയില്‍ അവകാശം സ്ഥാപിക്കുന്നതിനായി നിയമപരമായി മുന്നോട്ട് പോകേണ്ട കാര്യമില്ല. എല്ലാ തെളിവുകളും രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് കൈമാറിയതാണ്. രേഖകളും തെളിവുകളും പഠിച്ചതിന് ശേഷം മറുപടി നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ല. മലയരന്‍മാരുടെ കാര്യം വരുമ്പോള്‍ സര്‍ക്കാര്‍ സാനിറ്റൈസര്‍ വെച്ച് കൈ കഴികും, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുന്നു.

ശബരിമല മലയരയരുടെതാണെന്ന് വാദത്തിന് പിന്നില്‍

പന്തളം കൊട്ടാരം വരുന്നതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന ജനതയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് ക്ഷേത്രമെന്നാണ് പി കെ സജീവ് പറയുന്നത്. മലയരനായിരുന്ന അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. ക്ഷേത്രവും ആചാരവും ബ്രാഹ്മണര്‍ തട്ടിയെടുക്കുകയായിരുന്നു. ചോളന്‍മാര്‍ക്കെതിരെ പോരാടിയ വീരനായിരുന്നു അയ്യപ്പന്‍. മകരസംക്രമണ ദിവസം ജ്യോതിയായി ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നത് സമാധി സമയത്ത് അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ വാക്കാണ്. അതിന്റെ സ്മരണയ്ക്കായാണ് മലയരയര്‍ മകര ജ്യോതി തെളിയിക്കുന്നത്. പന്തളം രാജാവ് അയ്യപ്പന്റെ വളര്‍ത്തച്ഛനാണെങ്കില്‍ ജന്‍മം നല്‍കിയവര്‍ മലയരയരാണ്. 1902ലാണ് ശബരിമല, കരിമല എന്നിവിടങ്ങളില്‍ നിന്നും മലയരയരെ മാറ്റി തന്ത്രി കുടുംബം അധികാരം സ്ഥാപിച്ചതെന്നാണ് വാദം.

പന്തളത്തില്‍ നിന്നും എത്രയോ കിലോമീറ്റര്‍ ദൂരത്താണ് ശബരിമല ക്ഷേത്രം. അവിടെ പോയി കൊട്ടാരത്തിലുള്ളവര്‍ ക്ഷേത്രം പണിയില്ല. ആ മലയില്‍ ജീവിച്ച ജനതയുടെതാണത്. 1943ല്‍ ശബരിമല അമ്പലത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് പരിശോധിക്കണം. 18 മലകളിലെ മറ്റ് അമ്പലങ്ങളില്‍ എന്തുകൊണ്ടാണ് പന്തളം കുടുംബം അവകാശവാദം ഉന്നയിക്കാത്തത്. അവരുണ്ടാക്കിയതല്ലെന്നത് കൊണ്ടാണ്.

മല അരയന്‍മാര്‍ താമസിച്ചിരുന്ന 18 മലകളിലും അമ്പലങ്ങളുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതും പൂജ നടത്തിയതും മല അരയന്‍മാരായിരുന്നു. കരിമല, കാളകെട്ടിമല, കള്‍ക്കിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരിമല, നിലയ്ക്കല്‍മല, നീലിമല, നാഗമല, തലപ്പാറ മല, തേവര്‍മല, മതംഗമല, ഗൗണ്ടര്‍മല, ചിറ്റമ്പലമേട്, മൈലാടുംമേട്, പൊന്നമ്പലമേട്, ശ്രീപാദമല, സുന്ദരമല, ശബരിമല എന്നിവയാണിത്. അതിനെ പ്രതിനിധാനം ചെയ്തതാണ് 18 പടികള്‍. രാജഭരണത്തിന് ശേഷം അമ്പലം സര്‍ക്കാരിന് കൈമാറി.

നിയമ പോരാട്ടത്തിനില്ല

ശബരിമലയില്‍ അവകാശം സ്ഥാപിക്കുന്നതിനായി നിയമ പോരാട്ടത്തിനില്ലെന്ന് പി കെ സജീവ് വ്യക്തമാക്കി. തിരുവിതാംകൂര്‍ കൊട്ടാരം കേസ് നടത്തിയത് പോലെ കാശ് മുടക്കാന്‍ മല അരയ സമുദായത്തിന് സാമ്പത്തിക ശേഷിയില്ല. മല അരയ സമുദായത്തിന്റെ കൈവശമുണ്ടായിരുന്ന നിലക്കല്‍, വള്ളിയാംകാവ് ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈവശപ്പെടുത്തിയതാണ്. ഈ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം കൈവശമുണ്ടായിരുന്നെങ്കില്‍ കേസ് നടത്തിപ്പിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലായിരുന്നു.

ശബരിമലയിലെ ആചാരങ്ങളിലെ അവകാശവും പുനസ്ഥാപിക്കണം. ദളിതര്‍ക്കും ഈഴവര്‍ക്കും സാംബ സമുദായക്കാര്‍ക്കും കുറവന്‍മാര്‍ക്കും അവകാശമുണ്ടായിരുന്നു. ദളിതര്‍ക്കും മല അരയര്‍ക്കും അധികാരമുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പുറത്ത് നിന്നെത്തി അധികാരം പിടിച്ചവര്‍ ചരിത്രം മാറ്റിയെഴുതിയതാണ്. അത് തിരുത്തണം.

മുന്‍രാജകുടുംബ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രൂപീകരിക്കുന്ന മാതൃകയില്‍ ശബരിമലയിലും പ്രത്യേക സമിതി വേണം. ഇക്കാര്യം സര്‍ക്കാര്‍ അടിയന്തരമായി ആലോചിക്കണം. 1950ല്‍ ശബരിമല ക്ഷേത്രം തിരികെ നല്‍കണമെന്ന് മല അരയ വിഭാഗം ആവശ്യപ്പെട്ടിരുന്നു.തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി കെ നാരായണപിള്ളയോട്് സമുദായ നേതാവായിരുന്ന കൊച്ചുരാമന്‍ കേളന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പി കെ സജീവ് ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
The Cue
www.thecue.in