പുറത്തേക്ക് പോയത് മുഖ്യമന്ത്രി വിശ്വസ്തന്‍; അകല്‍ച്ച തുടങ്ങിയത് സ്പിംഗ്‌ളറില്‍

പുറത്തേക്ക് പോയത് മുഖ്യമന്ത്രി വിശ്വസ്തന്‍; അകല്‍ച്ച തുടങ്ങിയത് സ്പിംഗ്‌ളറില്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയരുകയും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കരനെ നീക്കിയത്. സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് നടപടി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയം മുതല്‍ കൂടെയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെയാണ് കൈവിട്ടിരിക്കുന്നത്.

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കരന്‍ പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്. 2016ല്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവശങ്കറനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ കൂട്ടി. ഓഫീസുമായി ബന്ധപ്പെട്ട നിയമനങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നേറ്റോയ്ക്കും ശിവശങ്കരനും പ്രധാന പങ്കുണ്ടായിരുന്നു. ഈ അടുപ്പം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. ഫയലുകള്‍ നോക്കുന്നത് ഉള്‍പ്പെടെ എം ശിവശങ്കരനാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ പരാതി നല്‍കി. അധികാര കേന്ദ്രം ആകുന്നുവെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് എം വി ജയരാജനും അതൃപ്തി അറിയിച്ചിരുന്നു. പരാതികള്‍ വ്യാപകമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവെച്ചു. മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണറും നളിനി നെറ്റോയും സഹോദരനുമായ ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചടെയാണ് ഓഫീസ് ഫയലുകളിലെ എം ശിവശങ്കരന്റെ ഇടപെടല്‍ കുറഞ്ഞത്.

സ്പിംഗ്‌ളര്‍ വിവാദത്തോടെയാണ് മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ നിന്നും ശിവശങ്കരന്‍ പുറത്തായത്. കൊവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് നല്‍കിയെന്നതായിരുന്നു ആരോപണം. ഇതില്‍ വിവരങ്ങള്‍ ഐടി വകുപ്പ് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട പറഞ്ഞത്. പിന്നാലെ ശിവശങ്കരന്‍ അഭിമുഖം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്നതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലാക്കിയതും ശിവശങ്കരന്റെ പേരാണ് ഉയര്‍ന്ന് വന്നതോടെയാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണ് സ്വപ്‌ന ഐടി വകുപ്പിലേക്ക് എത്തുന്നത്. ഇതിന് പിന്നില്‍ ശിവശങ്കരനായിരുന്നുവെന്നാണ് സൂചന. ഐടി വകുപ്പിലെ സ്വപ്‌നയുടെ നിയമനം താന്‍ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പിന്നാലെ സിപിഎം നേതൃത്വവുമായി ആലോചിച്ച് ശിവശങ്കരനെ പുറത്താക്കി. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഐടി സെക്രട്ടറിയായിരുന്നു ശിവശങ്കരന്‍. വിരമിക്കാന്‍ മൂന്ന് വര്‍ഷം കൂടി ബാക്കിയുള്ള എം ശിവശങ്കരന്‍ ഐഎഎസ് അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ ഇലക്ഷനിലും ഇത് തിരിച്ചടിയാകുമെന്ന ആശങ്ക സിപിഎമ്മിനുള്ളിലും ശക്തമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വിശദീകരണം സര്‍ക്കാരിനും സിപിഎമ്മിനും ചെറിയ ആശ്വാസമാകും. എന്നാല്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് സര്‍ക്കാരും സിപിഎമ്മും ഇനിയും ഉത്തരം നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വപ്‌നക്കെതിരെ കേസുള്ള കാര്യം ഇന്റലിജന്‍സ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് പുതിയ ആരോപണം. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്നായിരുന്നു മെയ് മാസത്തില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇത്തരമൊരു മുന്നറിയിപ്പിന് ശേഷവും ഭരണ നേതൃത്വത്തിലെ ഉന്നതരുമായി ബന്ധം തുടരാന്‍ സ്വപ്നക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in