ആശുപത്രികളാവും ഇനി രോഗവ്യാപന കേന്ദ്രം, സമൂഹവ്യാപനമുണ്ടെന്ന് അംഗീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കെജിഎംഒഎ

ആശുപത്രികളാവും ഇനി രോഗവ്യാപന കേന്ദ്രം, സമൂഹവ്യാപനമുണ്ടെന്ന് അംഗീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കെജിഎംഒഎ

കോവിഡ് രോഗികളുടെ കണക്കുകള്‍ കാണിച്ച് സാമൂഹ്യവ്യാപനം ഇല്ലെന്ന് സമര്‍ത്ഥിക്കുന്നത് തെറ്റാണെന്ന് കെജിഎംഒഎ. ഐസിഎംആറും കേന്ദ്രസര്‍ക്കാരും ചെയ്യുന്നത് പോലെ സംസ്ഥാന സര്‍ക്കാരും അങ്ങനെ ലളിതവത്കരിക്കേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ജോസഫ് ചാക്കോ ദ ക്യുവിനോട് പറഞ്ഞു.

സാമൂഹ്യവ്യാപനം ഉണ്ടെന്ന് അംഗീകരിച്ചാലെ ജാഗ്രത കൂടുകയുള്ളു. മുന്‍കരുതലെടുക്കുന്നതില്‍ നിന്നും ആളുകള്‍ പുറകോട്ട് പോകുന്നുണ്ട്. മാസ്‌ക് പോലും ധരിക്കാന്‍ തയ്യാറാവുന്നില്ല. തെറ്റായ സന്ദേശങ്ങളല്ല ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അടുത്ത മാസങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകും.

ഉറവിടം കണ്ടെത്താനാകാത്ത മുപ്പതോളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് ഗൗരവത്തോടെ കാണണമെന്നും കെജിഎംഒഎ.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഒരാഴ്ച ഡ്യൂട്ടി,ഒരാഴ്ച വിശ്രമം എന്ന സംവിധാനം എല്ലാ ആശുപത്രികളിലും നടപ്പിലാക്കണം. കോവിഡ് ബാധിതരുണ്ടായാല്‍ ഒരുമിച്ച് ക്വാറന്റീനില്‍ പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. രണ്ടോ മൂന്നോ ലെയര്‍ സിസ്റ്റം നടപ്പാക്കണെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ ജോസഫ് ചാക്കോ പറഞ്ഞു.

ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കണം. ബീവറേജുകളിലും മാളുകളിലും ഹോട്ടലുകളിലും ഏര്‍പ്പെടുത്തിയിട്ടും ആശുപത്രികളില്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

ആശുപത്രികളാവും ഇനി രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. തിരക്ക് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപന സാധ്യത ഉയരുകയാണ്.

ആള്‍ക്കൂട്ടം ഒഴിവാക്കുകയെന്നതില്‍ നിന്നും ആളുകള്‍ പിന്നോക്കം പോയി. വൈറസ് സമൂഹത്തിലുണ്ടെന്ന ജാഗ്രത പൊതുജനങ്ങള്‍ക്ക് ഉണ്ടാകണം. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും പുറത്തിറങ്ങരുത്.

ആശുപത്രികളിലെത്തുന്ന രോഗികളെ വേര്‍തിരിച്ച് ഡോക്ടര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനം വേണം. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ അസുഖമുള്ളവര്‍ എന്നിങ്ങനെ തിരിക്കണം. രോഗികള്‍ ഒന്നിച്ച് നില്‍ക്കുന്നത് കുറയ്ക്കാന്‍ കഴിയും.

പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും പുറത്തിറങ്ങരുത്. മൊബൈല്‍ വീട്ടില്‍ വെച്ച് പുറത്തിറങ്ങുന്നവരുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്നും ഡോക്ടര്‍ ജോസഫ് ചാക്കോ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in