ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 190; വിഷുവിന് ശേഷം കടകള്‍ അടച്ചിടുമെന്ന് കച്ചവടക്കാര്‍

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 190; വിഷുവിന് ശേഷം കടകള്‍ അടച്ചിടുമെന്ന് കച്ചവടക്കാര്‍

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 190 രൂപയായി. ഇറച്ചികോഴിക്ക് ആവശ്യക്കാര്‍ കൂടിയതോടെ ഫാമുകള്‍ വില കൂട്ടിയതാണ് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.

95 രൂപയാണ് ഒരു കിലോ കോഴിക്ക് ഫാമില്‍ ഈടാക്കുന്നത്. കടകളിലെത്തുമ്പോള്‍ 105 രൂപയാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. എറണാകുളത്ത് 140 രൂപ മുതല്‍ 190 രൂപ വരെയാണ് ഇറച്ചിക്ക് വില ഈടാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനാല്‍ വില കുറച്ച് നല്‍കുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. 170 രൂപയ്ക്കാണ് കോഴിക്കോട് കോഴി ഇറച്ചി നല്‍കുന്നത്.

ലോക് ഡൗണിനിടെയും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കോഴികളെത്തുന്നുണ്ട്. 97 രൂപയാണ് തമിഴ്‌നാട്ടിലെ ഫാമുകള്‍ ഈടാക്കുന്നത്. ഇനിയും വില കൂട്ടേണ്ടി വരുമെന്നാണ് ചിക്കന്‍ വ്യാപാര സമിതി പറയുന്നത്. വിഷുവിന് ശേഷം കടകള്‍ അടച്ചിടാനാണ് ആലോചനയെന്ന് കച്ചവടക്കാര്‍ ദ ക്യുവിനോട് പറഞ്ഞു.

നഷ്ടത്തിലാണ് കച്ചവടം നടത്തുന്നതെന്ന് ചിക്കന്‍ വ്യാപാര സമിതി സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറയുന്നു. ഒരു കോഴിയെ വാങ്ങി വില്‍പ്പന നടത്താന്‍ 190 രൂപയ്ക്കടുത്ത് ചിലവ് വരുന്നുണ്ട്. ഈസ്റ്ററും വിഷുവുമായതിനാല്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് കടകള്‍ തുറക്കുന്നത്.

പക്ഷിപ്പനി സമയത്ത് കുറഞ്ഞ വിലയ്ക്കാണ് കോഴി കുഞ്ഞുങ്ങളെ ഫാമുടമകള്‍ വാങ്ങിയത്. ആവശ്യക്കാര്‍ കൂടിയതോടെ വില കൂട്ടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in