‘ട്രാന്‍സ്‌ജെന്‍ഡറായത് കൊണ്ട് അവര്‍ക്കെന്നെ ഒഴിവാക്കണമായിരുന്നു’; സര്‍ക്കാര്‍ സ്‌കൂളിലെ പഠനം അവസാനിപ്പിച്ച് ആദിവാസി വിദ്യാര്‍ത്ഥിനി 

‘ട്രാന്‍സ്‌ജെന്‍ഡറായത് കൊണ്ട് അവര്‍ക്കെന്നെ ഒഴിവാക്കണമായിരുന്നു’; സര്‍ക്കാര്‍ സ്‌കൂളിലെ പഠനം അവസാനിപ്പിച്ച് ആദിവാസി വിദ്യാര്‍ത്ഥിനി 

അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനാല്‍ പഠനം അവസാനിപ്പിച്ചതായി പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി. കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിവേദ്യയാണ് പഠനം നിര്‍ത്തി സ്വദേശമായ പത്തനംതിട്ടയിലേക്ക് മടങ്ങിയിരിക്കുന്നത്. അധ്യാപകര്‍ക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കി.

ഗവര്‍ണറുടെയും പട്ടിക വര്‍ഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിലൂടെയാണ് നിവേദ്യ പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ പ്രവേശനം നേടിയത്. പത്താംക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് പഠനം പുനരാരംഭിക്കാന്‍ കഴിഞ്ഞത്.

സ്‌കൂളില്‍ പ്രവേശനം ലഭിച്ചപ്പോള്‍ മുതല്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ആരെയും ബുദ്ധിമുട്ടിക്കാതെ പഠിച്ചോളാം എന്ന് അവരോട് നിരവധി തവണ പറഞ്ഞിരുന്നു. നിന്നെ പോലെയൊരു കുട്ടിയെ പഠിപ്പിക്കാവുന്ന സ്ഥാപനമല്ല ഇതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

നിവേദ്യ

ക്ലാസ്സില്‍ ഹാജര്‍ കുറവാണെന്നും പഠനത്തില്‍ മോശമാണെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചിരുന്നത്. മാനസിക പീഡനവും ഒറ്റപ്പെടലും സഹിക്കവയ്യാതെയായപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയെന്നും നിവേദ്യ പറയുന്നു. ഇതോടെ താമസിച്ചിരുന്ന അനാഥമന്ദിരത്തില്‍ നിന്നും പുറത്താക്കി. സ്വത്വം വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്.

അവര്‍ക്കൊന്നും എന്നെ വേണ്ട. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കി. മാനസികമായും ശാരീരികമായും ഒരുപാട് പീഡനം അനുഭവിച്ചു. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്നായപ്പോളാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

നിവേദ്യ

പഠനം നിര്‍ത്തുകയാണെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതായും നിവേദ്യ പറയുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികള്‍ തനിക്കെതിരെ പരാതി നല്‍കിയെന്നാണ് അധികൃതര്‍ ഇപ്പോള്‍ വാദിക്കുന്നത്. ഇതുവരെ അത്തരമൊരു പരാതിയില്ലായിരുന്നു. താന്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ പരാതി എങ്ങനെ ഉയര്‍ന്നുവന്നുവെന്നും നിവേദ്യ ചോദിക്കുന്നു.ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് കൊണ്ട് ക്ലാസില്‍ കൃത്യമായി ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഹോര്‍മോണ്‍ തെറാപ്പിയെടുക്കുന്ന വ്യക്തി എന്ന നിലയില്‍ തനിക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകളുണ്ട്. തെറാപ്പിയുള്ള സമയത്ത് നല്ല ക്ഷീണമുണ്ടാകും. എല്ലാ ദിവസവും ക്ലാസ്സില്‍ പോകാന്‍ കഴിയില്ല.

ബുദ്ധിമുട്ടുണ്ട്. ഹോര്‍മോണ്‍ എടുത്തില്ലെങ്കില്‍ പുഴുവരിച്ചത് പോലെ ശരീരത്തില്‍ പൊന്തിവരും. ചൊറി വന്നത് പോലെയുണ്ടാകും. ഇതെല്ലാം ആ അധ്യാപകര്‍ക്ക് അറിയാം. എന്നെ അവര്‍ക്ക് ഒഴിവാക്കണമായിരുന്നു. സമര്‍ത്ഥമായി അവരത് ചെയ്തു.

സര്‍ക്കാരിന് നേരത്തെയും പരാതി കൊടുത്തിട്ടുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നിവേദ്യ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in