ഇനി മേയ്ഡ് ഇന്‍ ആലപ്പുഴ 'മിനി കൂപ്പര്‍', ഇലക്ട്രിക് സ്‌കൂട്ടറൊരുക്കിയ രാകേഷ് ബാബു പറയുന്നു

Summary

ബീറ്റില്‍ മുതല്‍ മിനി കൂപ്പര്‍ വരെയുള്ള വണ്ടികളുടെ മിനിയേച്ചറുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ചേര്‍ത്തല സ്വദേശിയായ രാകേഷ് ബാബു.

ആലപ്പുഴ ചേര്‍ത്തല കളവംകോടുള്ള രാകേഷ് ബാബു സോഷ്യല്‍ മീഡിയയില്‍ താരമാണ്. ട്രെന്‍ഡിംഗ് വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മ്മിച്ച് നേരത്തെ തന്നെ താരമായി മാറിയ രാകേഷ് ബാബു പുതുതായി നിര്‍മ്മിച്ചത് ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്. പെട്രോള്‍ വില സെഞ്ച്വറിക്ക് മുകളിലേക്ക് പോകുമ്പോള്‍ എണ്ണയടിക്കാനും എണ്ണവിലയോര്‍ത്ത് ആശങ്കപ്പെടാനും മെനക്കെടേണ്ടാത്തൊരു വണ്ടി.

കളവംകോട്ടുകാര്‍ക്ക് സുടു ആണ് രാകേഷ് ബാബു. സുടു കസ്റ്റംസ് എന്ന പേരിലാണ് ഐടിഐയില്‍ നിന്ന് ഫിറ്ററായി പുറത്തിറങ്ങിയ രാകേഷ് ബാബുവിന്റെ ഹോംമേഡ് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. വിജയ് സൂപ്പര്‍ എന്ന സ്‌കൂട്ടറിന്റെ മാതൃകയിലാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിന്റേജ് വണ്ടികള്‍ ആളുകള്‍ മറന്നു തുടങ്ങുന്നതു കൊണ്ടാണ് ഇത്തരം ഒരു പരീക്ഷണത്തിന് വിജയ് സൂപ്പര്‍ തിരഞ്ഞെടുത്തതെന്ന് രാകേഷ് ബാബു ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ സുരേഷിന്റെ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പില്‍ ഇരുന്നാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബോഡി നിര്‍മ്മിച്ചത്. 2020 ഡിസംബറില്‍ രാകേഷ് നിര്‍മ്മിച്ച ബീറ്റില്‍ എന്ന കാറിന്റെ മിനിയേച്ചറും ശ്രദ്ധ നേടിയിരുന്നു. ചെറുപ്പം മുതലേ വണ്ടികളോട് കമ്പമുള്ള രാകേഷ് അതുമായി ബന്ധപ്പെട്ടതൊന്നും പഠിച്ചിട്ടില്ല എന്നതും കൗതുകകരമാണ്.

രാകേഷ് ബാബു
രാകേഷ് ബാബു

സുപ്ര എന്ന പഴയ സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. 250 വാട്ട്‌സിന്റെ ഹബ്ബ് മോട്ടറും, നാല് ബാറ്ററിയുമാണ് സുടു സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എട്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ ദൂരം രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. സ്വയം നിര്‍മ്മിച്ചെടുത്ത സ്‌കൂട്ടറാണെന്നു പറഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചിരുന്നില്ല. പഴയ സ്‌കൂട്ടറില്‍ പണിതതാണെന്നാണ് എല്ലാവരും വിചാരിച്ചത്. യൂട്യൂബ് ചാനലില്‍ സ്‌കൂട്ടര്‍ ഉണ്ടാക്കുന്ന വീഡിയോ പബ്ലിഷ് ചെയ്തപ്പോള്‍ ആണ് എല്ലാവരും വിശ്വസിച്ചു തുടങ്ങിയത്.

ന്യൂസ് പേപ്പറിലും ചാനലിലുമൊക്കെ വന്നതുകൊണ്ട് വഴിയില്‍ വെച്ച് കാണുമ്പോള്‍ കൈ കാണിച്ചു നിര്‍ത്തി സെല്‍ഫിയെടുക്കുന്നവരുടെ ഇടയിലാണ് രാകേഷ് ഇപ്പോള്‍. പുതിയൊരു മലയാള സിനിമക്ക് വേണ്ടി മിനി കൂപ്പറിന്റെ മിനിയേച്ചര്‍ ഒരുക്കുന്ന തിരക്കിലാണ് രാകേഷ് ഇപ്പോള്‍. അത് കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയും വലിയ വണ്ടികളുടെ ചെറിയ മോഡലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട് രാകേഷ്. രാകേഷിന്റെ വണ്ടികള്‍ അന്വേഷിച്ചും വരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല. രണ്ടരലക്ഷം രൂപയാണ് ബീറ്റിലിനെ തേടി വന്നത് പക്ഷെ തനിക്ക് ഒരു ഐഡന്റിറ്റി തന്ന വണ്ടികള്‍ കൊടുക്കുവാന്‍ രാകേഷ് ഒരുക്കമല്ല.

No stories found.
The Cue
www.thecue.in