ദിലീഷ് വാപ്പയെ നായകനായി വിളിച്ചു, പിടികൊടുത്തില്ലെന്ന് ഫഹദ് ഫാസില്‍

മലയാളിയുടെ പ്രിയ ചലച്ചിത്രകാരന്‍ ഫാസില്‍ ശക്തമായ കാരക്ടര്‍ റോളില്‍ സ്‌ക്രീനിലെത്തിയ ലൂസിഫര്‍ എന്ന സിനിമയിലാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയെ എടുത്തുവളര്‍ത്തിയ ഫാദര്‍ നെടുമ്പള്ളിയുടെ റോളില്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കുട്ട്യാലി മരക്കാര്‍ എന്ന കഥാപാത്രമായി ഫാസില്‍ അഭിനയിക്കുന്നുണ്ട്.

ദിലീഷ് പോത്തന്‍ വാപ്പയെ ഒരു സിനിമയിലേക്ക് നായകനായി വിളിച്ചിരുന്നതാണെന്നും വാപ്പ പിടികൊടുത്തില്ലെന്നും ഫഹദ് ഫാസില്‍. ഫാസിലിന്റെ അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദ ക്യു ഷോ ടൈമില്‍ ഫഹദിന്റെ മറുപടി. ലവ് സ്റ്റോറി ആയതിനാല്‍ വാപ്പ മടി കാണിച്ചെന്നും ഫഹദ്.

ഫഹദ് ഫാസില്‍ പറഞ്ഞത്

രാജു ഒരു ദിവസം വിളിച്ച് വാപ്പ എവിടെയുണ്ടെന്ന് ചോദിച്ചു. വാപ്പ വീട്ടിലായിരിക്കുമെന്ന് പറഞ്ഞു. ഞാന്‍ വിചാരിച്ചത് രാജു ലൂസിഫര്‍ തുടങ്ങുന്നത് കൊണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ വിളിക്കാനാണെന്ന്. ഓകെ എന്ന് പറഞ്ഞ് രാജു ഫോണ്‍ വച്ചു. വാപ്പ സുകുമാരന്‍ അങ്കിളുമായി ഭയങ്കര അടുപ്പമായിരുന്നു. അന്ന് വൈകിട്ട് വാപ്പ പറഞ്ഞു, രാജു വന്നത് അഭിനയിക്കുമോ എന്ന് ചോദിക്കാനാണെന്ന്, മോഹന്‍ലാലും വിളിച്ചിരുന്നു എന്നു പറഞ്ഞു. വാപ്പ എന്ത് പറഞ്ഞു എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ വാപ്പ പറഞ്ഞു, രാജുവിനോട് എനിക്ക നോ പറയാനാകില്ലെന്ന്. വാപ്പ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്ത ദിവസം രാജു രാത്രി എന്നെ വിളിച്ച് പറഞ്ഞത് കേട്ട് ഞാന്‍ സര്‍പ്രൈസ്ഡ് ആയി. എനിക്ക് വാപ്പ അഭിനയിച്ചത് കാണാന്‍ കൊതിയായി. ഞാന്‍ എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ പൃഥ്വിരാജ് വിളിച്ച് ലൂസിഫറില്‍ വാപ്പ അഭിനയിച്ച രംഗങ്ങള്‍ കാണിച്ചിരുന്നു. ഞാന്‍ എക്‌സൈറ്റഡായിരുന്നു. ദിലീഷ് പോത്തന്‍ ഒരു സിനിമയില്‍ നായകനായി വാപ്പയെ വിളിച്ചിരുന്നു. വാപ്പ പിടികൊടുത്തില്ല. വാപ്പ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനയിച്ച് കാണിച്ചുകൊടുക്കുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. വിജയ് ഒരിക്കല്‍ എന്നോട് ഇത് പറഞ്ഞിട്ടുണ്ട്.

logo
The Cue
www.thecue.in