രണ്ടര മണിക്കൂറിൽ കണ്ടുതീർക്കാൻ 12 ഹ്രസ്വചിത്രങ്ങൾ ; 'ദ ക്യൂ' യൂ ട്യൂബിൽ

രണ്ടര മണിക്കൂറിൽ കണ്ടുതീർക്കാൻ 12 ഹ്രസ്വചിത്രങ്ങൾ ; 'ദ ക്യൂ' യൂ ട്യൂബിൽ

വെബ് സീരീസുകളും ഒടിടി റിലീസുകളും ലോക്ക്ഡൗൺ കാലത്ത് വലിയ സ്വീകാര്യത നേടുമ്പോൾ മലയാളത്തിൽ നിന്നും ചില മികച്ച ഹ്രസ്വചിത്രങ്ങൾ കൂടി. അവയിൽ ലോക്ക്ഡൗൺ കാലത്തെ പരീക്ഷണ ചിത്രങ്ങളും ഉൾപ്പെടുന്നു. അവതരണ രീതിയിലെ പുതുമ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും മികച്ചു നിൽക്കുന്ന 12 ഹ്രസ്വചിത്രങ്ങളാണ് ദ ക്യൂ യൂ ട്യൂബ് റിലീസിനായി തിരഞ്ഞെടുത്തത്. ഇല്ലിത്തള്ള, കടലിലേക്കുള്ള ദൂരം, വുജാ ദേ, ബ്ലിസ്, ഏടം, വൺ ഫൈൻ ഡെ, ശേഷം, ചെക്ക് മേറ്റ്, പക, ഞാന്‍, പ്രാണന്‍, മാങ്കൂസ് എന്നിവയാണവ. രണ്ടര മണിക്കൂറിൽ കണ്ടുതീർക്കാം ഈ ചിത്രങ്ങൾ.

ഇല്ലിത്തള്ള (Duration: 14 minutes) 

നാട്ടിന്‍പുറങ്ങളില്‍ കേട്ടു പരിചയമുള്ള പ്രേതകഥകളെ ആസ്പദമാക്കി റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ഇല്ലിത്തള്ള'. സന്തോഷ് പുത്തനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭയവും മിത്തും കൂട്ടിയിണക്കി തിരക്കഥ രചിച്ചിരിക്കുന്നത് ഗണേഷ് മലയത്താണ്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും മികവ് തെളിയിച്ച ഇല്ലിത്തള്ളുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂരും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ശിവശങ്കറുമാണ്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിം​ഗ്. ആര്‍ട്ട് ഡയറക്ടര്‍ ജയദേവന്‍ അലനല്ലൂര്‍. ബൈജു പൈനാടത്ത് ആണ് സൗണ്ട് ഡിസൈന്‍, മേക്കപ്പ് മഹേഷ് ബാലാജി. ദേവന്‍ കൊപ്പം സ്റ്റോറി ഐഡിയ.

കടലിലേക്കുള്ള ദൂരം (Duration: 11 minutes)

തികച്ചും അപരിചിതരായ രണ്ട് വ്യക്തികളും, അവര്‍ക്ക് മുന്നിലുള്ള കടലും തമ്മിലുള്ള ദൂരമാണ് തോമസ് ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന 'കടലിലേക്കുള്ള ദൂര'മെന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. കുമാര്‍ദാസ്, സാം എന്നിവരാണ് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ ജോര്‍ജ് ഛായാഗ്രഹണവും ജിക്കു എം ജോഷി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു, പതിവ് ക്ലീഷേ ശൈലിയിൽ നിന്നുമാറി പരീക്ഷണാടിത്ഥാനത്തിൽ നിർമ്മിക്കപ്പെട്ട ചിത്രം കൂടിയാണ് 'കടലിലേക്കുള്ള ദൂരം'.

വുജാ ദേ (Duration: 17 minutes)

പതിമൂന്ന് വയസുകാരിയുടെ സ്വപ്‌നവും അതിനകത്ത് അവള്‍ പ്രതീക്ഷിക്കാതെ കടന്നുവരുന്ന അപരിചിതനുമായുള്ള സംഭാഷണവുമാണ് ജോബി വര്‍ഗീസ് സംവിധാനം ചെയ്ത 'വുജാ ദേ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ആതിര പട്ടേലാണ്. നടന്‍ ജിജോയ് പിആര്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോബിയും ജിജോയും ചേര്‍ന്നാണ്. നൗഷാദ് ഷെരീഫ് കാമറയും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.

ബ്ലിസ് (Duration: 5 minutes)

മനുഷ്യന്റെ ഉള്ളിലെ എല്ലാ അസ്വസ്ഥതകൾക്കും വേദനകൾക്കും മരുന്ന് പ്രകൃതിയിൽ തന്നെയുണ്ട്. ഒരു നിമിഷം എല്ലാം മറന്ന് പ്രകൃതിയെ ആസ്വദിക്കുക എന്ന സന്ദേശം പകരുകയാണ് സുജിത് സി സുന്ദരൻ സംവിധാനം ചെയ്ത 'ബ്ലിസ്' എന്ന ചിത്രം. മനസു തണുപ്പിക്കുന്ന ഒരുപിടി രം​ഗങ്ങൾ ചിത്രത്തിൽ കൊണ്ടുവരാൻ ഛായാ​ഗ്രാഹകൻ ശ്യാം പഞ്ചമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 5 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അർജുൻ ബി നായരാണ്. അതുൽ വിജയൻ ആണ് സൗണ്ട് ഇഫക്ട്സ്. ശിബു പെരിശ്ശേരി എ​ഡിറ്റിം​ഗ്. യാക്കൂബ് ഇലങ്ങോടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏടം (Duration: 18 minutes)

'എല്ലാവർക്കും ഒരു രഹസ്യമുണ്ട്', ജാബർ SAE സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'ഏടം' പറയുന്നത് അത്തരമൊരു രഹസ്യത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. മാധവൻ, ഹരി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ഏടം, ഒരു ദിവസം രാത്രിയിലെ അവരുടെ ചെറിയ യാത്രയും അതിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് അവതരിപ്പിക്കുന്നത്. മാധവനായി ബാബുവും ഹരിയായി റഷീദും അഭിനയിച്ചിരിക്കുന്നു. ഭീതിയും അസ്വാഭിവകതയും നിറഞ്ഞ രം​ഗങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിരിക്കുന്നു. തിരക്കഥയും ഛായാ​ഗ്രാഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ ജാബർ തന്നെയാണ്. ജിബിൻ ​ഗോപാൽ പശ്ചാത്തലസം​ഗീതവും ഫൈസൽ ബാബു കലാ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

വൺ ഫൈൻ ഡെ (Duration: 10 minutes)

എം ആർ വിബിൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വൺ ഫൈൻ ഡെ'. സിദ്ധാർത്ഥ, നീലാഞ്ജന എന്നീ രണ്ട് കുട്ടികളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരുടോയും ഒരു ദിവസത്തെ ഏതാനും മണിക്കൂറുളാണ് 10 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ കഥാപശ്ചാത്തലം. ദൃശ്യങ്ങൾക്കും പശ്ചാത്തലസം​ഗീതത്തിനും ഏറെ പ്രാധാന്യമുളള ചിത്രത്തിന്റെ കാമറ അരവിന്ദ് പുതുശ്ശേരിയും സം​ഗീതം മെജൊ ജോസഫും ചെയ്തിരിക്കുന്നു.

ശേഷം (Duration: 10 minutes)

പൂര്‍ണ്ണമായും ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഒരുക്കിയ ഒരു പരീക്ഷണ ചിത്രമാണ് ശ്രീഹരി സംവിധാനം ചെയത 'ശേഷം'. ലോക്ഡൗണില്‍ പലരും ഒരുക്കിയ കോമഡി- ട്രോള്‍ ഹ്രസ്വചിത്രങ്ങളില്‍ നിന്ന് മാറി സാമൂഹ്യപ്രസക്തമായ വിഷയം ലളിതമായി കൈകാര്യം ചെയ്യാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. ജിതിന്‍ കെസിയും അക്ഷയ് എ ഹരിയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചേർന്നാണ് ചിത്രത്തിനായി വീഡിയോ ഒരുക്കി നൽകിയത്.

ചെക്ക്മേറ്റ് (Duration: 7 minutes)

ഒരു സീക്രട്ട് മിഷനും അതിനായുള്ള തയ്യാറെടുപ്പുമാണ് മുരളീ കൃഷ്ണന്‍ സംവിധാനം ചെയ്ത 'ചെക്ക് മേറ്റ്' എന്ന ഹ്രസ്വചിത്രം. ചലച്ചിത്ര താരങ്ങളായ ബാലാജി ശര്‍മ്മ, കണ്ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ആനന്ദ് മന്‍മഥന്‍, ജിബിന്‍ ജി നായര്‍, ദിവാകൃഷ്ണ, വിഷ്ണു രവി രാജ്, രവിശങ്കര്‍, ആനന്ദ് ലക്ഷ്മി എന്നിവരും ചെക്ക് മേറ്റില്‍ അഭിനേതാക്കളായി എത്തുന്നു. ലോക്ക്ഡൗണിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് കൈലാഷ് എസ് ഭവനും പശ്ചാത്തല സം​ഗീതം പി എസ് ജയഹരിയും നിര്‍വഹിച്ചിരിക്കുന്നു. അനുജ് രാമചന്ദ്രന്‍, ആഷിക് ബാബു, അനന്ദു രാജന്‍, നന്ദു കൃഷ്ണ വി.ജെ, ലക്ഷ്മി എസ് കുമാര്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പക (Duration: 6 minutes)

പക വീട്ടാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ചിന്തകളിലേക്കുള്ള നുഴഞ്ഞു കയറ്റമാണ് ശംഭു മനോജ് സംവിധാനം ചെയ്ത 'പക'. രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള, അവരുടെ ചിന്തകളും പ്രവൃത്തികളും തമ്മിലടിക്കുന്ന ആറ് മിനിറ്റാണ് ചിത്രം. പൂര്‍ണമായും നരേഷനിലൂടെയാണ് ചിത്രം പോകുന്നത്. സംവിധായകന്‍ തന്നെ എഡിറ്റിംഗും സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.

ഞാന്‍ (Duration: 17 minutes) 

ഓരോ വ്യക്തിയും അവനവനുള്ളില്‍ എവിടെയോ ഒരു ലോകം തീര്‍ത്തിട്ടുണ്ട്. ആഗ്രഹങ്ങളുടെ, സ്വപ്‌നങ്ങളുടെ, പ്രണയത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എന്നിങ്ങനെ അവനു ചുറ്റുമുള്ള എല്ലാം അവന്റെ നിയന്ത്രണത്തിലാകുന്ന ലോകം, അത്തരമൊരു ലോകത്തിലേക്കുള്ള യാത്രയുടെ കുറച്ച് നിമിഷങ്ങള്‍ മാത്രമാണ് 'ഞാന്‍' എന്ന ഹ്രസ്വചിത്രം. അനന്തു അജന്തകുമാറിന്റെ തിരക്കഥയിൽ അരുണ്‍ ചന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അച്ചുദ് കൃഷ്ണനാണ് കാമറയും ലിനോയ് വർ​ഗീസ് എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്നു.

പ്രാണന്‍ (Duration: 17 minutes)

കുട്ടികളുടെ സംശയങ്ങളെ തുടർന്നുണ്ടാകുന്ന നിഷ്കളങ്കമായ ചോദ്യങ്ങള്‍ ഹാസ്യാത്മകമായും അല്ലാതെയും പല ഹ്രസ്വചിത്രങ്ങൾക്കും പ്രമേയമായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് മിലന്‍ സംവിധാനം ചെയ്ത 'പ്രാണന്‍' എന്ന ചിത്രവും. സിനിമാതാരം സരസ ബാലുശ്ശേരി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റ തിരക്കഥ രചിച്ചിരിക്കുന്നതും എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നതും മിലന്‍ തന്നെയാണ്. മൈക്കിൾ ജോസഫാണ് ഛായാ​ഗ്രാഹണം. പശ്ചാത്തല സം​ഗീതം ജിഷ്ണു ദേവ്.

മാങ്കൂസ് (Duration: 17 minutes)

ഒരു മുത്തശ്ശിയും കുറച്ചു കുട്ടികളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 17 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് 'മാങ്കൂസ്'. അനന്ദകൃഷ്ണൻ വി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിബിൻ അബ്രഹാമാണ് തിരക്കഥ. ​​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കാമറ ചെയ്തിരിക്കുന്നത് അഭിശങ്കറാണ്. അരവിന്ദ് രാജ​ഗോപാൽ പശ്ചാത്തല സം​ഗീതവും അരുൺ കുമാരൻ ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ​ഗൗരി വിനോദാണ്.

Related Stories

No stories found.
logo
The Cue
www.thecue.in