അവര്‍ക്കൊന്നും വീട്ടുകാരില്ലേ എന്ന ചോദ്യത്തോട്, നിമിഷാ സജയനെ കേന്ദ്രകഥാപാത്രമാക്കി മൃദുല്‍ നായരുടെ 'ഘര്‍ സേ'

അവര്‍ക്കൊന്നും വീട്ടുകാരില്ലേ എന്ന ചോദ്യത്തോട്, നിമിഷാ സജയനെ കേന്ദ്രകഥാപാത്രമാക്കി മൃദുല്‍ നായരുടെ 'ഘര്‍ സേ'

ലോക്ക് ഡൗണ്‍ കാലത്തും ബലാല്‍സംഗ കേസുകളും ലൈംഗിക അതിക്രമവും ഗാര്‍ഹിക പീഡനവും വര്‍ധിക്കുന്ന രാജ്യത്തിന്റെ സമകാലിക സാഹചര്യത്തെ പ്രമേയമാക്കി സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം. നിമിഷാ സജയനും സഹസംവിധായികയും അഭിനേത്രിയുമായ അംബികാ റാവുവും കേന്ദ്രകഥാപാത്രമായ 'ഘര്‍ സേ' ഹിന്ദിയിലാണ് ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ആസിഫലി നായകനായ ബിടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മൃദുല്‍ സംവിധാനം ചെയ്ത ചിത്രവുമാണ് ഘര്‍ സേ.

മുംബൈയിലെ അതിസാധാരണ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത് പ്രമേയവും രാഷ്ട്രീയവും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിട്ടുണ്ട്. മൃദുല്‍ നായര്‍ തന്നെയാണ് ഘര്‍ സേയുടെ കഥയെഴുതിയിരിക്കുന്നത്. ജെ രാമകൃഷ്ണ കുളൂര്‍ ആണ് തിരക്കഥ. ദിനേശ് പ്രഭാകര്‍ പ്രധാന കഥാപാത്രമായുണ്ട്.

നിമിഷാ സജയനും അംബികാ റാവുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പെര്‍ഫോര്‍മന്‍സിനെ കേന്ദ്രീകരിച്ചാണ് ഘര്‍ സേ കഥ പറയുന്നത്. ബി ടെക്കിന് ശേഷം പയ്യന്നൂര്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാ ഗ്രാമം എന്ന വെബ് സീരീസ് മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരുന്നു. വി കെ പ്രകാശിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ മൃദുല്‍ നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. മനോജ് കണ്ണോത്ത് ആണ് ഘര്‍ സേ എഡിറ്റിംഗ്. രംഗനാഥ് രവി സൗണ്ട് ഡിസൈനും, ബോണി എം ജോയ് സൗണ്ട് മിക്‌സിംഗ്, ശ്രീരാജ് സജി സംഗീതവും നിര്‍വഹിക്കുന്നു. സമ മസ്രീന്‍ അലിയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസര്‍. ബംഗ്ലാന്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍.

ആസിഫലിയെ നായകനാക്കിയാണ് മൃദുല്‍ നായരുടെ അടുത്ത ചിത്രം. തട്ടും വെള്ളാട്ടം. സൗബിന്‍ ഷാഹിര്‍, ഗണപതി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

The Cue
www.thecue.in